അബൂദബി: അബൂദബി നാഷനൽ ഒായിൽ കമ്പനിയുടെ (അഡ്നോക്) അനുബന്ധ സ്ഥാപനങ്ങളെല്ലാം ഒരൊറ്റ ബ്രാൻഡിന് കീഴിലേക്ക് കൊണ്ടുവരുന്നു. ഇതോടനുബന്ധിച്ച് അബൂദബിയിലെ അഡ്നോക് ആസ്ഥാനത്ത് സംഘടിപ്പിച്ച ഞായറാഴ്ച ആഘോഷത്തിൽ സഹമന്ത്രിയും അഡ്നോക് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവുമായ സുൽത്താൻ ആൽ ജാബിറാണ് കമ്പനിയുടെ പുതിയ ഘടന പ്രഖ്യാപിച്ചത്. കമ്പനിയുടെ സ്രോതസ്സുകൾ, പ്രവർത്തനങ്ങൾ, പങ്കാളികൾ എന്നിവയിൽനിന്ന് പരമാവധി മൂല്യം നേടുന്നതിന് കൂടുതൽ വാണിജ്യകേന്ദ്രീകൃതവും പ്രവർത്തനക്ഷമവുമാക്കുകയാണ് ബ്രാൻഡ് ഏകീകരണത്തിെൻറ ലക്ഷ്യം.
ഇതോടെ നിലവിൽ അഡ്നോക്കിെൻറ 20 അനുബന്ധ കമ്പനികളും സംയുക്ത സംരംഭങ്ങളും ഏകീകൃത ബ്രാൻഡിന് കീഴിൽ 16 ആയി കുറയും. സകൂം ഡെവലപ്മെൻറ് കമ്പനിയും (സഡ്കോ) അബൂദബി മറൈൻ ഒാപേററ്റിങ് കമ്പനിയും (അഡ്മ^ഒപ്കോ) സംയോജിപ്പിച്ച് അഡ്നോക് ഒാഫ്ഷോർ എന്ന പേരിലായിരിക്കും ഇനി അറിയപ്പെടുക. ഇവ ഏകീകരിക്കുന്ന നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. അബൂദബി നാഷനൽ ടാങ്കർ കമ്പനി (അഡ്നാറ്റ്കോ), പെട്രോളിയം സർവീസസ് കമ്പനി (ഇസ്നാദ്), അബൂദബി പെട്രോളിയം പോർട്ട്സ് ഒാപറേറ്റിങ് കമ്പനി (ഇർശാദ്) എന്നിവ ഒന്നിപ്പിക്കാനുള്ള പ്രക്രിയകൾ കഴിഞ്ഞ വർഷം അവസാനം ആരംഭിച്ചിട്ടുണ്ട്. 4,000ത്തോളം ജീവനക്കാരാണ് ഇൗ കമ്പനികളിൽ ജോലി ചെയ്യുന്നത്. ഗ്യാസ്കോ എന്നറിയപ്പെടുന്ന അബൂദബി ഗ്യാസ് ഇൻഡസ്ട്രീസ് അഡ്നോക് ഗ്യാസ് പ്രോസസിങ് എന്ന പേരിലേക്ക് മാറ്റും. ഒാക്സിഡൻറൽ പെട്രോളിയവുമായുള്ള സംയുക്ത സംരംഭമായ അൽ ഹുസ്ൻ ഗ്യാസ് അഡ്നോക് സൂർ ഗ്യാസ് ആകും. നാഷനൽ ഡ്രില്ലിങ് കമ്പനി (എൻ.ഡി.സി) അഡ്നോക് ഡ്രില്ലിങ് എന്ന പേരിലേക്ക് മാറ്റും. അതേസമയം, ആസ്ട്രിയയിലെ ബൊറീലസുമൊത്തുള്ള പൊട്രോ കെമിക്കൽ സംയുക്ത സംഭംഭമായ ബൊറൂജിന് ബ്രാൻഡ് മാറ്റം ബാധകമാക്കില്ല. ഇൗ ബ്രാൻഡ് മേഖലയിൽ അത്രമാത്രം പ്രശസ്തി നേതിയതിനാലാണിത്.
പുരോഗമനാത്മകവും പ്രവർത്തനാധിഷ്ടിതവും വാണിജ്യകേന്ദ്രീകൃതവും നവീനവുമായ സംസ്കാരം സൃഷ്ടിക്കുന്നതിനുള്ള യത്നങ്ങളെ പിന്തുണക്കാനാണ് ഏകീകൃത ബ്രാൻഡിങ് എന്ന് സുൽത്താൻ ആൽ ജാബിർ പറഞ്ഞു. പരമ പ്രധാനമായ ഇൗ മാറ്റം അഡ്നോക്കിെൻറ വിജയത്തെ നിർവചിക്കുന്നതിനുള്ള വെല്ലുവിളിയും അവസരവും ആയേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രീകൃത നിയന്ത്രിത മാതൃകയിൽ ഒാരോ കമ്പനികൾക്കും പ്രവർത്തനത്തിന് സ്വയംഭരണാധികാരം ഉണ്ടായിരിക്കുമെന്ന് സുൽത്താൻ ആൽ ജാബിർ പറഞ്ഞു. എഫ്.എൻ.സി കാര്യ സഹമന്ത്രി നൂറ ബിൻത് മുഹമ്മദ് അൽ കഅബി,വിതരണക്കാർ, ഉപഭോക്താക്കൾ, അഡ്നോക്കിെൻറ അനുബന്ധ സ്ഥാപനങ്ങളുമായി ബിസിനസ് നടത്തുന്ന വ്യക്തികൾ, ഗ്രൂപ്പുകൾ എന്നിവരൊയൊന്നും ബ്രാൻഡ്മാറ്റം ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ സംവിധാനത്തിലേക്കുള്ള മാറ്റം ആഘോഷിച്ച് സംഘടിപ്പിച്ച പരിപാടിയിൽ 3,000ത്തോളം പേർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.