ഷോപ്പിങ്​ നടത്തിയാൽ പാർക്കിങ്​ സൗജന്യം

ദുബൈ: നഗര പരിസരങ്ങളിലെ ചില ഷോപ്പുകളിൽ നിന്ന്​ സാധനങ്ങൾ വാങ്ങിയാൽ വാഹന പാർക്കിങ്​ സൗജന്യമാക്കുന്ന പുതിയ സംരംഭം പ്രഖ്യാപിച്ച്​ പാർക്കിൻ. ‘സ്​പോട്ട്​സ്​ ഫോർ ഷോപ്സ്’ എന്ന്​ പേരിട്ടിരിക്കുന്ന സംരംഭത്തിലൂടെ നഗരത്തിലെ ഏറ്റവും അറിയപ്പെടുന്ന സ്ഥലങ്ങളിലുള്ള പ്രധാന ഷോപ്പുകളെ പിന്തുണക്കാൻ വാഹന ഉടമകളെ പ്രോത്സാഹിപ്പിക്കുകയാണ്​ ലക്ഷ്യമിടുന്നത്​. 15 ഷോപ്പുകളാണ്​ പരീക്ഷണാടിസ്ഥാനത്തിൽ പുതിയ സംരംഭത്തിൽ പ​ങ്കെടുക്കുന്നത്​. ഇവയുടെ പേര്​ വിവരങ്ങൾ പാർക്കിന്‍റെ ഔദ്യോഗിക വെബ്​സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്​.

ഈ ഷോപ്പുകൾക്ക്​ സമീപം വാഹനങ്ങൾ പാർക്ക്​ ചെയ്ത ശേഷം അതേ ഷോപ്പിൽ നിന്ന്​ സാധനങ്ങൾ വാങ്ങിയാൽ പാർക്കിൻ വാലറ്റിൽ ക്യാഷ്​ ബാക്​ ലഭിക്കുന്ന രീതിയിലാണ്​ പുതിയ സംരംഭം രൂപകൽപന ചെയ്തിരിക്കുന്നത്​. ഇതിനായി ആദ്യം സംരംഭത്തിൽ അംഗമായ ഷോപ്പുകളുടെ വിവരം വെബ്​സൈറ്റ്​ നോക്കി കണ്ടെത്തണം. ശേഷം ഈ ഷോപ്പുകൾക്ക്​ സമീപം വാഹനങ്ങൾ പാർക്ക്​ ചെയ്ത്​ സാധാരണ പോലെ പാർക്കിൻ വാലറ്റ്​ ഉപയോഗിച്ച്​ പാർക്കിങ്​ ഫീസ്​ അടക്കണം.

തുടർന്ന്​ ഇതേ ഷോപ്പിൽ നിന്ന്​ നിശ്ചിത സാധനങ്ങൾ വാങ്ങിയാൽ ഉപഭോക്​താവിന്‍റെ മൊബൈൽ നമ്പർ ഉപയോഗിച്ച്​ ഷോപ്പുടമ പാർക്കിൻ വാലറ്റിലേക്ക്​ പാർക്കിങ്​ ഫീസ്​ തിരികെ നൽകും. ഇതിന്‍റെ പൂർണ ഉത്തരവാദിത്തം അതത്​ ഷോപ്പുടമകൾക്കായിരിക്കും. പുതിയ സംരംഭത്തിലൂടെ ഷോപ്പുടമകൾക്ക്​ ഉപഭോക്​താക്കളുടെ എണ്ണം വർധിക്കുകയും സന്ദർശകർക്ക്​ നഗരത്തിലുടനീളമുള്ള പ്രധാന ഷോപ്പുകളിൽ സൗജന്യമായി വാഹനങ്ങൾ പാർക്ക്​ ചെയ്ത്​ എളുപ്പത്തിൽ ഷോപ്പിങ്​ നടത്താനുള്ള അവസരം ലഭിക്കുകയും ചെയ്യുമെന്നാണ്​ പ്രതീക്ഷ.

Tags:    
News Summary - Parking is free if you shop.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.