സൈക്കിളിലേറി പാറിപ്പറന്ന്​ ദുബൈ...

ദുബൈ: പ്രമുഖ ഡെലിവറി സേവന ദാതാക്കളായ കരീം ബൈക്കുമായി കൈകോർത്ത്​ ദുബൈ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ) എമിറേറ്റിൽ ആരംഭിച്ച സൈക്കിൾ സർവിസ്​​ ഒരു കോടിയിലധികം ട്രിപ്പുകൾ പൂർത്തിയാക്കി. കരീം ബൈക്കിന്‍റെ സൈക്കിൾ സേവനങ്ങൾ ആരംഭിച്ച 2020 ഫെബ്രുവരി മുതൽ 2026 ഏപ്രിൽ വരെയുള്ള കണക്കുകളാണ്​ ആർ.ടി.എ പുറത്തുവിട്ടത്​.

ഇക്കാലയളവിൽ ഏതാണ്ട്​ 10 ലക്ഷം പേർ സൈക്കിളുകൾ ഉപയോഗിച്ചുവെന്നാണ്​ കണക്ക്​. ഈ നേട്ടം അടയാളപ്പെടുത്തുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ ആറു വർഷത്തിനിടെ ഏറ്റവും കൂടുതൽ തവണ സൈക്കിൾ ട്രിപ്പുകൾ നടത്തിയ ഉപഭോക്​താക്കളെ​ ആർ.ടി.എയും കരീമും ചേർന്ന്​ ആദരിക്കുകയും ചെയ്തു. ഇവർക്ക്​​ കോംപ്ലിമെന്‍ററി സബ്​സ്ക്രിബ്​ഷനുകളും കരീം ഡൈൻഔട്ട്​ വൗച്ചറുകളും ഉൾപ്പെടെ നിരവധി സമ്മാനങ്ങളാണ്​ നൽകിയത്​. ആറു വർഷത്തിനിടെ ഏറ്റവും കൂടുതൽ ട്രിപ്പുകൾ നടത്തിയ ഉ​പഭോക്​താവിനെയും ആർ.ടി.എ കണ്ടെത്തി​. ഏതാണ്ട്​ 5,000 ട്രിപ്പുകളാണ്​ ഇദ്ദേഹം നടത്തിയത്​. പുതിയ നേട്ടം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി പുതിയ ഉപഭോക്​താക്കൾക്ക്​ പ്രത്യേക പ്രോത്സാഹന പാസുകളും ആർ.ടി.എ പ്രഖ്യാപിച്ചിരിക്കുകയാണ്​.

ഏപ്രിൽ 11, 12 തീയതികളിൽ BIKE10M എന്ന കോഡ്​ ഉപയോഗിച്ചാൽ 19 ദിർഹത്തിന്​ പകരം 9.5 ദിർഹം നൽകിയാൽ മതി. സുസ്ഥിരമായ ഗതാഗത മാർഗങ്ങളിലേക്കുള്ള സാന്നിധ്യം വ്യാപിപ്പിക്കുകയാണ്​ ഇതുവഴി ലക്ഷ്യമിടുന്നത്​. പ്രകൃതി സൗഹൃദപരവും സുസ്ഥിരവുമായ ഗതാഗത മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി 2020 ഫെബ്രുവരിയിലാണ്​ കരിം ബൈക്കുമായി ചേർന്ന്​ ആർ.ടി.എ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ​ സൈക്ലിങ്​ സർവിസിന്​ തുടക്കമിടുന്നത്​.

അടിസ്ഥാന സൗകര്യങ്ങളിൽ ആർ.ടി.എ വലിയ രീതിയിലുള്ള വിപുലീകരണവും ഇതിനായി നടത്തിയിരുന്നു. 2009ലെ ആറ്​ കിലോമീറ്ററിൽ നിന്ന്​ സൈക്ലിങ്​ ട്രാക്കുകളുടെ നീളം 2025ൽ 636 കിലോമീറ്റായി വ്യാപിപ്പിച്ചു. 2030ഓടെ ഇത്​ 1000 കിലോമീറ്ററിൽ എത്തിക്കുകയാണ്​ ലക്ഷ്യമെന്ന്​ ആർ.ടി.എയുടെ ട്രാഫിക്​ ആൻഡ്​ റോഡ്​സ്​ ഏജൻസി സി.ഇ.ഒ ഹുസൈൻ അൽ ബന്ന പറഞ്ഞു. ട്രാക്കുകൾ വിപുലീകരിച്ചതു വഴി സൈക്ലിങ്​ ട്രിപ്പുകളുടെ എണ്ണത്തിൽ 23 ശതമാനത്തിന്‍റെ വർധനവാണുണ്ടായത്​. 2024ൽ 46.6 ദശലക്ഷമായിരുന്ന ട്രിപ്പുകൾ 2025ൽ എത്തിയപ്പോൾ 57.3 ദശലക്ഷമായി ഉയർന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കരീം ബൈക്ക്​ ട്രിപ്പുകൾ ആരംഭിച്ചത്​ മുതൽ ഏതാണ്ട്​ 6509 ടൺ കാർബൺ ഡയോക്​സൈഡ്​ അന്തരീക്ഷത്തിലേക്ക്​ വ്യാപിക്കുന്നത്​ കുറക്കാനും സാധിച്ചു. അതായത്​ 2084 വാഹനങ്ങൾ ഓടുമ്പോഴുണ്ടാകുന്നത്ര അന്തരീക്ഷ മലിനീകരണമാണ്​ ഇല്ലാതായത്​.

Tags:    
News Summary - Dubai on a bicycle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.