ഫുജൈറയിലെത്തുന്ന വിനോദസഞ്ചാരികളുടെ സ്ഥിരം സന്ദര്‍ശന കേന്ദ്രങ്ങളാണ് ഇവിടുത്തെ കോട്ടകള്‍, ഗോപുരങ്ങള്‍, ബിദിയയിലെ പള്ളി എന്നിവ. ഫുജൈറ, ബിത്ന, സിഖംക്കം, ഔഹല എന്നിവിടങ്ങളിലാണ് പ്രധാന കോട്ടകള്‍. ഏകദേശം 250 വര്‍ഷത്തിലേറെ പഴക്കം ഇവക്കുണ്ട്. അന്നത്തെ നാട്ടു പ്രമാണിമാരുടെ താമസ സ്ഥലവും, കടല്‍ മാർഗവും മറ്റും കടന്നുവരുന്ന ശത്രുക്കളെ നിരീക്ഷിക്കുവാനും പ്രതിരോധിക്കുവാനുമുള്ള കേന്ദ്രങ്ങളും കൂടിയായിരുന്നു ഇവ.
കല്ല്, ചരല്, കളിമണ്ണ്, പുല്ല്,, ഈന്തപ്പന ഓല, ജിപ്സം എന്നിവയാണ് നിർമാണത്തിന് ഉപയോഗിച്ചത്. ഇവയുടെ സംരക്ഷണത്തിനും നവീകരണത്തിനും ഫുജൈറ പുരാവസ്തു പൈതൃക വകുപ്പ് വലിയ പ്രാധാന്യമാണ് നൽകുന്നത്. ഫുജൈറ കോട്ട, ബിദിയ പള്ളി എന്നിവ സന്ദര്‍ശിക്കുന്ന അധിക പേരുടെയും ശ്രദ്ധയില്‍ പെടാത്ത ഒന്നാണ് അല്‍ഹൈല്‍ കോട്ട. ഫുജൈറയില്‍ നിന്ന് പതിമൂന്നു കിലോമീറ്റര്‍ അകലെ തെക്ക് പടിഞ്ഞാറ് മാറി അ ല്ഹൈല് ഗ്രാമത്തിലാണ് കോട്ട സ്ഥിതി ചെയ്യുന്നത്.
താഴ്വരയില് നിന്ന് ഏകദേശം നാല്പതു മീറ്റര്‍ ഉയരത്തില്‍ 1830ല്‍ നിർമിക്കപെട്ട ഇവിടെ നിന്ന് ഗ്രാമത്തിെൻറ നാലു ഭാഗത്തേക്കും വീക്ഷിക്കാനാവും. ഇതിനോടു ചേര്‍ന്ന് ശൈഖ് അബ്ദുല്ല ബിന്‍ ഹംദാന്‍ അല്‍ ശര്‍ഖി പണി കഴിപ്പിച്ച കിടപ്പു മുറി, അടുക്കള, നമസ്ക്കാര മുറി എന്നിവയോടു കൂടിയ വലിയ വീടും തലയുയര്‍ത്തി നില്ക്കുന്നു.
തൊട്ടടുത്ത് തന്നെ ഗ്രാമ വാസികള്‍ക്ക് പ്രാര്‍ഥിക്കാന്‍ ഒരു പള്ളിയുമുണ്ട്. വന്‍ മലകളാലും, താഴ്വരകളാലും ഈന്തപ്പന തോട്ടങ്ങളാലും ചുറ്റപ്പെട്ട നില്ക്കുന്ന അല്‍ ഹൈല്‍ കോട്ട സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവം പകരുന്നതാണ്.
ദുബൈയില്‍ നിന്ന് വരുന്നവര്‍ ഫുജൈറ സിറ്റി സെൻററിന് തൊട്ടുമുമ്പുള്ള സിഗ്നലില്‍ നിന്ന് വലത്തോട്ടുള്ള റോഡിലൂടെയാണ് പോകേണ്ടത്. ഇവിടെ നിന്ന് പത്തു കിലോമീറ്റര്‍ ദൂരമാണ് കോട്ടയിലേക്ക്.ഏകദേശം അഞ്ചു കിലോമീറ്റര്‍ ദൂരം കഴിഞ്ഞാല്‍ പിന്നീടുള്ള യാത്രയിൽ നാട്ടിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്ന അനുഭൂതിയാണ് പകരുക. റോഡിനോടു ചേർന്ന വീടുകളും പെട്ടികട പോലുള്ള ഗ്രോസറിയും കടന്നാണ് യാത്ര.
പിന്നീട് കുറച്ചു ദൂരം മുന്നോട്ടു പോയാല്‍ ഇടതു ഭാഗത്ത് കൂറ്റന്‍ മലകളും വലതു ഭാഗത്ത് കുറ്റിച്ചെടികളും തോട്ടങ്ങളും പിന്നെ നാട്ടിലേതു പോലത്തെ ഇലക്ട്രിക് പോസ്റ്റുകളും വളവും തിരിവും കയറ്റവും ആയിട്ടുള്ള ഒറ്റവരി പാത, ചെന്നെത്തുന്നത് ഒരു ഡാമിലേക്കാണ്. അടുത്തിടെയായി പെയ്ത മഴയില്‍ ചെറിയ തോതില്‍ വെള്ളം നിറഞ്ഞ ഡാമിലേക്ക് മുകളില്‍ നിന്നുള്ള കാഴ്ച മനോഹരമാണ്. ഇവിടെ നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരം കൂടിയുണ്ട് കോട്ടയിലേക്ക്. ഡാമില്‍ നിന്നിറങ്ങി മുന്നോട്ടു പോകുമ്പോള്‍ മലയുടെ ഓരത്ത് ചെറിയ കയറ്റത്തോടു കൂടിയ റോഡ്. ഇവിടെ നിന്ന് താഴെക്കുള്ള കൃഷിത്തോട്ടങ്ങളിലെ കാഴ്ച ക്യാമറകളില്‍ എത്ര പകര്‍ത്തിയാലും മതിവരില്ല.
ഇവിടെ നിന്ന് അരകിലോമീറ്റര്‍ ദൂരം കഴിഞ്ഞാല്‍ അല്‍ ഹൈല്‍ കോട്ടയിലെത്തും. കോട്ടയുടെ സൂക്ഷിപ്പുകാരായ ബംഗാള്‍ സ്വദേശികള്‍ കോട്ടയെ കുറിച്ചും അതിന്റെ ചരിത്രത്തെ കുറിച്ചും വിശദീകരിച്ചു തരും.
തെരുവു വിളക്കില്ലാത്തതും വീതി കുറഞ്ഞ റോഡായതിനാലും സൂര്യാസ്തമയത്തോടെ തിരിച്ചു പോരാവുന്ന രീതിയില്‍ യാത്ര പ്ലാന്‍ ചെയ്യുന്നത് നന്നായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.