അബൂദബി: ഭൂമിയിലെ ഏറ്റവും സുരക്ഷിതമായ നഗരമായി അബൂദബിയെ തെരഞ്ഞെടുത്തു. ന്യൂമ്പിയോ വെബ്സൈറ്റ് പ്രസിദ്ധീകരിച്ച സുരക്ഷിത നഗര സൂചികയിലാണ് ഏറ്റവും സുരക്ഷയുള്ള നഗരമായി അബൂദബി തെരഞ്ഞെടുക്കപ്പെട്ടത്. ദുബൈ 11ാം സ്ഥാനം നേടി. തുടർച്ചയായ രണ്ടാം വർഷമാണ് അബൂദബി ഇൗ അംഗീകാരം നേടുന്നത്. മൊത്തം 338 നഗരങ്ങളുടെ പട്ടികയാണ് വെബ്സൈറ്റ് പ്രസിദ്ധീകരിച്ചത്. കുറഞ്ഞ കുറ്റകൃത്യങ്ങൾക്ക് പുറമെ ജീവിതച്ചെലവ്, മലിനീകരണം, യാത്രാചെലവ്, ജീവിതനിലവാരം തുടങ്ങിയ കാര്യങ്ങളും സൂചികയിൽ പരിഗണിച്ചു.
ദോഹ (ഖത്തർ), ഒസാക (ജപ്പാൻ), സിംഗപ്പൂർ (സിഗപ്പൂർ), ബേസൽ (സ്വിറ്റ്സർലൻഡ്), ക്യുബെക് സിറ്റി (കാനഡ), ടോക്യോ (ജപ്പാൻ), ബേൺ (സ്വിറ്റ്സർലൻഡ്), മ്യൂണിച്ച് (ജർമനി), ഇർവിൻ സി.എ (യു.എസ്) എന്നിവയാണ് അബൂദബിക്ക് പിന്നിൽ യഥാക്രമം സുരക്ഷിതത്വം രേഖപ്പെടുത്തിയ ഒമ്പത് നഗരങ്ങൾ.
ഇന്ത്യൻ നഗരങ്ങളായ മംഗലുരു 30, നവി മുംബൈ 34, കൊച്ചി 86, ഹൈദരാബാദ് 110, പുണെ 119, കോയമ്പത്തൂർ 121, നാഗ്പൂർ 130, ചാണ്ഡിഗഡ് 136, സൂറത്ത് 143, മുംബൈ 172, ബംഗളുരു 211, കൊൽക്കത്ത 227, ഡൽഹി 278, നോയ്ഡ 293, ഗുഡ്ഗാവ് 297 സ്ഥാനങ്ങളിലാണ്. ഹോണ്ടുറാസിലെ സാൻ പെഡ്രോ സുലയാണ് പട്ടികയിൽ ഏറ്റവും പിറകിൽ. ജൊഹാനസ്ബർഗ് (ദക്ഷിണാഫ്രിക്ക), ഡർബൻ (ദക്ഷിണാഫ്രിക്ക), ഫോർട്ടലേസ (ബ്രസീൽ), കറാകസ് (വെനിസ്വേല) എന്നിവയാണ് ഏറ്റവും അവസാന അഞ്ചിലുള്ള മറ്റു രാജ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.