അബൂദബി: തലസ്ഥാന എമിറേറ്റായ അബൂദബിയില്‍ ജനസംഖ്യ 40 ലക്ഷം കടന്നു. 2024ല്‍ ജനസംഖ്യയില്‍ 7.5 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2024 അവസാനത്തോടെ എമിറേറ്റിലെ ജനസംഖ്യ 41,35,985 ആയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ജനസംഖ്യയില്‍ 27.7 ലക്ഷം പുരുഷന്മാരും 13.7 ലക്ഷം സ്ത്രീകളുമാണുള്ളത്. ഇവരുടെ ശരാശരി പ്രായം 33 ആണെന്നും സ്റ്റാറ്റിസ്റ്റിക്സ് കേന്ദ്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. താമസക്കാരില്‍ 54 ശതമാനത്തിന്റെയും പ്രായം 25 മുതല്‍ 44 വരെയാണ്.
ബിസിനസിനും നിക്ഷേപത്തിനുമുള്ള മുന്‍നിര ആഗോള കേന്ദ്രമായി അബൂദബി മാറിയതിനെ തുടര്‍ന്നാണ് ജനസംഖ്യയില്‍ വര്‍ധനയുണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ജനസംഖ്യയില്‍ 51 ശതമാനം വര്‍ധന അബൂദബിയിലുണ്ടായി. 2014ല്‍ 27 ലക്ഷമായിരുന്നു എമിറേറ്റിലെ പൗരന്മാരുടെയും പ്രവാസികളുടെയും എണ്ണം. ഇതിനൊപ്പം സാമ്പത്തിക വളര്‍ച്ചയും എമിറേറ്റ് കൈവരിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം മൊത്ത ആഭ്യന്തര ഉൽപാദനത്തില്(ജി.ഡി.പി) 3.8 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. 1,20,000 കോടി ദിര്‍ഹമാണ് എമിറേറ്റിന്റെ ജി.ഡി.പി. ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നുള്ള പ്രതിഭകളെയും നിക്ഷേപകരെയും എമിറേറ്റിലേക്ക് ആകര്‍ഷിക്കുന്ന അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ കൈവരിച്ച വിജയമാണ് ജനസംഖ്യയിലുണ്ടാവുന്ന വര്‍ധന തെളിയിക്കുന്നതെന്ന് സ്റ്റാറ്റിസ്റ്റിക്സ് സെന്റര്‍ ചെയര്മാന് അഹമ്മദ് അല്‍ കുതബ് പറഞ്ഞു. എമിറേറ്റിലെ തൊഴില്‍ ശക്തി 27.6 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. നിര്‍മിത ബുദ്ധി, സാങ്കേതിക വിദ്യ, സാമ്പത്തിക സേവനങ്ങള്‍, നൂതന നിര്‍മാണം തുടങ്ങിയ മേഖലകളില്‍ അബൂദബി ശ്രദ്ധ കേന്ദ്രീകരിച്ചതിന്റെ ഫലമായി 2024ല്‍ പ്രഫഷനലുകളുടെ എണ്ണത്തില്‍ 6.4 ശതമാനം വളര്‍ച്ചയുണ്ടായിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.