മൊറോക്കന്‍ പൗരനായ 14കാരൻ യൂസഫ് മസ്ബാഹി ശസ്ത്രക്രിയക്കുശേഷം ഡോക്ടർമാർക്കൊപ്പം
ദുബൈ: കൗമാരക്കാരന്റെ മൂക്കില്‍നിന്ന് 105 ഗ്രാം ട്യൂമര്‍ നീക്കംചെയ്തു. ഷാര്‍ജയിലെ മെഡ്കെയര്‍ ഹോസ്പിറ്റലില്‍ നടന്ന സ്കാര്‍ലെസ് എന്‍ഡോസ്കോപിക് ശസ്ത്രക്രിയയിലൂടെയാണ് ട്യൂമർ നീക്കിയത്. മൊറോക്കന്‍ പൗരനായ 14കാരൻ യൂസഫ് മസ്ബാഹിക്കാണ് 150,000 വ്യക്തികളില്‍ ഒരാള്‍ക്ക് സംഭവിക്കുന്ന അപൂര്‍വ ട്യൂമറായ ജുവനൈല്‍ നാസോഫറിംഗല്‍ ആന്ജിയോഫിബ്രോമ (ജെ.എന്‍.എ) ഘട്ടം-അഞ്ച് ബാധിച്ചത്. 105 ഗ്രാം ഭാരമുള്ള ട്യൂമര്‍ നീക്കംചെയ്യാനുള്ള സങ്കീർണ ശസ്ത്രക്രിയ നടത്താന്‍ മൊറോക്കോയിലെയും യൂറോപ്പിലെയും ഡോക്ടര്‍മാര്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഷാര്‍ജയിലെ മെഡ്കെയര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു.
ഇ.എന്‍.ടി സ്പെഷലിസ്റ്റ് പ്രഫ. ഡോ. ടി.എന്‍. ജാനകിറാം, കണ്‍സള്‍ട്ടന്റ് ഒട്ടോലാരിംഗോളജി ഡോ. സെയ്ദ് അല്‍ഹബാഷ് എന്നിവരുടെ നേതൃത്വത്തില്‍ ഇ.എന്‍.ടി ഡോക്ടര്‍മാര്‍, ന്യൂറോ സര്ജന്മാര്, അനസ്തെറ്റിസ്റ്റുകള്‍, തീവ്രപരിചരണ വിദഗ്ധര്‍ എന്നിവരടങ്ങിയ മള്‍ട്ടി ഡിസിപ്ലിനറി ടീം ആറുമണിക്കൂര്‍ നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെയാണ് ട്യൂമർ നീക്കിയത്.അത്യാധുനിക സാങ്കേതികവിദ്യകളുടെ ഒരു പരമ്പര ഉള്‍പ്പെട്ട ഈ ശസ്ത്രക്രിയ, ആധുനിക വൈദ്യശാസ്ത്രത്തിന്റെ മുന്നേറ്റത്തെ അടയാളപ്പെടുത്തുന്ന അതുല്യ നേട്ടമാണെന്ന് ഷാര്‍ജ മെഡ്കെയര്‍ ഹോസ്പിറ്റലിലെ സ്പെഷലിസ്റ്റ് ഇ.എൻ.ടി ഡോ. ടി.എൻ. ജാനകി റാം പറഞ്ഞു. ലോകമെമ്പാടുമുള്ള രോഗികളുടെ ആവശ്യങ്ങളെ പിന്തുണക്കുന്നതിനായി നൂതന സാങ്കേതിക വിദ്യകള്‍ തുടര്‍ച്ചയായി കൊണ്ടുവരുന്നതിലൂടെ രോഗികള്‍ക്ക് സാധ്യമായ ഏറ്റവും മികച്ച പരിചരണം നല്‍കുക എന്നതാണ് മെഡ്കെയറിന്റെ ലക്ഷ്യമെന്നും ഡോ. ജാനകിറാം കൂട്ടിച്ചേര്‍ത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.