അബൂദബി: 100 കോടി ദിര്‍ഹമിന്റെ റിയല്‍ എസ്റ്റേറ്റ് തര്‍ക്കങ്ങള്‍ തീര്‍പ്പാക്കി അബൂദബി ജുഡീഷ്യല്‍ വകുപ്പ്. വഹത് അല്‍ സവേയ, വഹത് യാസ് റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ സംബന്ധമായ സാമ്പത്തിക തര്‍ക്കങ്ങളാണ് നീതിന്യായ വകുപ്പ് തീര്‍പ്പാക്കിയത്. യു.എ.ഇ വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോർട്ടിന്റെയും അബൂദബി ജുഡീഷ്യല്‍ വകുപ്പിന്റെയും ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല് നഹ്യാന്റെ നിര്‍ദേശപ്രകാരം ഇരുപദ്ധതികളും സംബന്ധമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക ജുഡീഷ്യല്‍ സമിതി രൂപവത്കരിച്ചാണ് തര്‍ക്കങ്ങള്‍ സുതാര്യമായി തീര്‍പ്പാക്കിയത്.
വഹത് അല്‍ സവേയ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്മെന്റ് കമ്പനിക്കെതിരായ 1348 കേസുകളാണ് ജുഡീഷ്യല്‍ സമിതി പരിഹരിച്ചത്. വഹത് യാസ് റിയല്‍ എസ്റ്റേറ്റ് കമ്പനിയും വഹത് അല്‍ സവേയ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഡെവലപ്മെന്റ് കമ്പനിയും തമ്മില്‍ അല്‍ റാഹ ബീച്ച് ഏരിയയിലെ വസ്തുവിനുവേണ്ടിയുള്ള കേസും സമിതി പരിഹരിച്ചു. വഹത് അല്‍ സവേയ പദ്ധതിക്കെതിരേ ഒരു ബാങ്ക് നല്കിയ പരാതി അധികൃതര്‍ തീര്‍പ്പാക്കുകയും 36 കോടിയുടെ കടം തിരികെ നല്കാന് പുതിയ സമയക്രമം തീരുമാനിച്ചുനല്കുകയും ചെയ്തു. ചര്‍ച്ചയുടെ ഭാഗമായി നിരവധി പരാതിക്കാര്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായുള്ള ഇടപാടുകള്‍ തുടരാന്‍ സമ്മതിക്കുകയും ചെയ്തു. ഇതോടെ വഹത് അല്‍ സവേയയിലെ നിര്‍മാണ പ്രവൃത്തികള്‍ തുടരാന്‍ കമ്പനിക്ക് കഴിയും.
14 ഘട്ടങ്ങളായി തിരിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. അതേസമയം, പര്‍ച്ചേസ് അടങ്കല്‍ തുകകളെല്ലാം അബൂദബി റിയല്‍ എസ്റ്റേറ്റ് സെന്ററിന്റെ മേല്‍നോട്ടത്തിലുള്ള എസ്ക്രോ അക്കൗണ്ടില്‍ നിക്ഷേപിക്കണം. കേസുകള്‍ തീര്‍പ്പാക്കുന്നതിനായി സമിതി 85 യോഗങ്ങളാണ് നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.