അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റിയും ഇ-ആൻഡും ധാരണപത്രത്തിൽ ഒപ്പുവെക്കുന്നു
അബൂദബി: വീടുകളിൽ അഗ്നിബാധ നേരത്തെ അറിയുന്നതിന് ‘ഹസ്സൻതുക് ഫോർ ഹോംസ്’ ഇലക്ട്രോണിക് സംവിധാനം സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നതിന് അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റിയും ഇ-ആൻഡും(ഇത്തിസലാത്ത് ആൻഡ്) സഹകരിക്കും.
വീടുകളിൽ നേരത്തെ തീപിടിത്തം തിരിച്ചറിയാനും അപകടങ്ങൾ കുറക്കാനും സംവിധാനം ഉപകരിക്കും. തീപിടിത്തം പ്രാരംഭ ഘട്ടങ്ങളിൽ തന്നെ കണ്ടെത്താൻ കഴിവുള്ള സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ ഒരുക്കുന്നതും കൺട്രോൾ റൂമുകളുമായി നേരിട്ടുള്ള കണക്റ്റിവിറ്റിയുള്ള നിർമിതബുദ്ധി സംയോജിപ്പിച്ച ഹസ്സൻതുക് സ്മാർട്ട് സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുന്നതും വീടുകളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതും പങ്കാളിത്തത്തിൽ ഉൾപ്പെടും.
ചൂട് വർധിക്കുന്ന സാഹചര്യത്തിൽ തീപിടിത്തം കൂടാനുള്ള സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തിൽ സംവിധാനം വീടുകളുടെ സുരക്ഷക്ക് വലിയ മുതൽക്കൂട്ടാവുന്നതാണ്. 2024 ജനുവരി ഒന്നുമുതൽ നിലവിലുള്ളതും നിർമാണത്തിലിരിക്കുന്നതുമായ എല്ലാ റെസിഡൻഷ്യൽ വില്ലകളിലും ഹസ്സൻതുക് സംവിധാനം സ്ഥാപിക്കുന്നത് യു.എ.ഇ മന്ത്രിസഭ നിർബന്ധമാക്കിയിരുന്നു.
2024ലെ കണക്കനുസരിച്ച്, വീടുകളിലെ ഹസ്സൻതുക് 50,000ത്തിലധികം വില്ലകളിൽ തീപിടിത്തങ്ങൾ വിജയകരമായി കണ്ടെത്തിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായി മാറുന്നതിലും ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ തീപിടിത്തങ്ങളുടെയും തീപിടിത്തവുമായി ബന്ധപ്പെട്ട മരണങ്ങളുടെയും നിരക്ക് കുറക്കുന്നതിലും ഈ സംവിധാനം സഹായിക്കുന്നുണ്ട്.
രാജ്യത്തെ അഞ്ചു ലക്ഷത്തിലധികം കെട്ടിടങ്ങളെയും സ്വകാര്യ ഭവനങ്ങളെയും ലക്ഷ്യമിടുന്ന സംവിധാനം ഇത്തരത്തിലുള്ള ഏറ്റവും വലുതും ആദ്യത്തേതുമായ പദ്ധതിയാണ്.
‘സുരക്ഷിതരാകൂ, നിങ്ങളെ സംരക്ഷിക്കൂ’ എന്നർഥമുള്ള യു.എ.ഇ ദേശീയഗാനത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഹസ്സൻതുക് സംവിധാനത്തിന് പേര് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.