അബൂദബി: കഴിഞ്ഞ ആഴ്ച നാല് സഹോദരങ്ങളടക്കം അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ പെൺകുട്ടി ആശുപത്രിവിട്ടു. മരിച്ച സഹോരങ്ങളുടെ ഏക സഹോദരിയും അപകടത്തിൽ പരിക്കേറ്റ മലപ്പുറം തിരൂര്‍ തൃപ്പനച്ചി കിഴിശ്ശേരി പുളിയക്കോട് സ്വദേശി അബ്ദുല്‍ ലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്സാനയുടെയും ജീവിച്ചിരിക്കുന്ന ഏക മകളുമായ ഇസ്സ(10)യാണ് ചികിത്സ പൂർത്തിയാക്കി ആശുപത്രിയിൽനിന്ന് മടങ്ങിയത്. ആരോഗ്യവതിയായിരിക്കുന്ന കുട്ടി അബൂദബിയിലെ കുടുംബാഗങ്ങൾക്ക് ഒപ്പമാണുള്ളത്.
അതേസമയം പരിക്കേറ്റതിനെ തുടർന്ന് ശാസ്ത്രക്രിയക്ക് വിധേയയായ റുക്സാന ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ ആൺമക്കളായ അഷസ് (14), അമ്മാര്‍ (12), അസ്സാം(8), അയാഷ് (5) എന്നിവരാണ് അപകടത്തിൽ മരിച്ചത്. മൃതദേഹങ്ങൾ ചൊവ്വാഴ്ച അസർ നമസ്കാര ശേഷം ദുബൈ ഖിസൈസ് സോനാപൂർ ഖബർസ്ഥാനിൽ ഖബറടക്കിയിരുന്നു. അപകടത്തിൽ മരിച്ച വീട്ടുജോലിക്കാരി തിരൂർ ചമ്രവട്ടം സ്വദേശി ബുഷ്റയുടെ മൃതദേഹം നാട്ടിലെത്തിച്ചാണ് ഖബറടക്കിയത്.
അതിനിടെ വ്യാഴാഴ്ച ദുബൈയിലെ അൽ വർഖ ഗ്രാൻഡ് മോസ്കിൽ കുടുംബത്തെ അനുശോചനവും പ്രാർഥനകളും അറിയിക്കാൻ സ്വദേശികളും പ്രവാസികളുമായ നിരവധിപേർ എത്തിച്ചേർന്നു. പരിക്കേറ്റ അബ്ദുല്ലത്തീഫ് വീൽചെയറിൽ ഇവിടെയുണ്ടായിരുന്നു. ദുബൈ സർക്കാറിന്‍റെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും അനുശോചനമറിയിക്കാൻ എത്തിച്ചേർന്നു. ശനിയാഴ്ച പുലർച്ചെ 4മണിയോടെ അബൂദബി-ദുബൈ റോഡില്‍ ഷഹാമക്ക് അടുത്താണ് അപകടമുണ്ടായത്. ദുബൈയില്‍ താമസിക്കുന്ന കുടുംബം ലിവ ഫെസ്റ്റിവല്‍ കഴിഞ്ഞ് മടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.