അജ്മാന്: അജ്മാൻ നഗരസഭ സ്മാർട്ട് സേവനങ്ങൾ എം.പി.ഡി.എ ആപ്ലിക്കേഷനിൽ നിന്ന് ‘അജ്മാൻ വൺ’ ആപ്ലിക്കേഷനിലേക്ക് മാറുന്നു. നഗരസഭയുമായി ബന്ധപ്പെട്ട 40ലധികം സ്മാർട്ട് സേവനങ്ങൾ ‘അജ്മാൻ വൺ’ ആപ്പിൽ ലഭ്യമാവുമെന്ന് ആസൂത്രണവകുപ്പ് ഡയറക്ടർ ജനറൽ അബ്ദുൽ റഹ്മാൻ മുഹമ്മദ് അൽ നുഐമി പറഞ്ഞു. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും എല്ലാ സർക്കാർ ഇടപാടുകളും ഒരു ആപ്ലിക്കേഷനിലൂടെ എളുപ്പത്തിലും തടസ്സമില്ലാതെയും പൂർത്തിയാക്കാനും കഴിയും.
എം.പി.ഡി.എ ആപ്ലിക്കേഷൻ ഡിസംബർ 31 മുതൽ നിർത്തലാക്കും. 2014ൽ ആണ് എം.പി.ഡി.എ ആപ്പ് അജ്മാൻ സർക്കാർ ആരംഭിച്ചത്. ഒമ്പത് വർഷത്തിനിടെ 230,000ത്തിലധികം പേരാണ് ആപ്പ് ഉപയോഗിച്ചത്. 27ലധികം ഭാഷകളിൽ സേവനങ്ങൾ നൽകിയിരുന്നു. കൂടാതെ മൂന്ന് ദശലക്ഷത്തിലധികം ഡിജിറ്റൽ ഇടപാടുകൾ ഉയർന്ന നിലവാരത്തിലും വിശ്വാസ്യതയിലും പൂർത്തീകരിക്കാൻ കഴിഞ്ഞു.
സ്മാർട്ട് വാച്ച് ആപ്ലിക്കേഷനുപുറമേ, ഡിജിറ്റൽ ഐഡന്റിറ്റി, ഡിജിറ്റൽ സീൽ, ഡിജിറ്റൽ സിഗ്നേച്ചർ എന്നിവ വാഗ്ദാനം ചെയ്യുന്ന യു.എ.ഇയിലെ ആദ്യ സർക്കാർ വകുപ്പാണ് അജ്മാൻ മുനിസിപ്പാലിറ്റിയെന്ന് അബ്ദുൽ റഹ്മാൻ മുഹമ്മദ് അൽ നുഐമി പറഞ്ഞു.ആപ്പിലൂടെ സേവനങ്ങൾ നൽകുന്നതിലൂടെ കൂടുതൽ വിജയങ്ങൾ കൈവരിക്കാൻ വകുപ്പിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ആപ്ലിക്കേഷൻ എല്ലാ പ്ലാറ്റ്ഫോമിലും ലഭ്യമാണ്. സർക്കാർ സേവനങ്ങൾ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കാൻ ആപ്പ് എല്ലാവർക്കും ഡൗൺലോഡ് ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.