ശൈഖ നാസർ അൽ നുവൈസ്
ദുബൈ: ഐക്യരാഷ്ട്രസഭ ടൂറിസം കൂട്ടായ്മയുടെ മേധാവിയായി ഇമാറാത്തി വനിത ശൈഖ നാസർ അൽ നുവൈസ്. ആദ്യമായാണ് ഒരു വനിത യു.എൻ ടൂറിസം ഓർഗനൈസേഷന്റെ തലപ്പത്ത് എത്തിച്ചേരുന്നത്. റൊട്ടാന ഹോട്ടൽ മാനേജ്മെന്റ് കോർപറേഷനിൽ ഓണേഴ്സ് റിലേഷൻഷിപ് മാനേജ്മെന്റിന്റെ കോർപറേറ്റ് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുള്ള ശൈഖ നാസർ, 2026-29 കാലയളവിലെ കൂട്ടായ്മയുടെ സെക്രട്ടറി ജനറലായാണ് പ്രവർത്തിക്കുക. ശൈഖ നാസറിന് എക്സ് അക്കൗണ്ട് വഴി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അഭിനന്ദനം അറിയിച്ചു.
ഇമാറാത്തി വനിതകളെ നേതൃതലങ്ങളിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രതിബദ്ധതയെ നിയമനം വീണ്ടും ഉറപ്പിക്കുന്നുവെന്ന് പ്രസിഡന്റ് പറഞ്ഞു. കൂടാതെ സുസ്ഥിര സാമ്പത്തിക വളർച്ചയുടെ പ്രധാന ചാലകശക്തി എന്ന നിലയിൽ ടൂറിസം മേഖലയുടെ പ്രാധാന്യത്തെ ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ശൈഖ നാസറിന് അഭിനന്ദനം അറിയിച്ചു. നമ്മുടെ യുവാക്കളും യുവതികളും രാജ്യത്തെ പ്രതിനിധാനം ചെയ്ത്, അതിന്റെ പേരും പതാകയും ഉയരങ്ങളിൽ എത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.