അബൂദബി കെ.എം.സി.സി ‘ദി കേരള ഫെസ്റ്റിന്’ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ കൊടി
ഉയർത്തിയപ്പോൾ
അബൂദബി: കെ.എം.സി.സി. ‘ദി കേരള ഫെസ്റ്റിന്’ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ പ്രൗഢമായ തുടക്കം. മൂന്നുദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിന് സെന്റർ പ്രസിഡന്റ് പി. ബാവഹാജി പതാക ഉയർത്തി.
തുടർന്ന് പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനവും നടന്നു. വിവിധ ജില്ലകളുടെ കലാ-സാംസ്കാരിക പരിപാടികളും സൂഫി കലാകാരന്മാരായ സമീർ ബിൻസിയും ഇമാം മജ്ബൂറും അവതരിപ്പിച്ച സൂഫി സംഗീതവും അരങ്ങേറി. കലാ സാംസ്കാരിക പരിപാടികൾ, കേരളത്തിലെ തനതായ നാടൻ രുചിക്കൂട്ടുകളുടെ ഫുഡ് സ്ട്രീറ്റ്, പ്രോപ്പർട്ടി, ടൂറിസം ഉൾപ്പെടെ 30ലേറെ സ്റ്റാളുകൾ സജ്ജമാക്കിയിരുന്നു.
ശനിയാഴ്ച വൈകീട്ട് നാല് മുതൽ ആറുമണിവരെ മാധ്യമ പ്രവർത്തകരായ പ്രമോദ് രാമൻ, ഷാനി പ്രഭാകർ, പി.ജി. സുരേഷ്കുമാർ, ഹാഷ്മി താജ് ഇബ്രാഹിം, മാതു സജി ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന മീഡിയ ടോക് ഷോ നടക്കും. രാത്രി എട്ടു മണിക്ക് ജനപ്രിയ കോമഡി കലാപരിപാടിയായ ‘ടീം മറിമായം’അവതരിപ്പിക്കുന്ന കോമഡി എന്റർടെയിൻമെന്റ് ഷോയും വിവിധ കലാപരിപാടികളും അരങ്ങേറും.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് മുപ്പതോളം പ്രവാസി സംഘടനകൾ ഒരുമിക്കുന്ന ‘ഡയസ്പോരാ സമ്മിറ്റ്’നടക്കും. പ്രവാസികൾ അഭിമുഖീകരിക്കുന്ന വിമാന ടിക്കറ്റ് നിരക്ക്, വിദ്യാഭ്യാസം, വോട്ടവകാശം എന്നീ വിഷയങ്ങളിൽ ചർച്ച നടക്കും.
പ്രമുഖ മാധ്യമപ്രവർത്തകൻ പി.ജി. സുരേഷ് കുമാർ മോഡറേറ്റർ ആയിരിക്കും. മെഗാ സമ്മാനമായി നൽകുന്ന കാറടക്കം നൂറോളം സമ്മാനങ്ങളുടെ കൂപ്പൺ നറുക്കെടുപ്പ് സമാപന ചടങ്ങിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.