ദുബൈ: സ്ട്രോക്ക് വന്നതിനെ തുടർന്ന് ദിവസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞയാളുടെ യാത്ര എയർ ഇന്ത്യ അധികൃതരുടെ അവഗണനയിൽ മണിക്കൂറുകളോളം വൈകി. കണ്ണൂർ സ്വദേശിയായ ഫൈസലിന്റെ യാത്രയാണ് കഴിഞ്ഞ ദിവസം പ്രയാസത്തിലായത്. ഒരു ഗ്രോസറിയിൽ ജോലി ലഭിച്ച് നാട്ടിൽനിന്നെത്തി ദിവസങ്ങൾക്കകമാണ് ഇദ്ദേഹം സ്ട്രോക്ക് ബാധിച്ച് കുഴഞ്ഞുവീണത്.
തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആരോഗ്യം അൽപം മെച്ചപ്പെട്ടതോടെ ഡോക്ടർ വീൽചെയറിൽ യാത്ര ചെയ്യാൻ അനുമതി നൽകുകയായിരുന്നു. സാമൂഹിക പ്രവർത്തക ഹാജറ വലിയകത്തിന്റെ ഇടപെടലിനെ തുടർന്ന് ദുബൈ മാഹി മുസ്ലിം അസോസിയേഷനാണ് ചൊവ്വാഴ്ചത്തേക്ക് എയർ ഇന്ത്യ വിമാനത്തിൽ യാത്രക്ക് ടിക്കറ്റ് എടുത്തത്. കൂടെ ഒരാൾ പോകണമെന്ന ഡോക്ടറുടെ നിർദേശത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ അഭ്യർഥന നടത്തിയിരുന്നു. ഇതറിഞ്ഞ കാസർകോട് സ്വദേശി അഖിൽ ചന്ദ്രൻ തയാറായി എത്തുകയും ചെയ്തു.
എന്നാൽ, യാത്രക്ക് ഒന്നര മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തിയെങ്കിലും സമയം കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി എയർ ഇന്ത്യ അധികൃതർ തിരിച്ചയക്കുകയായിരുന്നുവെന്ന് ഹാജറ പറഞ്ഞു. 1.15ന് പുറപ്പെടുന്ന വിമാനത്തിലേക്ക് 11.45ന് മുമ്പുതന്നെ ഇവർ എത്തിയിരുന്നു. ആശുപത്രിയിൽനിന്ന് എത്തിച്ച രോഗിയാണെന്ന് പറഞ്ഞിട്ടും കാരുണ്യം കാണിച്ചില്ലെന്നും ആവശ്യമായ സമയമുണ്ടായിട്ടും ഒരാനുകൂല്യവും നൽകിയില്ലെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. എയർ ഇന്ത്യ ഡ്യൂട്ടി മാനേജറോട് സംസാരിച്ചപ്പോൾ ഒരുനിലക്കും സഹകരിച്ചില്ലെന്നും ഇവർ ആരോപിക്കുന്നു. 4300 ദിർഹം ചെലവഴിച്ചാണ് എയർ ഇന്ത്യയുടെ ബിസിനസ് ക്ലാസിൽ ടിക്കറ്റ് എടുത്തിരുന്നത്. യാത്ര മുടങ്ങിയതോടെ ഫൈസലിനെ ഒരു വീട്ടിലേക്കു മാറ്റുകയായിരുന്നു.
പിന്നീട് ഷാർജയിൽനിന്ന് മറ്റൊരു വിമാനത്തിൽ ടിക്കറ്റെടുത്ത് മണിക്കൂറുകൾക്കു ശേഷമാണ് നാട്ടിലെത്തിച്ചത്. ദുബൈ ഹെൽത്ത്കെയർ സിറ്റിയിലെ മെഡി ക്ലിനിക് സിറ്റി ഹോസ്പിറ്റലിൽ ദിവസങ്ങളോളം ചികിത്സയിൽ കഴിഞ്ഞ ഇദ്ദേഹത്തിന്റെ ബിൽ തുക ആശുപത്രി അധികൃതർ എഴുതിത്തള്ളിയിരുന്നു. സാമ്പത്തിക പ്രയാസത്തിലുള്ള രോഗിയെന്ന പരിഗണനപോലും എയർ ഇന്ത്യ നൽകിയില്ലെന്നും ഹാജറ വലിയകത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.