ദുബൈയിലെ ബുർജ് അൽ അറബ് അടങ്ങുന്ന പ്രദേശത്തിന്‍റെ രാത്രിദൃശ്യം
ദുബൈ: ഈവർഷം ആദ്യ പകുതിയിൽ എമിറേറ്റിലെത്തിയത് 98.8 ലക്ഷം അന്താരാഷ്ട്ര സന്ദർശകർ. ദുബൈ ഇകോണമി ആൻഡ് ടൂറിസം വകുപ്പാണ് കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷം ഇതേ മാസങ്ങളെ അപേക്ഷിച്ച് 6 ശതമാനം വളർച്ചയാണ് സന്ദർശകരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 1.82 കോടി അന്താരാഷ്ട്ര സന്ദർശകരാണ് എമിറേറ്റിൽ എത്തിച്ചേർന്നിരുന്നത്. 2023ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 9 ശതമാനം വളർച്ചയായിരുന്നു. ലോകത്തെ ഏറ്റവും ആകർഷകമായ ടൂറിസം കേന്ദ്രമായി ദുബൈയുടെ പദവി ശക്തിപ്പെടുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഈ കാലയളവിൽ യു.എ.ഇ സന്ദർശിച്ചവരിൽ 22ശതമാനം പേരും പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ദക്ഷിണേഷ്യയിൽ നിന്നുള്ളവർ 15ശതമാനം, കിഴക്കൻ യൂറോപ്പ്, സ്വതന്ത്ര രാജ്യങ്ങളുടെ കോമൺവെൽത്ത് എന്നിവ ചേർന്ന് 15ശതമാനം, ഗൾഫ് രാജ്യങ്ങൾ 15ശതമാനം, മിഡിൽഈസ്റ്റും വടക്കനാഫ്രിക്കയും ചേർന്ന മേഖലയിൽ നിന്ന് 11ശതമാനം, വടക്കുകിഴക്കൻ, തെക്കുകിഴക്കൻ രാജ്യങ്ങൾ ചേർന്ന് 9ശതമാനം, അമേരിക്കക്കാർ 7ശതമാനം, ആഫ്രിക്കയിൽ നിന്ന് 7ശതമാനം, ആസ്ട്രേലിയയിൽ നിന്ന് 2ശതമാനം എന്നിങ്ങനെയാണ് ദുബൈയിലെത്തിയ മറ്റു പ്രദേശങ്ങളിലുള്ളവർ.
ശക്തമായ സ്വകാര്യ-പൊതു പങ്കാളിത്തതിലൂടെയും കാര്യക്ഷമമായ ആഗോള മാർക്കറ്റിങ് തന്ത്രത്തിലൂടെയുമാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എക്സ് അക്കൗണ്ടിൽ കുറിച്ചു. ലോകത്തിന്‍റെ ഹൃദയഭൂമിയിൽ നിന്ന്, എല്ലാ സന്ദർശകർക്കും ഹൃദ്യമായ സ്വാഗതം -അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈ എകണോമിക് അജണ്ട ഡി33 പ്രകാരം നഗരത്തെ ലോകത്തെ പ്രധാന മൂന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി വികസിപ്പിക്കാനുള്ള യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ കാഴ്ചപ്പാടിന്‍റെ തെളിവാണ് നേട്ടമെന്നും അദ്ദേഹം വ്യക്തമാക്കി. കിഴക്കിനും പടിഞ്ഞാറിനുമിടയിലെ ഏറ്റവും സുപ്രധാനമായ പ്രദേശമെന്ന നിലയിലും, എല്ലാ പ്രദേശങ്ങളിൽ നിന്ന് എത്തിച്ചേരാൻ എളുപ്പമുള്ള സ്ഥലമെന്ന നിലയിലും ദുബൈ ഏറെപ്പേരെ ആകർഷിക്കപ്പെടുന്നുണ്ട്. അതോടൊപ്പം ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള കാരണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.