യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞാൽ ദിവസവും 50 ദിർഹം പിഴ

ദുബൈ: യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ അടക്കണം. കാലാവധി കഴിഞ്ഞ സന്ദർശക വിസക്കാർക്ക് 100 ദിർഹമായിരുന്നു നേരത്തെ പിഴ. ഇത് 50 ദിർഹമായി കുറച്ചു. അതേസമയം, റസിഡന്‍റ് വിസക്കാരുടെ പിഴ 25 ദിർഹമിൽ നിന്ന് 50 ദിർഹമായി ഉയർത്തി.

ഓവർ സ്റ്റേ നിരക്ക് ഏകീകരിച്ചതോടെയാണ് സന്ദർക വിസക്കാരുടെ പിഴ കുറഞ്ഞതും താമസക്കാരുടേത് കൂടിയതും. യു.എ.ഇ വിസകളിൽ കഴിഞ്ഞമാസം മൂന്ന് മുതൽ പ്രഖ്യാപിച്ച മാറ്റങ്ങളുടെ തുടർച്ചയായാണ് ഓവർസ്റ്റേ പിഴകളും മാറുന്നത്. വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനായി ചെലവഴിക്കുന്ന ദിവസങ്ങളും ഓവർ സ്റ്റേയായി കണക്കാക്കും.

വിസ പുതുക്കാനുള്ള അപേക്ഷ നടപടിക്രമങ്ങൾ ആരംഭിച്ച് 30 ദിവസത്തിനുള്ളിൽ ശരിയായ രേഖകൾ സമർപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ അപേക്ഷ റദ്ദാകും. മൂന്ന് തവണയിൽ കൂടുതൽ തെറ്റായ രേഖകൾ സമർപ്പിച്ചാലും അപേക്ഷ റദ്ദാക്കപ്പെടും. ഇതോടെ വീണ്ടും അപേക്ഷിക്കേണ്ടി വരും. ഓൺലൈൻ, അധികൃതരുടെ വെബ്സൈറ്റ്, സ്മാർട്ട് ആപ്ലിക്കേഷൻ, ഹാപ്പിനസ് സെന്‍റർ എന്നിവ വഴി പിഴ അടക്കാം.

കഴിഞ്ഞ മാസം നടപ്പിൽ വന്ന നിർദേശമനുസരിച്ച് റസിഡൻസി വിസക്കാർക്ക് കാലാവധി അവസാനിച്ച് ആറ് മാസം വരെ ഗ്രേസ് പിരീഡ് ലഭിക്കും. ഈ സമയത്തിനുള്ളിൽ രാജ്യം വിടുകയോ, പുതിയ വിസ എടുക്കുകയോ ചെയ്യണം. മലയാളികൾ ഉൾപെടെയുള്ള പ്രവാസികൾക്ക് ആശ്വാസവും ആശങ്കയും പകരുന്നതാണ് വിസ പിഴയിലെ മാറ്റം.

സന്ദർശക വിസക്കാർക്ക് പുതിയ തീരുമാനം ഗുണം ചെയ്യും. വിസ കാലാവധി കഴിയുന്നവർക്ക് നിലവിൽ അടക്കേണ്ട പിഴയുടെ പകുതി അടച്ചാൽ മതിയാവും. എന്നാൽ, റസിഡന്‍റ് വിസക്കാർക്ക് ഇനിമുതൽ ഇരട്ടി തുക പിഴ അടക്കേണ്ടി വരും.

Tags:    
News Summary - A fine of 50 dirhams per day for overstaying a visa in the UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.