ദുബൈ മെട്രോയിൽ യാത്ര ചെയ്യുന്നവർ
ദുബൈ: 2025ൽ ദുബൈയിലെ പൊതുഗതാഗതം ഉപയോഗിച്ചവരുടെ എണ്ണം 80.21 കോടിയാണെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. 2024ലെ 74.71 കോടി യാത്രക്കാരുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 7.4 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശരാശരി ദിവസേന 22 ലക്ഷമാളുകൾ യാത്ര ചെയ്തിട്ടുണ്ട്.
പ്രീമിയം (ലിമോസിന്) സേവനങ്ങൾ മാത്രം 2.36 കോടി യാത്രക്കാർ ഉപയോഗിച്ചിട്ടുണ്ട്. മൊത്തം 16.73 കോടി ട്രിപ്പുകളാണ് രേഖപ്പെടുത്തിയത്. ഇതിൽ 12 കോടി ടാക്സി യാത്രകളും 4.1 കോടിയിലധികം ഷെയർഡ് മൊബിലിറ്റി യാത്രകളുമാണ്. ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഏറ്റവും കൂടുതൽ പൊതു ഗതാഗതം ഉപയോഗിച്ച മാസങ്ങൾ.
ഈ മാസങ്ങളിൽ 1.51 കോടി ട്രിപ്പുകളാണ് രേഖപ്പെടുത്തിയത്. 7.28 കോടി യാത്രക്കാരുമായി ഒക്ടോബർ മാസമാണ് ഏറ്റവും തിരക്കേറിയ മാസമായി അടയാളപ്പെടുത്തിയത്.
ദുബൈ മെട്രോ 29.47 കോടി യാത്രക്കാരാണ് കഴിഞ്ഞ വർഷം ഉപയോഗിച്ചത്. ഇത് ആകെ യാത്രകളുടെ 37 ശതമാനം വിഹിതമാണ്. ടാക്സികൾ 26 ശതമാനവും പൊതു ബസുകൾ 25 ശതമാനവും പേരാണ് ഉപയോഗിച്ചത്. അതേസമയം ഷെയർഡ് മൊബിലിറ്റി സേവനങ്ങൾ 9 ശതമാനം ആയി ഉയർന്ന് കഴിഞ്ഞ മൂന്ന് വർഷമായി സ്ഥിരമായ വളർച്ച തുടരുകയാണ്. മറൈൻ ഗതാഗതം 2 ശതമാനവും ദുബൈ ട്രാം ഒരു ശതമാനവുമാണ് രേഖപ്പെടുത്തിയത്.
പൊതു ബസുകൾ ഉപയോഗിച്ചത് 19.72 കോടി യാത്രക്കാരാണ്. ഇതിൽ മുൻ വർഷത്തേക്കാൾ 5 ശതമാനം വർധന രേഖപ്പെടുത്തി. മറൈൻ ഗതാഗതം 1.84 കോടി യാത്രക്കാരെയും (3 ശതമാനം വർധന), ദുബൈ ട്രാം 99 ലക്ഷം യാത്രക്കാരെയും (5 ശതമാനം വർധന) ലക്ഷ്യ സ്ഥാനങ്ങളിലെത്തിച്ചു. ഷെയർഡ് മൊബിലിറ്റി സേവനങ്ങൾ 7.29 കോടി യാത്രക്കാരുമായി 30 ശതമാനം വളർച്ച രേഖപ്പെടുത്തി. ടാക്സികൾ 20.9 കോടി (4 ശതമാനം വർധന) യാത്രക്കാരെ വഹിച്ചു. മെട്രോയിലെ റെഡ്, ഗ്രീൻ ലൈൻ സ്റ്റേഷനുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
ബുർജുമാൻ, അൽ റിഗ്ഗ, യൂനിയൻ, മാൾ ഓഫ് ദി എമിറേറ്റ്സ്, ബുർജ് ഖലീഫ-ദുബൈ മാൾ, ശറഫ് ഡി.ജി, ബനിയാസ് സ്ക്വയർ, സ്റ്റേഡിയം തുടങ്ങിയ സ്റ്റേഷനുകളിലാണ് ഏറ്റവും കൂടുതൽ യാത്രക്കാരെ കൈകാര്യം ചെയ്തത്.
പൊതുഗതാഗതത്തെ ദുബൈയിലെ ജനങ്ങളുടെ ആദ്യ തെരഞ്ഞെടുപ്പാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ആർ.ടി.എ ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു.
2025-26 കാലയളവിൽ 13 കി.മീറ്റർ ദൈർഘ്യമുള്ള ആറു പുതിയ ബസ്-ടാക്സി പ്രത്യേക പാതകൾ ആരംഭിക്കുമെന്നും ഇതോടെ സമർപ്പിത പാതകളുടെ ദൈർഘ്യം 20 കിലോമീറ്ററാകുമെന്നും അധികൃതർ വ്യക്തമാക്കി. കൂടാതെ എട്ട് സ്ഥലങ്ങളിൽ ട്രാക്ക്ലസ് ട്രാം പദ്ധതി പഠനത്തിലാണെന്ന് ആർ.ടി.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.