ദുബൈ: രാജ്യത്ത് വംശനാശഭീഷണി നേരിടുന്ന 58 സസ്തനി ഇനങ്ങളെ തിരിച്ചറിഞ്ഞു. 2031ലെ ദേശീയ ജൈവവൈവിധ്യ നയത്തിന്റെ ചട്ടക്കൂട് പ്രകരം നടത്തിയ വിലയിരുത്തിലിലാണ് വംശനാശ ഭീഷണി നേരിടുന്ന 58 വിവിധയിധം സസ്തനികളെ കണ്ടെത്തിയത്. അതിൽ 39 എണ്ണം കരയിലെയും 19 എണ്ണം സമുദ്രത്തിലെയും ഇനങ്ങളാണ്. ഇവയെ റെഡ്ലിസ്റ്റിൽ ഉൾപ്പെടുത്തിതായി മന്ത്രാലയം അറിയിച്ചു.
ദേശീയ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം പുറത്തിറക്കിയ ദേശീയ ജൈവ വൈവിധ്യ നയത്തിൽ റെഡ് ലിസ്റ്റിൽ ഉൾപ്പെടുന്ന കരയിലെയും കടലിലെയും സസ്തനികളുടെ അനുപാതവും വിശദീകരിക്കുന്നുണ്ട്. ഇതിൽ പ്രാദേശികമായി വംശനാശം സംഭവിച്ച മൂന്ന് ജീവിവർഗങ്ങൾ അഞ്ച് ശതമാനമാണ്.
ഏഴു ശതമാനമാണ് ഗുരുതരമായ രീതിയിൽ വംശനാശം നേരിടുന്ന നാല് ജീവിവർഗങ്ങൾ. വംശനാശം നേരിടുന്ന ഏഴ് ജീവിവർഗങ്ങൾ 12 ശതമാനമാണ്. മൂന്ന് ദുർബല ജീവിവർഗങ്ങളുടെ അനുപാതം അഞ്ച് ശതമാനമാണ്. ഏറ്റവും കുറഞ്ഞ ആശയങ്കയുള്ള 13 ജീവിവർഗങ്ങളുടെ അനുപാതം 23 ശതമാനവും ഡാറ്റ കുറവുള്ള 25 ജീവിവർഗങ്ങളുടെ അനുപാതം 43 ശതമാനവുമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
കരയിലും കടലിലുമായി വ്യത്യസ്ത സസ്തനികളുടെ ഇടമാണ് യു.എ.ഇ. അറേബ്യൻ ഓക്സ്, അറേബ്യൻ കാട്ടുപൂച്ച, അറേബ്യൻ ചെന്നായ, മണൽപൂച്ച, ഹൈന, അറേബ്യൻ ലിയോപാഡ് കൂടതെ തിമിംഗലങ്ങൾ, ഡോൾഫിനുകൾ, കടലാമകൾ തുടങ്ങിയ ജീവിവർഗങ്ങളാണ് പ്രധാനമായും യു.എ.ഇയിൽ കണ്ടുവരുന്നത്.
യു.എ.ഇയിലെ ജലാശയങ്ങളിൽ അഞ്ചിനം കടലാമകൾ വസിക്കുന്നുണ്ട്. പച്ച കടലാമകൾ, ഹോക്സ്ബിൽ കടലാമകൾ, ലോഗർഹെഡ് കടലാമകൾ, ലെതർബാക്ക് കടലാമകൾ, ഒലിവ് റിഡ്ലി കടലാമകൾ എന്നിവയാണിത്. ഇന്റർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ പോലുള്ള അന്താരാഷ്ട്ര സംഘടനകളുമായി സഹകരിച്ച്, പ്രാദേശിക ജൈവവൈവിധ്യം വിലയിരുത്തുന്നതിനും സംരക്ഷിക്കുന്നതിനും ഉരഗങ്ങൾ, സസ്തനികൾ, പക്ഷികൾ, മത്സ്യങ്ങൾ, സസ്യങ്ങൾ എന്നിവയുൾപ്പെടെ വംശനാശഭീഷണി നേരിടുന്ന ജീവികളെ തിരിച്ചറിയുന്നതിനുമായി കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രാലയം 2022ൽ ആരംഭിച്ച സംരംഭമാണ് യു.എ.ഇ നാഷനൽ റെഡ് ലിസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.