ദുബൈ: എമിറേറ്റിലെ 90 ശതമാനം ബീച്ചുകളും 80 ശതമാനം പാർക്കുകളും നിശ്ചയദാർഢ്യ വിഭാഗങ്ങൾക്ക് കൂടി പ്രവേശനം സാധ്യമാകുന്ന രീതിയിൽ പൂർണ സജ്ജമായതായി ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു. സ്വതന്ത്രമായും ആത്മവിശ്വാസത്തോടെയും ജീവിക്കാനും താമസിക്കാനും ലോകോത്തര നിലവാരത്തിലുള്ള കാഴ്ചകൾ ആസ്വദിക്കാനും എല്ലാവരേയും പ്രാപ്തരാക്കുന്ന, എല്ലാവരെയും ഉൾക്കൊള്ളുന്നതും തടസ്സങ്ങളില്ലാത്തതുമായ ഒരു നഗരം നിർമിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ഈ നീക്കം.
ജുമൈറ നൈറ്റ് ബീച്ച് -രണ്ട് നിശ്ചയദാർഢ്യ വിഭാഗങ്ങൾക്കും മുതിർന്ന പൗരന്മാർക്കും പ്രവേശനം സാധ്യമാകുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. അൽ മംസാർ ബീച്ച് പാർക്കിൽ നിശ്ചയദാർഢ്യ വിഭാഗങ്ങളെ അടിയന്തര ഘട്ടങ്ങളിൽ ഒഴിപ്പിക്കാനായി സജ്ജമാക്കിയിട്ടുള്ള സംവിധാനം മിഡിലീസ്റ്റിലെ ആദ്യ എമർജൻസി ഇവാക്വേഷൻ സംവിധാനമാണ്. മുഷ്രിഫ് പാർക്ക്, ക്രീക്ക് പാർക്ക്, സഅബീൽ പാർക്ക്, സഫ പാർക്ക്, മംസാർ ബീച്ച് പാർക്ക്, ഖുറാനിക് പാർക്ക് തുടങ്ങിയവയെല്ലാം അന്താരാഷ്ട്ര പ്രവേശന മാനദണ്ഡങ്ങൾ നിറവേറ്റുന്ന രീതിയിൽ നവീകരിച്ചുകഴിഞ്ഞു. വീൽ ചെയർ സൗഹൃദ നടപ്പാതകൾ, ബ്രെയ്ലി സൈൻ ബോർഡുകൾ, ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക കളിസ്ഥലങ്ങൾ തുടങ്ങിയ നിരവധി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഈ മാസം ആറു മുതൽ എട്ട് വരെ ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ആക്സസിബിലിറ്റി എക്സ്പോയുടെ ഏഴാമത് എഡിഷനിൽ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളാനാവുന്ന സൗകര്യങ്ങളുടെയും സംരംഭങ്ങളുടെയും വിപുലമായ ശേഖരങ്ങൾ മുനിസിപ്പാലിറ്റി പ്രദർശിപ്പിക്കും. ഓരോ മാതൃകയും ഉയർന്ന അന്താരാഷ്ട്ര നിലവാരമുള്ളതായിരിക്കും. എമിറേറ്റിലെ നിശ്ചയദാർഢ്യ വിഭാഗങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ ഈ പദ്ധതികളിലൂടെ മുനിസിപ്പാലിറ്റി ശ്രമിക്കും. ദുബൈയുടെ വളർച്ചയിലും വികസനത്തിലും നിർണായക പങ്കുവഹിക്കാൻ സാധിക്കും വിധം അവരെ സാമൂഹികമായും കുടുംബപരമായും പ്രഫഷനൽ രംഗത്തും ശാക്തീകരിക്കുകയും ചെയ്യുമെന്ന് മുനിസിപ്പാലിറ്റിയുടെ പൊതു സൗകര്യങ്ങളുടെ ഏജൻസി സി.ഇ.ഒ ബദർ അൻവരി പറഞ്ഞു. നിശ്ചയദാർഢ്യ വിഭാഗങ്ങളുടെ സന്തോഷവും ക്ഷേമവുമാണ് മുനിസിപ്പാലിറ്റിയുടെ മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.