ദുബൈ: രാജ്യത്ത് ഈ വർഷം അവസാനത്തോടെ പുതിയ 500 ഇ.വി ചാർജിങ് സ്റ്റേഷനുകൾ കൂടി സ്ഥാപിക്കും.കഴിഞ്ഞ വർഷം രാജ്യത്താകമാനം 100ലേറെ ഇ.വി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചതായും ഊർജ-അടിസ്ഥാന സൗകര്യ വികസന മന്ത്രാലയത്തിലെ എനർജി ആൻഡ് പെട്രോളിയം വകുപ്പ് അണ്ടർ സെക്രട്ടറി ശരീഫ് അൽ അൽ ഉലമ ലോക സർക്കാർ ഉച്ചകോടിയോട് അനുബന്ധിച്ചാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ശുദ്ധ ഊർജത്തിന്റെ ഉപയോഗം വർധിപ്പിക്കുന്നതിനും കാർബൺ പുറന്തള്ളൽ കുറക്കുന്നതിനുമാണ് ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നടപടി സ്വീകരിക്കുന്നത്. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം കഴിഞ്ഞ വർഷങ്ങളിൽ കുത്തനെ വർധിച്ചിട്ടുണ്ട്. ദേശീയ സുസ്ഥിരത ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന, ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപകമായ സ്വീകാര്യതയെ സഹായിക്കുന്ന അടിസ്ഥാന സൗകര്യ വികസനത്തിന് സ്വകാര്യ മേഖലയുമായും പ്രാദേശിക സ്ഥാപനങ്ങളുമായും സഹകരിച്ച് സംയോജിത സമീപനമാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശുദ്ധമായ ഊർജ വികസനത്തിന്റെ ഭാഗമായി 2030 ആകുമ്പോഴേക്കും പുനരുപയോഗ ഊർജ ശേഷി 14 ജിഗാവാട്ടായി ഉയർത്താനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്നും അൽ ഉലാമ പറഞ്ഞു. 2050 നകം യു.എ.ഇയിലെ പകുതി വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളാക്കുക എന്നതാണ് ഗവൺമെന്റിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇതിന്റെ മുന്നോടിയായാണ് രാജ്യത്തെ റീചാർജിങ് സ്റ്റേഷനുകളുടെ എണ്ണം വർധിപ്പിക്കുന്നത്. കാർബൺ വികിരണം കുറക്കാൻ ലക്ഷ്യമിട്ടാണ് ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. രാജ്യത്തുടനീളം ഇതിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രിക് കാറുകളുടെ വിൽപനയിൽ മിഡിലീസ്റ്റിൽ രണ്ടാം സ്ഥാനത്താണ് യു.എ.ഇ. 2023ൽ നടന്ന മൊത്തം കാർ വിൽപനയിൽ 13 ശതമാനവും ഇലക്ട്രിക് കാറുകളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.