ദുബൈ: യു.എ.ഇ- കുവൈത്ത് ആഭ്യന്തര മന്ത്രാലയങ്ങൾ സംയുക്തമായി നടത്തിയ നീക്കത്തിലൂടെ കുവൈത്തിൽ കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. കടൽ മാർഗം കണ്ടെയ്നറിൽ എത്തിച്ച നൂറുകിലോ ക്രിസ്റ്റൽ മെത്തും പത്തുകിലോ ഹെറോയിനുമാണ് പിടികൂടിയത്. ഇതിന് വിപണിയിൽ ഏതാണ്ട് 37 ലക്ഷം ദിർഹം വിലവരും. അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുമായി ബന്ധമുള്ളവരാണ് കടത്തിന് പിന്നിൽ. സംഭവത്തിൽ അഫ്ഗാൻ പൗരൻമാർ ഉൾപ്പെടെ നിരവധി പ്രതികൾ പിടിയിലായി. കടൽ വഴി എത്തിയ കണ്ടെയ്നറിനെക്കുറിച്ചുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് ഇവ പിടിച്ചെടുത്തത്. കസ്റ്റംസുമായി സഹകരിച്ച് ഷുവൈഖ് തുറമുഖത്തുനിന്ന് കണ്ടെയ്നർ പിന്തുടർന്ന് പിടിച്ചെടുക്കുകയായിരുന്നു. ഫയർഫോഴ്സിന്റെ സഹായത്താൽ കണ്ടെയ്നർ തുറന്ന് നടത്തിയ പരിശോനയിലാണ് വൻ തോതിൽ ലഹരിവസ്തുക്കൾ കണ്ടെത്തിയത്.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ മേൽനോട്ടത്തിലായിരുന്നു ഓപറേഷൻ. ലഹരി പിടികൂടുന്നതിലേക്ക് നയിച്ച ഇന്റലിജൻസ് സഹകരണത്തിന് യു.എ.ഇ ഉപപ്രധാനമന്ത്രി ശൈഖ് സെയ്ഫ് ബിൻ സായിദ് ആൽ നഹ്യാന് ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് നന്ദി അറിയിച്ചു. തുടർച്ചയായ സുരക്ഷ ഏകോപനത്തിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.മയക്കുമരുന്ന് ഭീഷണി നേരിടുന്നതിനും ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനും ശക്തമായ സുരക്ഷ പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.