ദുബൈ: യു.എ.ഇയിൽ നിന്ന് കേരളത്തിലേക്ക് എയർ ഇന്ത്യയുടെ വലിയ വിമാനങ്ങൾ സർവിസ് നിർത്തിയതോടെ നാട്ടിലെത്താനാകാതെ കിടപ്പുരോഗികൾ. സ്ട്രച്ചർ സംവിധാനം വഴി അടിയന്തരമായി നാട്ടിലെത്തിക്കേണ്ട നിരവധിപേരാണ് നാടണയാനാകാതെ കഴിയുന്നത്. മാസത്തിൽ 15-20 രോഗികളെ സ്ട്രച്ചർ സംവിധാനം വഴി നാട്ടിലെത്തിച്ചിരുന്ന സ്ഥാനത്ത് നിലവിൽ രണ്ടോ മൂന്നോ പേരെ മാത്രമാണ് നാട്ടിലേക്കയക്കാൻ കഴിയുന്നത്. ഇതോടെ, ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിട്ടും നാട്ടിലേക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ് ഗുരുതര രോഗം ബാധിച്ച പ്രവാസികൾ.
എയർ ഇന്ത്യയുടെ വലിയ വിമാനങ്ങളിലും എമിറേറ്റ്സ് എയർലൈനിലുമാണ് കേരളത്തിലേക്ക് കിടപ്പിലായ രോഗികളെ അയച്ചിരുന്നത്. എയർ ഇന്ത്യയിൽ 11,000-13,000 ദിർഹം (2.40-2.85 ലക്ഷം രൂപ) ചെലവാകുമ്പോൾ എമിറേറ്റ്സിൽ 38,000-40,000 ദിർഹമാണ് (8.40-8.80 ലക്ഷം രൂപ) ചെലവാകുന്നത്. നിർധനരായ പ്രവാസികൾക്ക് ഇത്ര വലിയതുക താങ്ങാനാകാത്തതിനാൽ ഇന്ത്യൻ കോൺസുലേറ്റിന്‍റെ സഹായത്തോടെ എയർ ഇന്ത്യയിൽ അയക്കുന്നതായിരുന്നു പതിവ്. എന്നാൽ, കഴിഞ്ഞ മാസം എയർ ഇന്ത്യയുടെ കോഴിക്കോട് വിമാനങ്ങൾ നിർത്തിയതോടെ രോഗികൾ പ്രതിസന്ധിയിലായി. ഇതിന് പിന്നാലെ കൊച്ചിയിലേക്കുള്ള എയർ ഇന്ത്യയുടെ വലിയ വിമാനത്തിന് പകരം ചെറിയ വിമാനം ഏർപെടുത്തുകയും ചെയ്തു. നിലവിൽ യു.എ.ഇയിൽ നിന്ന് കേരളത്തിലേക്ക് സർവീസ് നടത്തുന്ന ഏക എയർ ഇന്ത്യ വിമാനം ഇതാണ്. എന്നാൽ, ചെറിയ വിമാനമായതിനാൽ മാസത്തിൽ രണ്ടോ മൂന്നോ രോഗികളെ മാത്രമാണ് ഇതിൽ കയറ്റുന്നത്. വിമാനത്തിന്‍റെ ഒമ്പത് സീറ്റുകൾ മാറ്റിവെച്ചാണ് കിടപ്പുരോഗികൾക്ക് സൗകര്യമൊരുക്കുന്നത്. കേരളത്തിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് നടത്തുന്നുണ്ടെങ്കിലും ഇതിൽ സ്ട്രച്ചർ സംവിധാനമില്ല.
വൃക്കതകരാർ, അപകടം പോലെ ഗുരുതരാവസ്ഥയിലുള്ളവരാണ് ചികിത്സ ചെലവ് കുറക്കുന്നതിന്‍റെ ഭാഗമായി നാടണയാൻ കാത്തുനിൽക്കുന്നത്. എയർ ഇന്ത്യ വിമാനത്തിൽ ചെന്നൈയിലും മുംബൈയിലും എത്തിച്ച് ആംബുലൻസിൽ റോഡ് മാർഗം കേരളത്തിൽ എത്തിക്കേണ്ട അവസ്ഥയിലാണിവർ.
ഈ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കണ്ണൂർ ഡിസ്ട്രിക്ട് എക്സ്പാറ്റ്സ് (വെയ്ക്) മുഖ്യമന്ത്രിക്കും നോർക്ക സി.ഇ.ഒക്കും നിവേദനം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.