അബൂദബിയിൽ ആദ്യമായി 'ഒലിവ് റിഡ്‌ലി' ആമ മുട്ടയിട്ടു

അബൂദബി: എമിറേറ്റിൽ ചരിത്രത്തിലാദ്യമായി അപൂർവ ഇനത്തിൽപ്പെട്ട 'ഒലിവ് റിഡ്‌ലി' കടലാമ മുട്ടയിട്ടതായി പരിസ്ഥിതി ഏജൻസി (ഇ.എ.ഡി) അറിയിച്ചു. സാദിയാത്ത് ദ്വീപിലാണ് അപൂർവ സന്ദർഭത്തിന് സാക്ഷ്യം വഹിച്ചത്. ഇതോടെ അബൂദബി തീരത്ത് മുട്ടയിടുന്ന മൂന്നാമത്തെ കടലാമ വർഗമായി ഒലിവ് റിഡ്‌ലി മാറി.

ഖലീഫ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് നടത്തിയ ഡി.എൻ.എ ബാർകോഡിങ് പരിശോധനയിലൂടെയാണ് ഇത് ഒലിവ് റിഡ്‌ലി വർഗത്തിൽപ്പെട്ടതാണെന്ന് പ്രഖ്യാപിച്ചത്. പരിശോധനയിൽ 99 ശതമാനം ജനിതക സാമ്യത കണ്ടെത്തി. മാർച്ച് 29ന് സാദിയാത്ത് ടർട്ടിൽ പട്രോൾ സന്നദ്ധപ്രവർത്തകരാണ് മുട്ടയിട്ടത് കണ്ടെത്തിയത്. 109 മുട്ടകളാണ് ആമ ഇട്ടിരുന്നത്. സോളാർ കാമറകളും വിദഗ്ധ നിരീക്ഷണവും ഉപയോഗിച്ച് നടത്തിയ കാവലിനൊടുവിൽ മെയ് 25ന് കുഞ്ഞുങ്ങൾ പുറത്തുവന്നു. 40 കുഞ്ഞുങ്ങൾ സുരക്ഷിതമായി സമുദ്രത്തിലെത്തി. 37 ശതമാനമാണ് വിരിയിക്കൽ വിജയനിരക്ക്. ഐ.യു.സി.എൻ റെഡ് ലിസ്റ്റിൽ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലുള്ളതാണ് ഇവ. കടലിലെ ഭക്ഷ്യശൃംഖല നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നവയാണ് ഈ ആമകൾ.

സാദിയാത്ത് ദ്വീപിലെ ആദ്യ ഒലിവ് റിഡ്‌ലി പ്രജനനം അബൂദബിയുടെ സമുദ്ര പരിസ്ഥിതിയുടെ ആരോഗ്യവും സംരക്ഷണ പ്രവർത്തനങ്ങളുടെ വിജയവുമാണ് കാണിക്കുന്നതെന്ന് പരിസ്ഥിതി ഏജൻസി സെക്രട്ടറി ജനറൽ ഡോ. ശൈഖ സാലെം അൽ ദാഹേരി പറഞ്ഞു. അബൂദബിയിൽ പ്രധാനമായും 'ഹോക്‌സ്ബിൽ' ഇനത്തിൽപ്പെട്ട കടലാമകളാണ് മുട്ടയിടാറുള്ളത്. 2023ൽ ആദ്യമായി 'ഗ്രീൻ ടർട്ടിൽ' മുട്ടയിട്ടത് രേഖപ്പെടുത്തിയിരുന്നു. ലോകത്തിലെ ഏഴ് ഇനം കടലാമകളിൽ നാലെണ്ണവും (ഹോക്‌സ്ബിൽ, ഗ്രീൻ, ലോഗർഹെഡ്, ഒലിവ് റിഡ്‌ലി) അബൂദബി കടലിൽ കാണപ്പെടുന്നുണ്ട്.

2024ലെ വ്യോമ സർവേ പ്രകാരം അബൂദബി തീരങ്ങളിൽ അയ്യായിരത്തിലധികം ആമകൾ കഴിയുന്നുണ്ടെന്നാണ് കണക്ക്. പ്രധാനമായും 17 കേന്ദ്രങ്ങളിലാണ് ഇവ പ്രജനനം നടത്തുന്നത്.

Tags:    
News Summary - First Olive Ridley turtle lays eggs in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.