അബൂദബി പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ
അബുദാബി: അപകടകരമായും നിയമം ലംഘിച്ചും വാഹനങ്ങൾ ഓടിച്ച നിരവധി ഡ്രൈവർമാരെ പിടികൂടി അബൂദബി പൊലീസ്. അൽഐനിലെ ട്രാഫിക് വകുപ്പും സുരക്ഷാ പട്രോൾ സംഘങ്ങളും ചേർന്ന് ‘സ്മാർട്ട് റോഡ് സെക്യൂരിറ്റി’ എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനകളിലാണ് നിയമലംഘകർ പിടിയിലായത്.
പൊതുജനങ്ങളുടെ ജീവനും സുരക്ഷയും അപകടത്തിലാക്കുന്ന തരത്തിൽ അപകടകരമായ സ്റ്റണ്ട് ഡ്രൈവിങ് നടത്തിയതാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റം. പരാതികളിൽ വേഗത്തിലും കാര്യക്ഷമമായും ഇടപെട്ടാണ് സുരക്ഷ സംഘങ്ങൾ നിയമലംഘകരെ പിടികൂടിയതെന്ന് ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രി. മഹ്മൂദ് യൂസഫ് അൽ ബലൂഷി പറഞ്ഞു. ഇത്തരത്തിലുള്ള അപകടകരമായ ഡ്രൈവിങ് വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണെന്നും, സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇത്തരം പ്രവൃത്തികളോട് യാതൊരു കരുണയും കാണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം സംഭവങ്ങൾ ട്രാഫിക് നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും സമൂഹത്തിന്റെ സുരക്ഷയാണ് അബൂദബി പൊലീസിന്റെ പ്രധാന മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാതാപിതാക്കൾ കുട്ടികളുടെ പെരുമാറ്റം ശ്രദ്ധിക്കണമെന്നും വാഹനങ്ങൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാൻ അവരെ ബോധവത്കരിക്കണമെന്നും അൽഐൻ ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് വിഭാഗത്തിന്റെ ഡെപ്യൂട്ടി കേണൽ അഹമ്മദ് അബ്ദുല്ല അൽ ശരീഫ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അപകടകരമായ ഡ്രൈവിങ് സംബന്ധിച്ച വിവരങ്ങൾ അധികൃതരെ അറിയിക്കുന്നതിൽ പൊതുജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.