അബൂദബി സമുദ്രമേഖല പുതിയ കുതിപ്പിലേക്ക്; 2031ഓടെ ആദ്യ 20 റാങ്കിനുള്ളില്‍ ഇടംനേടാന്‍ പദ്ധതി
അബൂദബി: ആഗോള സമുദ്രമേഖലാ റാങ്കിങ്ങില്‍ ആദ്യ 20 സ്ഥാനങ്ങളില്‍ ഇടംപിടിക്കുക എന്ന ലക്ഷ്യത്തോടെ അബൂദബി 2031ലെ സമുദ്ര പദ്ധതിയൂടെ പ്രവൃത്തികള്‍ 2027 മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ലിവെക്‌സ് 2026 വേദിയിലാണ് പ്രഖ്യാപനം ഉണ്ടായത്. 2024-ലെ ആഗോള സമുദ്ര നഗര റാങ്കിങ്ങില്‍ 22-ാം സ്ഥാനത്തെത്താന്‍ അബൂദബിക്ക് സാധിച്ചിരുന്നു. ഈ മുന്നേറ്റത്തിന്‍റെ തുടര്‍ച്ചയായാണ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്.
പരിസ്ഥിതി സൗഹൃദപരമായ ലക്ഷ്യങ്ങളെ പ്രായോഗികവും വ്യാപിപ്പിക്കാവുന്നതുമായ പദ്ധതികളാക്കി മാറ്റുന്നതിനെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചയില്‍ അബൂദബി മാരിടൈം സി.ഇ.ഒയും എ.ഡി പോര്‍ട്‌സ് ഗ്രൂപ്പ് ചീഫ് സസ്റ്റൈനബിലിറ്റി ഓഫിസറുമായ ക്യാപ്റ്റന്‍ സൈഫ് അല്‍ മിഹൈരിയാണ് പദ്ധതി വിശദാംശങ്ങള്‍ വ്യക്തമാക്കിയത്.
യു.എ.ഇയുടെ സമ്പദ്വ്യവസ്ഥയിലേക്ക് സമുദ്രമേഖല ഏകദേശം 2,900 കോടി ദിര്‍ഹം സംഭാവന ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് രാജ്യത്തിന്‍റെ എണ്ണയിതര ജി.ഡി.പിയുടെ 4.6 ശതമാനവും മൊത്തം ജി.ഡി.പിയുടെ 3.7 ശതമാനവും വരും. നിലവില്‍ 1,400ഓളം കമ്പനികളാണ് ഈ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.
ആഗോളതലത്തിലെ മുന്‍നിര സമുദ്ര നഗരങ്ങളുടെ റാങ്കിങ്ങില്‍ മികച്ച സ്ഥാനം നേടുന്നതിനായി 2020 മുതല്‍ തന്നെ അബൂദബി പ്രത്യേക പദ്ധതികള്‍ രൂപീകരിച്ചിരുന്നു. 2015ല്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോള്‍ അബൂദബി പട്ടികയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, 2022ല്‍ 33-ാം സ്ഥാനത്തോടെ അരങ്ങേറ്റം കുറിച്ച അബൂദബി കൃത്യമായ കര്‍മപദ്ധതിയിലൂടെ 2024ല്‍ 22-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ആദ്യ 20 സ്ഥാനങ്ങളില്‍ ഇടംപിടിക്കുകയാണ് ലക്ഷ്യമെന്ന് ക്യാപ്റ്റന്‍ സൈഫ് അല്‍ മിഹൈരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.