ഷാർജ: ഷാർജയിലെ പൊതുഗതാഗത സംവിധാനങ്ങളിൽ സുരക്ഷ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി ബസുകളിലും ടാക്സികളിലും എ.ഐ കാമറകൾ ഘടിപ്പിച്ചു. ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (എസ്.ആർ.ടി.എ) നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. നഗരത്തിന് പുറത്തേക്ക് സർവീസ് നടത്തുന്ന ഇന്‍റർസിറ്റി ബസുകളിൽ 10 എ.ഐ കാമറകൾ വീതവും ടാക്സികളിൽ അഞ്ച് കാമറകൾ വീതവുമാണ് സ്ഥാപിച്ചിരിക്കുന്നത്.
വാഹനങ്ങളുടെ അകത്തും പുറത്തുമായി ക്രമീകരിച്ചിരിക്കുന്ന ഈ കാമറകൾ റോഡിലെ സാഹചര്യങ്ങളും ഡ്രൈവർമാരുടെ പെരുമാറ്റവും യാത്രക്കാരുടെ നീക്കങ്ങളും കൃത്യമായി നിരീക്ഷിക്കും.
റോഡിലെ തടസ്സങ്ങൾ, കാൽനടയാത്രക്കാർ, വശങ്ങളിലൂടെയുള്ള ഓവർടേക്കിങ് എന്നിവ വേഗത്തിൽ തിരിച്ചറിയാൻ ഈ അത്യാധുനിക സംവിധാനത്തിന് സാധിക്കും. ഡ്രൈവർമാരുടെ ശ്രദ്ധക്കുറവ് നിരീക്ഷിക്കുന്നതോടൊപ്പം അപകടങ്ങൾ ഉണ്ടായാൽ ഉടൻ അധികൃതർക്ക് തത്സമയ വിവരം നൽകാനും ഇവക്ക്കഴിയും. ബസുകളിലെ യാത്രക്കാരുടെ എണ്ണം നിർണയിക്കാനും യാത്രക്കാർ വാഹനങ്ങളിൽ മറന്നുവെക്കുന്ന സാധനങ്ങൾ എളുപ്പത്തിൽ കണ്ടെത്താനും സ്മാർട്ട് കാമറകൾ സഹായിക്കും.
രാജ്യാന്തര നിലവാരത്തിലുള്ള സുരക്ഷിതമായ ഗതാഗത സംവിധാനം പടുത്തുയർത്തുന്നതിന്‍റെ ഭാഗമായാണ് ഈ നടപടിയെന്ന് ആർ.ടി.എ ചെയർമാൻ യൂസഫ് ഖമീസ് അൽ ഉസ്മാനി വ്യക്തമാക്കി. അപകടങ്ങളോട് വേഗത്തിൽ പ്രതികരിക്കാനും യാത്രാസൗകര്യം വർധിപ്പിക്കാനും എ.ഐ സാങ്കേതികവിദ്യ ഉപകരിക്കുമെന്ന് ഗതാഗത വിഭാഗം ഡയറക്ടർ അബ്ദുൽ അസീസ് മുഹമ്മദ് അൽ ജർവാനും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.