മുഹമ്മദ് മൗലവിക്ക് നൽകിയ യാത്രയയപ്പ്
അജ്മാന്‍: നിറഞ്ഞ സംതൃപ്തിയോടെ മാവൂര്‍ ഉസ്താദ് നാലര പതിറ്റാണ്ട് കാലത്തെ അജ്മാനിലെ ജീവിതത്തോട് വിടപറയുന്നു. യു.എ.ഇ മതകാര്യ വകുപ്പില്‍ കൂടുതല്‍ പഴക്കമുള്ള മലയാളിയാണ് കോഴിക്കോട് മാവൂര്‍ സ്വദേശി മാവൂര്‍ ഉസ്താദ് എന്നറിയപ്പെടുന്ന മുഹമ്മദ് മൗലവി. കണ്ണൂര്‍ നീര്‍ച്ചാലില്‍ ബിദായത്തുല്‍ ഉലൂം മദ്റസയിലെ പ്രധാന അധ്യാപകനായിരുന്നു. 1977ലാണ് ഗള്‍ഫിലേക്ക് തിരിച്ചത്. മദ്റസ സെക്രട്ടറിയായിരുന്ന കാസിം മാഷിന്‍റെ പെങ്ങളുടെ മകന്‍ ടി.പി. സലീം സംഘടിപ്പിച്ച വിസയിലാണ് 23ാംമത്തെ വയസ്സില്‍ മുംബൈ വഴി ഷാര്‍ജയില്‍ ഇറങ്ങുന്നത്. ദുബൈയിലെ ഗോള്‍ഡ് സൂക്കിലെ പള്ളിയില്‍ ഇമാമായി ആദ്യം ജോലി ലഭിച്ചെങ്കിലും ഒരു മാസമേ അത് നീണ്ടുള്ളൂ. പിന്നീട് അജ്മാനിലേക്ക് വന്നു. തന്‍റെ സ്പോൺസറോട് ജോലിയില്ലെന്ന വിവരം ധരിപ്പിച്ചു. അദ്ദേഹം മുഹമ്മദ് മൗലവിയുമായി മതകാര്യ വകുപ്പില്‍ പോയി. ആ സമയത്ത് പള്ളി ഒഴിവില്ലായിരുന്നു. ഇതോടെ സ്പോൺസർ യൂസഫ് നാസര്‍ അജ്മാന്‍ റുമൈലയിലെ തന്‍റെ വീടിനോട് ചേര്‍ന്ന് സ്വന്തമായി നിർമിക്കുന്ന പള്ളിയില്‍ ജോലി നല്‍കാന്‍ തീരുമാനിച്ചു.
അവിടെ ജോലി ചെയ്തുകൊണ്ടിരിക്കെ മുഹമ്മദ് മൗലവി മതകാര്യ വകുപ്പുമായി ബന്ധപ്പെട്ട പരീക്ഷകള്‍ എഴുതി. ആറുമാസം പിന്നിടുമ്പോഴേക്കും യോഗ്യത നേടി. പിന്നീട് വിസ മതകാര്യ വകുപ്പിലേക്ക് മാറ്റി. അജ്മാനില്‍ പുതുതായി പണിത അന്നത്തെ വലിയ പള്ളി മസ്ജിദുല്‍ ഹസാബി അല്‍ മുബാറക്കിലേക്ക് മാറി. പള്ളിയോടനുബന്ധിച്ച് വീടും താമസത്തിനായി ലഭിച്ചു. 22 വര്‍ഷം ഇവടെ തുടർന്നു. അജ്മാന്‍ കോടതി ജഡ്ജിമാരുടെ പ്രസിഡന്‍റ് 18 വര്‍ഷം തന്‍റെ പള്ളിയില്‍ നമസ്കാരിക്കാന്‍ ഉണ്ടായിരുന്നതും ഒരുപാട് സഹായം ചെയ്‌തതും ഉസ്താദ് ഓർക്കുന്നു. ഈ പള്ളിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ 1979ല്‍ 25ാം വയസ്സില്‍ അരീക്കോട് തെരട്ടമ്മല്‍ സ്വദേശിനി അസ്മാബിയെ വിവാഹം കഴിച്ചു. ആറ് മാസം പിന്നിട്ടപ്പോൾ ജീവിത സഖിയെ അജ്മാനിലേക്ക് കൂട്ടി. പള്ളിമുറ്റം വിശാലമായിതിനാല്‍ നിരവധി വിഭവങ്ങള്‍ കൃഷി ചെയ്യാൻ സമയം കണ്ടെത്തി.
ചെമ്മാട് ദാറുല്‍ ഹുദയില്‍നിന്നും ഹുദവി ബിരുദം നേടിയവർക്ക് പള്ളിയില്‍ ഖുത്തുബ പറയാനും ഉസ്താദ് അവസരം ഒരുക്കി. കുടുംബം നാട്ടില്‍ പോയതിന് ശേഷം 2000ലാണ് അജ്മാനിലെ കറാമയിലെ ശൈഖ് നാസര്‍ പള്ളിയിലേക്ക് മാറുന്നത്. 10 വര്‍ഷം അവിടെ തുടര്‍ന്നു. 2011ല്‍ അജ്മാന്‍ അല്‍ നഖീലിലെ പള്ളിയിലേക്ക് മാറി. കഴിഞ്ഞ 10 വര്‍ഷത്തോളം ഇവിടെ ഇമാം ആയും ഖതീബ് ആയും ജോലി ചെയ്തു. ഈ കാലയളവില്‍ നിരവധി പേര്‍ക്ക് ജോലി നേടിക്കൊടുക്കാനും അവസരമുണ്ടായി. ഇനിയുള്ള കാലം വിശ്രമജീവിതം നയിക്കാനുള്ള മോഹത്തിലാണ് നാട്ടിലേക്ക് തിരിക്കുന്നത്. അജ്മാനിലെ ആദ്യത്തെ ഭരണാധികാരി ശൈഖ് റാഷിദ് ബിന്‍ ഹുമൈദ് അല്‍ നുഐമിയുമായും ഇപ്പോഴത്തെ ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയുമായും അടുത്തിടപഴകാന്‍ അവസരം ലഭിച്ചു. ഏഴ് വര്‍ഷത്തോളം അജ്മാന്‍ കെ.എം.സി.സി പ്രസിഡൻറ് ആയിരുന്നു. 1994ല്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ യു.എ.ഇയില്‍ വന്നപ്പോള്‍ അജ്മാന്‍ ഭരണാധികാരിയുമായി കൂടിക്കാഴ്ചക്ക് അവസരം ഒരുക്കി. മതകാര്യ വകുപ്പ് കഴിഞ്ഞ ദിവസം നല്‍കിയ യാത്രയയപ്പില്‍ പ്രമുഖരായ സ്വദേശികള്‍ പങ്കെടുത്തു. നാലു പെണ്‍മക്കളാണ്. ആദ്യത്തെ മൂന്ന് പേരായ സഹ്ല, സ്വാലിഹ, സുമയ്യ എന്നിവര്‍ ടീച്ചര്‍മാരും ഇളയ മകളായ ഹുദ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡോക്ടറുമാണ്. മൂന്നാമത്തെ മകള്‍ അജ്മാനിലെ ഇന്‍റര്‍നാഷനല്‍ സ്കൂളിലാണ് പഠിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.