അബൂദബി: എസ്.എസ്.എൽ.സി പരീക്ഷ തോറ്റയാൾക്ക് ഗൾഫിൽ ബാങ്ക് മാനേജരാകാൻ കഴിയുമോ? പു തുതലമുറക്ക് ഇക്കാര്യത്തിൽ സംശയമുണ്ടാകും. എന്നാൽ, ഒരിക്കലും നേടാനാവില്ലെന്നു ക രുതിയ നേട്ടം കൈവരിച്ച ഒരാളുണ്ട്. മാറഞ്ചേരി സ്വദേശി എ.ടി. അലി. പുതുതലമുറക്ക് പ്രേചാ ദന പാഠങ്ങൾ ജീവിതത്തിലൂടെ പകർന്നുനൽകിയ അലി 45 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയാണ്. ഫസ്റ്റ് അബൂദബി ബാങ്കിൽ (എഫ്.എ.ബി. 1) മർച്ചൻറ് അക്വയറിങ് ആൻഡ് ഇ-കോമേഴ്സ് മാനേജരായാണ് ‘പ്രിയരെ’ എന്ന് നാട്ടുകാർ വിശേഷിപ്പിക്കുന്ന അലി വിരമിക്കുന്നത്. മലപ്പുറം മാറഞ്ചേരി കാട്ടിൽ ഹൈദ്രു മാസ്റ്ററുടെ മകൻ എ.ടി. അലിക്ക് പുന്നയൂർക്കുളം വന്നേരി ഹൈസ്കൂളിൽനിന്ന് എസ്.എസ്.എൽ.സിക്ക് 59 മാർക്കായിരുന്നു സാമ്പാദ്യം. 16ാം വയസ്സിൽ ബന്ധുവിനൊപ്പം മുംബൈയിലേക്ക് വണ്ടി കയറി. ഇമിഗ്രേഷനില്ലാതെ ചവിട്ടിക്കയറ്റിവിട്ട ഗ്രൂപ്പിൽ 1979 മേയ് 28ന് 19ാം വയസ്സിൽ മുംബൈയിൽനിന്ന് ഷാർജയിലേക്ക് വിമാനം കയറി. അവിടെനിന്നാണ് അബൂദബിയിലെത്തിയത്. റോഡുവക്കിൽ സോപ്പ്, ചീപ്പ്, കണ്ണാടി തുടങ്ങിയ സാധന സാമഗ്രികളും വസ്ത്രങ്ങളും തുണിയിൽ നിരത്തിവെച്ച് വിൽപന നടത്തിയാണ് തൊഴിൽ ആരംഭിക്കുന്നത്. ഈ ജോലിയിൽനിന്ന് സൂപ്പർമാർക്കറ്റിലെ സാധനങ്ങൾ തലച്ചുമടായി റൂമുകളിലും വീടുകളിലും എത്തിക്കുന്ന ഡെലിവറി ബോയ് കം സെയിൽസ്മാനായി. ക്ലീനിങ് ജോലി പാർട്ട്ടൈം ആയും ചെയ്തു. അവിടെനിന്ന് ഇലക്ട്രിക്കൽ ഷോപ്പിൽ ഇലക്ട്രീഷ്യനായി. ഫാൻസി ലൈറ്റുകൾ വീടുകളിലും പള്ളികളിലും പാലസിലുമൊക്കെ ഫിറ്റ് ചെയ്യുന്ന ജോലി.
അവിടെനിന്ന് അബൂദബി നാഷനൽ ഓയിൽ കമ്പനിയുടെ (അഡ്നോക്ക്) മെയിൻ ഓഫിസിൽ മെസഞ്ചറായി. മൂന്നു വർഷത്തിനുശേഷം 1984 ആഗസ്റ്റ് 24ന് ഈ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്കു മടങ്ങി. മാറഞ്ചേരിയിൽ ഗ്ലാസ്ഹൗസ് കട തുറന്നു. ഒരു വർഷം കഴിഞ്ഞ് അബൂദബിയിലെ ഒരു കടയിൽ തിരികെയെത്തി. അബൂദബി ഇബ്നു റുഷുദ് സ്കൂളിൽ ക്ലീനിങ് ജോലിയിലേക്കായിരുന്നു അടുത്ത മാറ്റം. ജോലിയിലെ മികവുമൂലം അവിടെ ഓഫിസ് അസിസ്റ്റൻറായി.
