അൽഐനിലെ പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന അൽ മുവൈജി കൊട്ടാരം
ഷാർജ: അൽ മുവൈജി ഒയാസിസിനോട് ചേർന്ന് അൽ ഐനിലെ പടിഞ്ഞാറ് ഭാഗത്ത് ഏകദേശം 100 വർഷങ്ങൾക്ക് മുമ്പ് നിർമിച്ച അൽ മുവൈജി കൊട്ടാരം നഗരത്തിലെ ചരിത്രപരമായ കെട്ടിടങ്ങളിലൊന്നാണ്. കൊട്ടാരങ്ങളും കോട്ടകളും പണിയാൻ ഇഷ്ടികകളെ ആശ്രയിച്ചിരുന്ന വാസ്തുവിദ്യയുടെ മനോഹരമായ ഉദാഹരണമാണ് കൊട്ടാരത്തിെൻറ നിർമാണം. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന അൽ ഐനിലെ സാംസ്കാരിക സൈറ്റുകളുടെ ഭാഗവുമാണ് കൊട്ടാരം.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ശൈഖ് ഖലീഫ ബിൻ സായിദ് ബിൻ ഖലീഫ അൽ നഹ്യാനാണ് കൊട്ടാരം പണിതത്. അബൂദബി ഭരണാധികാരി ശൈഖ് സായിദ് ബിൻ ഖലീഫയുടെ ഭരണകാലത്തായിരുന്നു കൊട്ടാരത്തിെൻറ നിർമാണം. വലിയ പ്രവേശന കവാടം, വിശാലമായ മജ്ലിസ് എന്നിവ കൊട്ടാരത്തിെൻറ അഴകാണ്. 3600 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ 60 മീറ്റർ ചുറ്റളവിൽ ചതുരാകൃതിയിലാണ് കൊട്ടാരം പണിതത്. ഇതിന് ചുറ്റും അഞ്ച് മീറ്റർ ഉയരത്തിൽ പ്രതിരോധ മതിൽ ഉണ്ട്, അടിഭാഗത്ത് മതിലിെൻറ കനം 950 മില്ലിമീറ്ററാണ്.
കൊട്ടാരത്തിൽ മൂന്ന് പ്രധാന ഗോപുരങ്ങളുണ്ട്, അവയിൽ ചിലത് ഭവന നിർമാണത്തിനും അൽ ഐൻ മേഖലയിലെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സർക്കാർ ഓഫിസുകൾക്കുമായി നീക്കിെവച്ചിരിക്കുന്നു. കൊട്ടാരത്തിന് പുറത്ത്, കൊട്ടാരത്തിെൻറ വാസ്തുവിദ്യാ ശൈലിക്ക് സമാനമായ ഒരു പള്ളി ഉണ്ട്. 1946ൽ അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ അൽ മുവൈജി കൊട്ടാരത്തിലേക്ക് താമസം മാറ്റുകയും അൽ ഐൻ മേഖലയിലെ അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയായി ചുമതലയേൽക്കുകയും ചെയ്തു. കൊട്ടാരം അദ്ദേഹത്തിെൻറ ഓഫിസും ഭവനവുമായിരുന്നു.
അബൂദബി സാംസ്കാരിക, ടൂറിസം വകുപ്പ് ഈ കെട്ടിടം പുനഃസ്ഥാപിക്കുകയും നവീകരിക്കുകയും, ചരിത്രപരവും സാംസ്കാരികവുമായ നിലപാടുകളിലൂടെ കൊട്ടാരത്തിെൻറ പ്രാധാന്യം നിർവചിക്കുകയും ചെയ്തുവെന്ന് അൽ ഐൻ മ്യൂസിയംസ് മാനേജർ ഖമർ സേലം അൽ കാബി പറഞ്ഞു. കൊട്ടാരത്തിെൻറ ചരിത്രത്തെക്കുറിച്ചും അതിൽ താമസിച്ചിരുന്നവരെക്കുറിച്ചും സന്ദർശകന് അറിയാൻ കഴിയും. രാജ്യത്തിെൻറ വികസന യാത്രയിലെ നിമിഷങ്ങൾ വിവരിക്കുന്ന അപൂർവ ഫോട്ടോഗ്രാഫുകളുടെ ശേഖരത്തിലൂടെ അബൂദബി ഭരണകുടുംബത്തിലെ അംഗങ്ങളുടെ ജീവിതവും അൽ മുവൈജി കൊട്ടാരവുമായുള്ള അവരുടെ അടുത്ത ബന്ധത്തെക്കുറിച്ചും ഇത് സൂചന നൽകുന്നു.
ശനി മുതൽ വ്യാഴം വരെ വർഷം മുഴുവൻ കൊട്ടാരം സന്ദർശകരെ സ്വീകരിക്കുന്നുവെന്ന് സൂചിപ്പിച്ച അൽ ഐൻ മ്യൂസിയംസ് മാനേജർ, ഖസ്ർ അൽ മുവൈജിയുടെ ചരിത്രത്തിലെ പ്രത്യേക വശങ്ങളെക്കുറിച്ച് ധാരാളം പഠിക്കാനുള്ള അവസരമുണ്ടെന്നും പറഞ്ഞു. എക്സിബിഷൻ യാർഡിന് പുറത്തുള്ള സന്ദർശകർക്ക് ചരിത്രപരമായ ഗോപുരങ്ങൾ, കൊട്ടാരത്തിെൻറ മുറ്റം, അൽ ഖസ്ർ പള്ളി എന്നിവ മതിലുകൾക്ക് പുറത്ത് കാണാൻ സാധിക്കും.
കൊട്ടാരത്തിെൻറ പുനഃസ്ഥാപന ഘട്ടങ്ങളിൽ വടക്കു പടിഞ്ഞാറൻ ഗോപുരത്തിൽ വാസയോഗ്യമായ സ്ഥലങ്ങൾ ഉണ്ടെന്ന് കണ്ടെത്തി. നോർത്ത് ഈസ്റ്റ് ടവറുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ പ്രദേശം വളരെ വലുതായതിനാൽ അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ അദ്ദേഹത്തിെൻറ കുടുംബത്തിെൻറ പ്രധാന വസതിയായി ഇവ ഉപയോഗിച്ചു. ഗോപുരത്തിെൻറ പരമ്പരാഗത വാസ്തുവിദ്യ മുറികളിൽ തണുപ്പും മനോഹരവുമായ താപനില പ്രധാനം ചെയ്യുന്നു. മുകളിലത്തെ നിലയിലെ വലിയതും അതുല്യവുമായ ജാലകങ്ങൾ കാറ്റിനെ ആകർഷിക്കുകയും പ്രകാശം പരത്തുകയും ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.