എബിലിറ്റി ഫൗണ്ടേഷനിലെ കലാകാരികളുടെ കലാപ്രകടനം(ഫയൽ)
ദുബൈ: ശാരീരിക പരിമിതികളെ അതിജീവിച്ച് കലാപ്രകടനങ്ങളിലൂടെ ശ്രദ്ധേയരായ മലപ്പുറം പുളിക്കലിലെ ‘എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദി ഡിസേബിൾഡി’ലെ കലാകാരികൾ ദുബൈയിലെത്തുന്നു. മാർച്ച് 2 ഞായറാഴ്ച ദുബൈ വിമൻസ് അസോസിയേഷൻ ഹാളിലാണ് ‘സ്നേഹ സ്പർശം’ എന്ന പരിപാടിയിൽ കലാപ്രകടനങ്ങൾ അവതരിപ്പിക്കുക. കോൽക്കളി, ഒപ്പന, ഗാനാലാപനം തുടങ്ങിയവ സദസ്സിന് മുന്നിലവതരിപ്പിക്കും.
സിനിമ പിന്നണി ഗായിക സിന്ധു പ്രേമകുമാർ, ഗായകൻ അലി അക്ബർ എന്നിവരുടെ ഗാനസന്ധ്യയും ഉണ്ടാകും. പരിപാടിയുടെ ബ്രോഷർ പ്രകാശനം ദുബൈയിൽ കഴിഞ്ഞദിവസം നടന്നു. ശംസുദ്ദീൻ നെല്ലറ, പി.കെ. അൻവർ നഹ, പി.ടി. മുനീർ, ഫഹിയാസ്, ഉബൈദ്, ഹക്കീം വാഴക്കാല, യൂനസ് തണൽ, ബഷീർ ബെല്ലോ, ഷഫീൽ കണ്ണൂർ, ജാഫർ മാനു, അയ്യൂബ് കല്ലട, സാലിം, മുഹമ്മദ് കെ. മാനുട്ടി, നൗഷാദ് അപ്പോടെക്, ഉസ്മാൻ ജാസ്, ഫാസിൽ ക്ലാസിക്, അഖിൽ മുആദ് എന്നിവർ സംബന്ധിച്ചു.
‘സ്നേഹ സ്പർശം’ പരിപാടിയുടെ ബ്രോഷർ പ്രകാശനം
2009ൽ മലപ്പുറം ജില്ലയിലെ പുളിക്കലിൽ ആരംഭിച്ച എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദി ഡിസേബിൾഡ്, ഭിന്നശേഷിക്കാർക്ക് സമൂഹത്തിൽ തുല്യ അവസരങ്ങൾ ലഭ്യമാക്കാൻ പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയാണ്. സംരംഭകനും കലാസ്വാദകനുമായ ശംസുദ്ദീൻ നെല്ലറ കഴിഞ്ഞ വർഷം ഇവിടെ സന്ദർശിച്ചിരുന്നു. കുട്ടികൾ ദുബൈയിൽ കലാ പ്രകടനങ്ങൾ നടത്താൻ അദ്ദേഹത്തോട് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ഇതാണ് ദുബൈയിലേക്കുള്ള വഴിതുറന്നത്. പരിമിതികളെ അതിജീവിച്ച് മികച്ച കലാപ്രകടനങ്ങളിലൂടെ ഇവർ ആദ്യമായാണ് പ്രവാസമണ്ണിലെത്തുന്നതെന്ന സവിശേഷത കൂടിയുണ്ട്. ‘ഗൾഫ് മാധ്യമ’ത്തിന്റെ മാധ്യമ പങ്കാളിത്തത്തോടെയാണ് പരിപാടി ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.