‘അജ്മാന് കാള്‍സ്’ ലോഗോ പ്രകാശനം ഡോ. ഉബൈദ് അലി അൽ ശംസി നിര്‍വഹിക്കുന്നു
അജ്മാന്: പ്രവാസത്തെ ഹൃദയത്തോട് ചേർത്തുവെച്ച് സ്വീകരിച്ച അജ്മാൻ എമിറേറ്റിന്റെ വികസന മുന്നേറ്റത്തെ അടയാളപ്പെടുത്തുന്ന സംരംഭവുമായി ‘ഗൾഫ് മാധ്യമം’. മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, സാംസ്കാരിക, വിനോദ, വൈജ്ഞാനിക മേളയായ കമോൺ കേരളയുടെ ഏഴാം എഡിഷന്റെ ഭാഗമായാണ് ‘അജ്മാന് കാള്‍സ്’ എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നത്. ‘സംരംഭത്തിന്റെ ലോഗോ പ്രകാശനം അജ്മാന് നഗരസഭ ഉദ്യോഗസ്ഥനും യു.എ.ഇയിലെ പ്രമുഖ പരിസ്ഥിതി ഗവേഷകനുമായ ഡോ. ഉബൈദ് അലി അൽ ശംസി നിര്‍വഹിച്ചു.
സംരംഭത്തിന്റെ ഭാഗമായി ബിസിനസ് രംഗത്തെ കേന്ദ്രീകരിച്ച് വിവിധ പദ്ധതികളും പരിപാടികളും നടപ്പാക്കാനാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. വികസന പാതയില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കൽ, കേരളവും അജ്മാനും തമ്മിൽ ഭാവിയിൽ സാധ്യമാകുന്ന സംരംഭങ്ങൾ ചർച്ചയാകുന്ന സംഗമം തുടങ്ങിയവയാണ് ആസൂത്രണം ചെയ്യുന്നത്. അതോടൊപ്പം അജ്മാന്റെ വികസന മുന്നേറ്റത്തിൽ പങ്കാളിത്തം വഹിച്ച പ്രവാസി പ്രമുഖരെ അടയാളപ്പെടുത്തുന്ന പ്രത്യേക പതിപ്പ് ‘ഗൾഫ് മാധ്യമം’ പ്രസിദ്ധീകരിക്കും.
പ്രവാസി മലയാളികളുടെ അരനൂറ്റാണ്ടിലേറെ നീണ്ട അജ്മാനിലെ ജീവിതാനുഭവങ്ങളെ അടയാളപ്പെടുത്തുന്ന ആദ്യ ഉദ്യമം കൂടിയാകുമിത്. ഓൺലൈൻ, സമൂഹ മാധ്യമങ്ങളിലും പ്രമുഖരുടെ സംഭാവനകളെ പരിചയപ്പെടുത്തുന്ന പ്രത്യേക വിഡിയോ സ്റ്റോറികൾ പ്രസിദ്ധീകരിക്കും. അജ്മാനിലെ വിവിധ സ്ഥാപനങ്ങൾക്ക് സംരംഭത്തിന്റെ ഭാഗമാകാനുള്ള അവസരവും ഒരുക്കുന്നുണ്ട്.
മേയ് 9, 10, 11 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിലാണ് ‘കമോൺ കേരള’ ഏഴാം എഡിഷൻ അരങ്ങേറുന്നത്. ഇതിനോട് അനുബന്ധിച്ച് അജ്മാനിലെ പ്രധാന വേദിയിൽ സംഘടിപ്പിക്കുന്ന ‘അജ്മാന് കാള്‍സ്’ ചടങ്ങിന് അജ്മാനിലെ ഔദ്യോഗിക സംവിധാനങ്ങളുടെ പിന്തുണ ഉറപ്പാക്കും. ആദരിക്കൽ ചടങ്ങിൽ അറബ് പ്രമുഖരടക്കമുള്ള വ്യക്തിത്വങ്ങള്‍ പങ്കെടുക്കുകയും ചെയ്യും.
ലോഗോ പ്രകാശന ചടങ്ങില്‍ ഗള്‍ഫ് മാധ്യമം മിഡിലീസ്റ്റ് ഓപറേഷൻസ് ഡയറക്ടർ സലീം അമ്പലന്‍, മിഡിലീസ്റ്റ് എഡിറ്റോറിയൽ മേധാവി സലിഹ് കോട്ടപ്പള്ളി, അജ്മാൻ ലേഖകൻ സലീം നൂര്‍, ഡിജിറ്റൽ കോഓഡിനേറ്റർ ഹാസിഫ് നീലഗിരി തുടങ്ങിയവര്‍ സംബന്ധിച്ചു. ‘അജ്മാന് കാള്‍സ്’ സംരംഭത്തിൽ പങ്കാളിത്തം ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക: +971 50 517 0086
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.