ദുബൈ: അൽ ഷിന്ദഗ കോറിഡോർ വികസന പദ്ധതിയിൽ ഉൾപ്പെടുന്ന അൽ ഖലീജ് സ്ട്രീറ്റ് തുരങ്കപാതയുടെ നിർമാണം അവസാന ഘട്ടത്തിലേക്ക്. 1650 മീറ്റർ നീളമുള്ള ടണിന്‍റെ നിർമാണം 80 ശതമാനം പൂർത്തിയായതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ദേരയിലെ ഇൻഫിനിറ്റി റാമ്പിന്‍റെ അറ്റത്തു നിന്ന് അൽ ഖലീജ് സ്ട്രീറ്റ് വരെ നീളത്തിലാണ് തുരങ്കപാത നിർമിക്കുന്നത്. ഇരു ദിശയിലേക്കും മൂന്ന് ലൈനുകളുള്ള പാതയിലൂടെ മണിക്കൂറിൽ 12,000 വാഹനങ്ങൾക്ക് കടന്നുപോകാനാകും. ഇതുവഴി ഇൻഫിനിറ്റി പാലത്തിനും ദേരക്കും ഇടയിലുള്ള ഗതാഗത നീക്കം സുഗമാവുകയും യാത്ര സമയം ഗണ്യമായി കുറയുകയും ചെയ്യും.
പദ്ധതിയുടെ ഭാഗമായി കെയ്‌റോ സ്ട്രീറ്റിലും അൽ വുഹൈദ സ്ട്രീറ്റിലുമുള്ള ജങ്ഷനുകളെ സിഗ്നൽ ജങ്ഷനുകളാക്കി മാറ്റും. കെയ്‌റോ സ്ട്രീറ്റ് മെച്ചപ്പെടുത്തുകയും ദുബൈ ഐലൻഡുകളിൽ നിന്നുള്ള റാമ്പിനെ അൽ ഖലീജ് സ്ട്രീറ്റിലെ പുതിയ തുരങ്കവുമായി അൽ മംസാറിലേക്കുള്ള വഴിയുമായി ബന്ധിപ്പിക്കുകയും ചെയ്യും. ആർ.ടി.എ നടത്തിവരുന്ന ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ഭാഗമാണ് ടണൽ നിർമാണമെന്ന് ചെയർമാൻ മതാർ അൽ തായർ പറഞ്ഞു. ശൈഖ് റാശിദ് സ്ട്രീറ്റ്, അൽ മിന സ്ട്രീറ്റ്, അൽ ഖലീജ് സ്ട്രീറ്റ്, കെയ്‌റോ സ്ട്രീറ്റ് എന്നിവിടങ്ങളിലായി 13 കിലോമീറ്റർ നീളുന്നതാണ് അൽ ഷിന്ദഗ ഇടനാഴി വികസന പദ്ധതി.
15 ഇന്‍റർസെക്ഷൻ നവീകരണവും പദ്ധതിയിൽ ഉൾപ്പെടും. ദുബൈ ഐലന്റ്സ്, വാട്ടർഫ്രണ്ട് മാർക്കറ്റ്, ദുബൈ മാരിടൈം സിറ്റി, റാശിദ് തുറമുഖം തുടങ്ങിയ ഏറ്റവും പ്രധാന താമസ മേഖലകൾക്ക് ഗുണകരമാവുന്നതാണ് പദ്ധതി. 2030ൽ പദ്ധതി പൂർത്തിയാകുന്നതോടെ ഏതാണ്ട് പത്ത് ലക്ഷം പേർക്ക് സേവനം ലഭിക്കുമെന്ന് യാത്ര സമയം 104 മിനിറ്റിൽ നിന്ന് വെറും 16 മിനിറ്റായി കുറയുമെന്നും ആർ.ടി.എ ചെയർമാൻ പറഞ്ഞു. ടണലിന്‍റെ മൊത്തം പ്രവൃത്തിയുടെ 65 ശതമാനം വരുന്ന 890 മീറ്ററിൽ സ്ട്രക്ചറൽ വർക്കുകളാണ് നിലവിൽ പൂർത്തിയായത്. 760 മീറ്റർ നീളത്തിലുള്ള രണ്ടാം ഘട്ടം പണികൾ തുടരുകയാണ്. കൂടാതെ ക്ലാഡിങ്, ലൈറ്റിങ്, ഡ്രൈനേജ് സംവിധാനം എന്നിവയുടെ പണികളും പുരോഗമിക്കുന്നു. ബാങ്ക്നോട്ട് ശൈലിയിലുള്ള ഇല്ലസ്ട്രേഷനിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് ഇമാറാത്തി കലാകാരി മറിയം ഹത്ബൂർ രൂപകൽപന ചെയ്ത ഡിസൈനാണ് ടണലിനകത്ത് ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.