ഷാര്‍ജ: ഫുജൈറ മീന്‍ മാര്‍ക്കറ്റില്‍നിന്നും തന്റെ പുതിയ സൃഷ്ടിയുമായി അക്ഷര നഗരിയില്‍ എത്തിയിരിക്കുകയാണ് മുഹമ്മദ് അജ്മല്‍ കൈനാട്ടി എന്ന എഴുത്തുകാരന്. ഫുജൈറ മാര്‍ക്കറ്റിലെ മീന്‍ വെട്ടുകാരനാണ്.
വറചട്ടിയില്‍ തിളച്ചുമറിയാനുള്ള മത്സ്യങ്ങളെ ഇദ്ദേഹം കