നീന്തലിനിടെ അപകടത്തിൽപെട്ട യുവതിയെ രക്ഷിച്ച ഉദ്യോഗസ്ഥരെ ദുബൈ പൊലീസ് അഭിനന്ദിക്കുന്നു
ദുബൈ: മറീന ബീച്ചിൽ നീന്തുന്നതിനിടെ മുങ്ങിത്താഴ്ന്ന യുവതിയെ അതിവേഗം രക്ഷപ്പെടുത്തി ദുബൈ പൊലീസ്. യൂറോപ്യൻ പൗരയായ യുവതിയാണ് അപകടത്തിൽപെട്ടത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ദുബൈ പൊലീസിന്റെ പട്രോളിങ് ടീം സംഭവസ്ഥലത്തെത്തി അഞ്ചു മിനിറ്റിനുള്ളിൽ യുവതിയെ രക്ഷിച്ചു. പ്രഥമചികിത്സ നൽകി യുവതിയെ ഉടൻ ആശുപത്രിയിലെത്തിക്കുകയും ചെയ്തതായി പോർട്ട് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ഡോ. ഹസൻ സുഹൈൽ പറഞ്ഞു. മറൈൻ സെക്യൂരിറ്റി ഡിപ്പാർട്മെന്റിലെ ഉദ്യോഗസ്ഥരായ കോർപറൽ അംജദ് മുഹമ്മദ് അൽ ബലൂഷി, കോർപറൽ ഖാമിസ് മുഹമ്മദ് അൽ ഐസായി എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്. ഇവർ രണ്ടുപേരെയും ദുബൈ പൊലീസ് ആദരിക്കുകയും ചെയ്തു. സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ ഇരുവരും കാണിച്ച ആത്മാർഥമായ പ്രവർത്തനത്തെ അഭിനന്ദിക്കുന്നതായി ബ്രിഗേഡിയർ ഡോ. ഹസൻ സുഹൈൽ പറഞ്ഞു.
ബീച്ച് സന്ദർശകർ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണമെന്നും നീന്താൻ കഴിയില്ലെങ്കിൽ കടലിൽ ഇറങ്ങരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. കുട്ടികളെ വെള്ളത്തിൽ തനിച്ചാക്കി പോകാതിരിക്കുക, നിശ്ചിത സ്ഥലത്ത് മാത്രം നീന്തുക, മയക്കുമരുന്നും മറ്റും ഉപയോഗിച്ച് നീന്താതിരിക്കുക, നീന്തൽ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക, വെള്ളത്തിൽ വെച്ച് അഭ്യാസങ്ങൾ കാണിക്കാതിരിക്കുക, രാത്രിയിൽ നീന്തൽ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് അപകടം ഒഴിവാക്കുമെന്ന് ബ്രിഗേഡിയർ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.