അബൂദബി: കാലാവസ്ഥ വ്യതിയാനവും ജല ഗുണമേന്മയും നിരീക്ഷിക്കുന്നതിന് നിര്‍മിതബുദ്ധി സംവിധാനം വികസിപ്പിച്ച് ന്യൂയോര്‍ക്ക് യൂനിവേഴ്സിറ്റി അബൂദബിയിലെ ഗവേഷകര്‍. സാഹചര്യങ്ങള്‍ വിലയിരുത്താനും പ്രവചിക്കാനും തീരുമാനങ്ങള്‍ കൈക്കൊള്ളാനും കഴിയുന്ന നിര്‍മിതബുദ്ധി സംവിധാനമാണ് ഗവേഷകര്‍ വികസിപ്പിച്ചിരിക്കുന്നത്.
കൃത്യതയോടെയും വേഗത്തിലും വിപുലമായ പരിസ്ഥിതി ഡാറ്റകള്‍ വിശകലനം ചെയ്യുക, ഭാവിയിലെ പരിസ്ഥിതി മാറ്റങ്ങള്‍ പ്രവചിക്കുക, പ്രകൃതിവിഭവ ഉപയോഗം മെച്ചപ്പെടുത്തുക, പാരിസ്ഥിതിക തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുക എന്നിവയാണ് സംവിധാനത്തിന്റെ ലക്ഷ്യങ്ങള്‍. ഉപഗ്രഹങ്ങളില്‍ നിന്നുള്ള വിപുലമായ ഡാറ്റകള്‍ എ.ഐ സംവിധാനത്തിലൂടെ അപഗ്രഥിച്ച് വായു, ജല ഗുണമേന്മയും വന ആരോഗ്യവും മനസ്സിലാക്കാനും വെള്ളപ്പൊക്കമടക്കമുള്ള സാഹചര്യങ്ങളുണ്ടാവാനുള്ള സാധ്യത വിലയിരുത്താനും സംവിധാനത്തിന് കഴിയും. കാട്ടുതീ, ജലമലിനീകരണം എന്നിവ പ്രവചിക്കാന്‍ ഈ സംവിധാനത്തിന് കഴിയുമെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. കൃഷികളില്‍ കീടനാശിനികളുടെയും വെള്ളത്തിന്റെയും ഉപയോഗം കുറയ്ക്കാനും സഹായിക്കും. ചതുപ്പ് നിലങ്ങളില്‍ ജലത്തിന്റെ ഒഴുക്ക് നിരീക്ഷിക്കാനും വരള്‍ച്ച പ്രവചിക്കാനും പരിസ്ഥിതി സൗഹൃദമായ ജലവിതരണം മെച്ചപ്പെടുത്താനും സംവിധാനം സഹായിക്കും.
സംരക്ഷിത മേഖലകളിലെ വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെയും കൈയേറ്റങ്ങളും കണ്ടെത്താനും എ.ഐ സംവിധാനം ഡ്രോണ്‍, നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ വിശകലനം ചെയ്യുന്നതിലൂടെ സഹായിക്കും. സ്മാര്‍ട്ട് നഗരങ്ങളിലും കെട്ടിടങ്ങളിലും നിര്‍മിതബുദ്ധി ഉപയോഗിച്ച് ഊര്‍ജ ഉപയോഗം കൈകാര്യം ചെയ്യുകയും അനാവശ്യ ഉപയോഗം കുറക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.