പ്രകൃതിയെയും ജീവജാലങ്ങളെയും പരിപാലിച്ചു സംരക്ഷിക്കണം എന്ന് പറയാൻ എളുപ്പമാണ്, പ്രാവര്‍ത്തികമാക്കലാണ് പ്രയാസം. എന്നാൽ, യു.എ.ഇക്കൊരു ശൈലിയുണ്ട്. സുസ്ഥിരമായതും ആവാസ്ഥ വ്യവസ്ഥകളെ തകിടം മറിക്കാത്തതുമായ പദ്ധതികള്‍ ആസൂത്രണം ചെയ്തും നടപ്പാക്കിയും ലക്ഷ്യം നേടിയെടുക്കും. അത് നിലനിര്‍ത്താന്‍ ജനതയെ പ്രാപ്തരാക്കുകയും ചെയ്യും.
ഈ മണലാരണ്യത്തിലെ മരുപ്പച്ചകള്‍ താനേയുണ്ടായതല്ല. അത്രത്തോളം അര്‍പ്പണ ബോധത്തോടെ പണിയെടുത്തുണ്ടാക്കിയതാണ് ഈ അറബ് നാട്ടില്‍ നാം കാണുന്ന ഓരോ പച്ചപ്പുകളും. ഏറ്റവും നൂതനമായ ആശയങ്ങള്‍ കണ്ടെത്തുകയും അതിനെ മണല്ക്കാട്ടില് വേണ്ടവിധം പ്രയോജനപ്പെടുത്തി സാക്ഷാല്ക്കരിക്കുകയുമാണിവിടുത്തെ രീതി. മാതൃകയാക്കാനേറെയുണ്ടിവിടെ, ഇപ്പോഴിതാ പുതിയൊരു ആപ്ലിക്കേഷന്‍ പുറത്തിറക്കി മറ്റൊരു പദ്ധതിയിലേക്ക് അബൂദബി ചുവടുവയ്ക്കുകയാണ്. അബൂദബി മേഖലയില്‍ കാണുന്ന അപൂര്‍വമായ വന്യമൃഗങ്ങളെക്കുറിച്ചും സസ്യങ്ങളെക്കുറിച്ചും റിപോര്‍ട്ട് ചെയ്യാന്‍ അബൂദബി നേച്വര്‍ എന്ന പേരില്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നു. അബൂദബി പരിസ്ഥിതി ഏജന്‍സിയാണ് ഇതിനു പിന്നില്‍. സ്മാര്‍ട്ട് ഫോണുകളില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനു പുറമേ വെബ്സൈറ്റും സജ്ജമാക്കിയിട്ടുണ്ട്. അബൂദബിയില്‍ കാണപ്പെടുന്ന നാലായിരത്തോളം സസ്യങ്ങളുടെയും മൃഗങ്ങളുടെയും വിവരങ്ങള്‍ ആപ്പിലും വെബ്സൈറ്റിലും ലഭിക്കും എന്നതാണ് പ്രത്യേകത. സാദിയാത്ത് ദ്വീപില്‍ അടുത്തിടെ അറേബ്യന്‍ ചുവന്ന കുറുക്കനെയും കലമാനെയും കണ്ടെത്തിയ സംഭവം അബൂദബി നിവാസികള്‍ അധികൃതരെ അറിയിച്ചിരുന്നു.
ഇതിനു പുറമേ അബൂദബി കടലില്‍ കൊലയാളി തിമിംഗലത്തെയും വെള്ള സ്രാവിനെയും കണ്ടെത്തിയിരുന്നു. അപൂര്‍വ പക്ഷികളെ കാണുന്ന സമയത്ത് പക്ഷി നിരീക്ഷകര്‍ ഇക്കാര്യം വിവിധ വെബ്സൈറ്റുകളിലും നല്‍കിയിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ അക്കാര്യം അധികൃതരെ അറിയിക്കുന്നതിനാണ് അബൂദബി നേച്വര്‍ എന്ന വെബ്സൈറ്റും ആപ്ലിക്കേഷനും പരിസ്ഥിതി ഏജന്‍സി പുറത്തിറക്കിയത്.
രജിസ്റ്റര്‍ ചെയ്യുന്ന ഉപയോക്താക്കള്‍ക്കേ വീഡിയോയും ചിത്രങ്ങളുമൊക്കെ അബൂദബി നേച്വറില്‍ പങ്കുവയ്ക്കാന്‍ കഴിയൂ. അബൂദബി പരിസ്ഥിതി ഏജന്‍സിയിലെ വിദഗ്ധരോട് സംശയനിവാരണം നടത്താനും സൗകര്യമുണ്ട്.
അബൂദബിയിലെ പ്രകൃതിയെക്കുറിച്ചും ജീവജാലങ്ങളെക്കുറിച്ചും കുട്ടികളെയും മുതിര്‍ന്നവരെയും ഒരേപോലെ ജ്ഞാനമുള്ളവരാക്കാനും ഈ ആപ്ലിക്കേഷന്‍ കഴിയുമെന്ന് പരിസ്ഥിതി വകുപ്പിലെ എക്സിക്യൂട്ടിവ് ഡയറക്ടറായ അഹമ്മദ് ബഹറൂണ്‍ പറയുന്നു.
ബ്രൈഡ്സ് എന്നറിയപ്പെടുന്ന അപൂര്‍വ തിമിംഗലത്തെ അബൂദബി കടലില്‍ മുമ്പ് കണ്ടെത്തിയിരുന്നു. തിമിംഗലങ്ങളുടെ സാന്നിധ്യം എമിറേറ്റിലെ ജല ഗുണനിലവാരത്തെയും ഭക്ഷണ സമൃദ്ധിയെയുമാണ് സൂചിപ്പിക്കുന്നത്. ഉഷ്ണ മേഖലാ ജലത്തില്‍ പൊതുവേ കാണപ്പെടുന്ന ബലീന്‍ ഇനത്തില്‍പെട്ട ഇവ ദിവസേന 630 കിലോഗ്രാം ഭക്ഷണം കഴിക്കും. സഅദിയാത്ത് ദ്വീപില്‍ കാണപ്പെടുന്ന മാനുകള്‍ കഴിഞ്ഞദിവസമാണ് കൂട്ടത്തോടെ തെരുവിലിറങ്ങിയത്. മാനുകളുടെ ജീവന് അപകടത്തിലാവുമെന്നതിനാല്‍ ഇവയെ സുരക്ഷിതമായ ആവാസ വ്യവസ്ഥയിലേക്ക് മാറ്റിയിരിക്കുകയാണ് അധികൃതര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.