ദുബൈ: ദേശീയ എസ്.എം.ഇ പ്രോഗ്രാമിലെ അംഗങ്ങളായ സംരംഭകർക്ക് വ്യാപാരമുദ്രകൾ അനുവദിക്കുന്നതിനുള്ള സേവനങ്ങളുടെ ഫീസിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. യു.എ.ഇ സാമ്പത്തിക, ടൂറിസം മന്ത്രാലയമാണ് പുതിയ പ്രഖ്യാപനം നടത്തിയത്. നിശ്ചയദാർഢ്യ വിഭാഗങ്ങളെ ഫീസിൽ നിന്ന് പൂർണമായും ഒഴിവാക്കി. അതേസമയം, ചില സേവനങ്ങളുടെ ഫീസിൽ ഭേദഗതി വരുത്തുകയും സംയോജിപ്പിക്കുകയും പുതിയ സേവനങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു.
കൂടാതെ 28 വ്യാപാരമുദ്ര സേവനങ്ങൾക്ക് ഫീസ് നിശ്ചയിക്കുകയും ചെയ്തു. നിയമലംഘന പരാതി രജിസ്റ്റർ ചെയ്യുന്നതിന് 2250 ദിർഹമായിരിക്കും ഫീസ്. എതിർപ്പ് തള്ളപ്പെട്ട കക്ഷിയുടെ പരാതിക്കുള്ള ഫീസ് 7500 ദിർഹമായി നിശ്ചയിച്ചു. അപേക്ഷയിൽ ഒരു വിഭാഗം മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂവെങ്കിൽ അതിന് മാത്രമായിരിക്കും ഫീസ് ഈടാക്കുക. ഒന്നിലധികം വിഭാഗങ്ങൾ ഉണ്ടെങ്കിൽ അത് ഒരൊറ്റ അപേക്ഷയാണെങ്കിലും ഓരോ വിഭാഗത്തിനും വെവ്വേറെ ഫീസ് അടക്കേണ്ടിവരും.
പുതിയ തീരുമാനം അന്താരാഷ്ട്ര നിക്ഷേപകരെ ആകർഷിക്കുന്നതിനും ചെറുകിട, ഇടത്തരം സംരംഭകരെയും നിശ്ചയദാർഢ്യ വിഭാഗങ്ങളേയും പിന്തുണക്കുന്നതിനും സഹായിക്കുമെന്ന് സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർരി പറഞ്ഞു. ദേശീയ എസ്.എം.ഇ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യുന്ന ഏത് കമ്പനികൾക്കും ട്രേഡ്മാർക്ക് സേവന ഫീസിൽ 50 ശതമാനം ഇളവിന് അപേക്ഷിക്കാമെന്ന് സാമ്പത്തിക ടൂറിസം മന്ത്രാലയത്തിലെ ബൗദ്ധിക സ്വത്തവകാശ മേഖല അണ്ടർ സെക്രട്ടറി ഡോ. അബ്ദുറഹ്മാൻ ഹസൻ അൽ മുഐനി പറഞ്ഞു. മന്ത്രാലയത്തിന്റെ ഡേറ്റ ബേസിൽ രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നതിന് തീരുമാനം പിന്തുണക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഴ് പുതിയ ട്രേഡ്മാർക്ക് സേവനങ്ങൾക്കും മന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ട്. ഭൗമസൂചിക രജിസ്ട്രേഷന് 65,00 ദിർഹം, ഒരു ദിവസത്തെ ട്രേഡ്മാർക്ക് പരിശോധനക്ക് 2250 ദിർഹം, ട്രേഡ്മാർക്ക് റദ്ദാക്കുന്നതിനെതിരായ പരാതി നൽകുന്നതിന് 5000 ദിർഹം, ദേശീയ ട്രേഡ്മാർക്ക് അന്താരാഷ്ട്ര ട്രേഡ്മാർക്കായി മാറ്റുന്നതിന് 400 ദിർഹം, ട്രേഡ്മാർക്ക് ഏജന്റ് രജിസ്ട്രേഷൻ പുതുക്കുന്നതിന് 7500 ദിർഹം, ട്രേഡ്മാർക്ക് രജിസ്ട്രേഷൻ നിരസിച്ചതിനെതിരായി പരാതി നൽകുന്നതിന് 5000 ദിർഹം, പരാതി വിലയിരുത്തുന്നതിനും പഠിക്കുന്നതിനും 2250 ദിർഹം എന്നിങ്ങനെയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.