ദുബൈയിൽ ആറുമാസത്തിൽ പിടിയിലായത് 800ഓളം യാചകർ

ദുബൈ: ഈവർഷം ആദ്യ ആറുമാസം എമിറേറ്റിൽ 796 യാചകരും 1,287തെരുവ് കച്ചവടക്കാരും അറസ്റ്റിലായതായി ദുബൈ പൊലീസ്. നഗരത്തിലെ താമസക്കാർ പൊലീസ് ആപ് വഴി അറിയിച്ചതിനെത്തുടർന്നാണ് 415 ഭിക്ഷാടകരെ പിടികൂടിയത്. യാചകരെയും തെരുവുകച്ചവടക്കാരെയും ഒഴിവാക്കുന്നതിന് കർശന നടപടികൾ ദുബൈ പൊലീസ് സ്വീകരിച്ചുവരുകയാണെന്നും അധികൃതർ അറിയിച്ചു. പൊതുസുരക്ഷക്ക് ഭീഷണിയായതിനാൽ ഭിക്ഷാടനം യു.എ.ഇയിൽ നിയമവിരുദ്ധമാണെന്ന് പൊലീസ് ഓർമിപ്പിച്ചു. ദരിദ്രരെ സഹായിക്കാൻ ഔദ്യോഗിക ചാരിറ്റബിൾ സ്ഥാപനങ്ങളും അധികാരികളും പ്രവർത്തിക്കുന്നുണ്ട്. ഭിക്ഷാടകരും തെരുവുകച്ചവടക്കാരും താമസക്കാരുടെ ഔദാര്യം ചൂഷണം ചെയ്യുന്നത് തടയാൻ ലക്ഷ്യമിട്ടാണ് ഇത്തരക്കാരെ പിടികൂടുന്നത് -പ്രസ്താവനയിൽ വ്യക്തമാക്കി.

ദുബൈ പൊലീസ് ആപ്പിൽ ലഭ്യമായ 'പൊലീസ് ഐ' സേവനം ഉപയോഗിച്ച് സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാനും സുരക്ഷ വിവരങ്ങൾ രഹസ്യമായി നൽകാനും സൗകര്യമുണ്ട്. ഇതുവഴി യാചകരെ കുറിച്ച വിവരങ്ങൾ പൊലീസിന് ലഭിക്കുന്നുണ്ട്.

ഇതുൾപ്പെടെ ഈവർഷം ജനുവരി മുതൽ ജൂൺവരെ ഏകദേശം 12,000 റിപ്പോർട്ടുകൾ ഈ സേവനം വഴി പൊലീസിന് ലഭിച്ചതായി അധികൃതർ വ്യക്തമാക്കി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ എളുപ്പത്തിൽ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സുരക്ഷ നിലനിർത്താനും കുറ്റകൃത്യങ്ങൾ കുറക്കാനും സാധിക്കുന്നുണ്ട്. ഉപയോക്തൃ-സൗഹൃദ ആപ്ലിക്കേഷൻ വഴി വിഡിയോകൾ, ഫോട്ടോകൾ, വോയ്‌സ് സന്ദേശങ്ങൾ എന്നിവ അറ്റാച്ച് ചെയ്യാനും സംഭവത്തിന്‍റെ ലൊക്കേഷൻ പിൻ ചെയ്യാനും കഴിയും. ഈവർഷം ആദ്യം ദുബൈയിൽ പിടിയിലായ യാചകനിൽ നിന്ന് 40,000 ദിർഹമും ഷാർജയിൽ പിടിയിലായ ആളിൽ നിന്ന് 65,000 ദിർഹമും കണ്ടെത്തിയിരുന്നു.

Tags:    
News Summary - About 800 beggars were caught in Dubai in six months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.