കോർണിഷ് ആശുപത്രിയിൽ പിന്നീട് പോർട്ടറായി. മൂന്നുമാസത്തിനുശേഷം ഓഫിസ് ബോയ് ആയി സ്കൂളിൽ സ്ഥിരം ജോലി. സ്കൂളിലെ ജോലിക്കിടയിൽ മോട്ടോർ സൈക്കിൾ ലൈസൻസെടുത്തു. അതോടെ, കൊറിയർ സർവിസിൽ പുതിയ പാർട്ടൈം ജോലി ലഭിച്ചു.ഒരിക്കൽ കൊടുംചൂടിൽ വിയർത്തൊലിച്ച് മോട്ടോർ സൈക്കിളിൽ കൊറിയർ സർവിസ് നടത്തുന്നതിനിടയിൽ കണ്ട ബാങ്ക് ഉദ്യോഗസ്ഥനായ സുഹൃത്താണ് ബാങ്ക് ജോലിക്കുള്ള സാഹചര്യമൊരുക്കിയത്. 1994 മാർച്ചിൽ അബൂദബി ഹംദാൻ സ്ട്രീറ്റിലെ നാഷനൽ ബാങ്ക് ഓഫ് അബൂദബിയുടെ അക്വയറിങ് ഡിപ്പാർട്ട്മെൻറിൽ ഗ്രേഡ് രണ്ടിൽ ഓഫിസ് ബോയ് കം മെസഞ്ചറായി. ബാങ്കിലെ ഓഫിസ് കാര്യങ്ങളൊക്കെ പ്രഥമഘട്ടത്തിൽ തന്നെ കൈപ്പിടിയിലൊതുക്കി. ഇതാണ് വിജയത്തിന് തുരുപ്പുചീട്ടായത്. നല്ല ചായ കൊടുക്കാനും ഫയൽ എത്തിക്കാനും ഫോട്ടോ കോപ്പി എടുക്കാനുമെല്ലാം അലി ഒാടിനടന്നു.
ആറുവർഷത്തിനു ശേഷം 2000ൽ ഡ്രൈവറായി പ്രമോഷൻ. 2008 അവസാനം ബാങ്കിലെ അക്വയറിങ് സപ്പോർട്ട് സർവിസിൽ ക്ലർക്കായി. ഇതിനിെട ബാങ്ക് ടെസ്റ്റ് എഴുതി. 2009ൽ മർച്ചൻറ് അക്വയറിങ് ഓഫിസറായി. 2010ൽ ഈ സെക്ഷനിൽ ബിസിനസ് എക്സിക്യൂട്ടീവായി. 2012ൽ മർച്ചൻറ് അക്വയറിങ് സീനിയർ ഓഫിസർ, 2015ൽ മർച്ചൻറ് അക്വയറിങ് അസിസ്റ്റൻറ് മാനേജർ. 2017ൽ നാഷനൽ ബാങ്ക് ഓഫ് അബൂദബിയും ഫസ്റ്റ് ഗൾഫ് ബാങ്കും ലയിപ്പിച്ച് ഫസ്റ്റ് അബൂദബി ബാങ്കായതോടെ പലരുടെയും ജോലി നഷ്ടപ്പെട്ടെങ്കിലും അലിക്ക് മർച്ചൻറ് അക്വയറിങ് ആൻഡ് ഇ-കോമേഴ്സ് മാനേജരായി പ്രമോഷൻ ലഭിച്ചു. രണ്ടു വർഷത്തിലധികം മാനേജർ പദവിയിൽ ജോലി ചെയ്ത ശേഷമാണ് സർവിസിൽനിന്ന് വിരമിച്ചത്.ജീവിത വിജയത്തിനുള്ള താങ്ങും തണലും ഭാര്യ ഷാഹിതയാണ്. ആഷിക്, കമീലിയ, വാനിയ എന്നിവരാണ് മക്കൾ. ഫസ്റ്റ് അബൂദബി ബാങ്കിൽ മകൻ ആഷിക്കിനെ സെയിൽസ് ഓഫിസറാക്കാൻ കഴിഞ്ഞ ചാരിതാർഥ്യത്തിലാണ് അലി. പ്രമുഖ വ്യവസായി എം.എ. യൂസുഫലി എ.ടി. അലിയെ കുടുംബസമേതം ഓഫിസിലേക്ക് ക്ഷണിച്ചാണ് യാത്രയയപ്പ് നൽകിയത്. മാറഞ്ചേരിയിലെ യുനൈറ്റഡ്, മൈത്രി, അൽനൂർ, തണ്ണീർപന്തൽ, മുക്കാല ഡെസ്കേഴ്സ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലായി പ്രത്യേക യാത്രയയപ്പും നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.