അബൂദബി: 3800ലേറെ തൊഴിലാളികള്‍ക്ക് കുടിശ്ശിക ശമ്പളം ഉടമകളില്‍ നിന്ന് വാങ്ങി നല്‍കി അബൂദബി തൊഴില്‍ കോടതി. 106 ദശലക്ഷം ദിര്‍ഹമാണ് തൊഴിലാളികള്‍ക്കെല്ലാം കൂടി ശമ്പളകുടിശ്ശികയായി ലഭിച്ചത്. 2022ലെ ആദ്യ മൂന്നുമാസത്തിനുള്ളിലാണ് അബൂദബി തൊഴില്‍ കോടതി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടുള്ള വിധി പ്രസ്താവം നടത്തിയത്. 1932 കേസുകള്‍ ലഭിച്ചതില്‍ 1893 എണ്ണം കോടതി ജനുവരിക്കും മാര്‍ച്ചിനും ഇടയില്‍ തീര്‍പ്പാക്കിയതായി അബൂദബി തൊഴില്‍ കോടതി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇതേ കാലയളവില്‍ 506 കേസുകള്‍ അപ്പീല്‍ കോടതിയിലേക്ക് അയക്കുകയും ഇതില്‍ 490 എണ്ണവും കോടതി തീര്‍പ്പാക്കി. 24,687 ഓണ്‍ലൈന്‍ പരാതി ലഭിച്ചപ്പോള്‍ ഇവയെല്ലാം തീര്‍പ്പുകല്‍പിച്ചെന്നും കോടതി അറിയിച്ചു. തൊഴിലാളികളുടെ അവകാശ സംബന്ധമായി 806 അപേക്ഷ ലഭിച്ചപ്പോള്‍ ഇവയില്‍ 97 ശതമാനത്തിനും അബൂദബി നീതിന്യായവകുപ്പിന്‍റെ ഓണ്‍ലൈന്‍ സേവനവിഭാഗം മറുപടി നല്‍കി.
തൊഴിലാളികളുടെ ശമ്പളം, താമസം കൂടാതെ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കമ്പനികള്‍ അയച്ചില്ലെങ്കില്‍ ഇവര്‍ക്ക് പിഴ ചുമത്തും. ശമ്പള സംരക്ഷണ സംവിധാനത്തിലൂടെ നിശ്ചിത തീയതിക്കുള്ളില്‍ ശമ്പളം അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരിക്കണം.
ഈ തീയതി കഴിഞ്ഞ് 10 ദിവസം കഴിഞ്ഞും ശമ്പളം നല്‍കിയില്ലെങ്കില്‍ കമ്പനിക്കെതിരെ പിഴ ചുമത്തും. ഇതുസംബന്ധമായി തൊഴിലാളികള്‍ക്ക് മാനുഷിക വിഭവ വകുപ്പിന് പരാതി നല്‍കാവുന്നതാണ്. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള പ്രശ്‌നം രമ്യമായി തീര്‍ക്കാന്‍ മന്ത്രാലയം ശ്രമിക്കുകയും ഇതിനു സാധിച്ചില്ലെങ്കില്‍ കേസ് കോടതിയിലേക്ക് വിടുകയുമാണ് ചെയ്യുക. ഇതിനു ശേഷം തൊഴിലാളികള്‍ കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യണം. തൊഴിലാളികള്‍ക്ക് സംഘമായി ഓണ്‍ലൈനായി പരാതി രജിസ്റ്റര്‍ ചെയ്യാമെങ്കിലും ഇതില്‍ എല്ലാ തൊഴിലാളികളുടെയും പേര് ഉള്‍പ്പെടുത്തിയിരിക്കണം.
പരാതി നല്‍കിയാല്‍ തൊഴില്‍ വകുപ്പ് ഉടമയെ വിവരമറിയിക്കുകയും മന്ത്രാലയം മുമ്പാകെ വാദം കേള്‍ക്കുകയും ചെയ്യും. തൊഴില്‍ കരാര്‍, വിസ, എമിറേറ്റ് ഐ.ഡി, അവസാന ശമ്പള രസീത്, സാലറി ലഭിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്ന തെളിവ് എന്നിവ തൊഴിലാളി ഹാജരാക്കേണ്ടതുണ്ട്. തൊഴില്‍ തര്‍ക്ക കേസുകള്‍ അബൂദബി കോടതികളില്‍ ഓണ്‍ലൈനായി നല്‍കുന്നതിനു പുറമെ കേസിലെ വാദം കേള്‍ക്കാന്‍ വെര്‍ച്വലായി നടത്തുന്നതിനും സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.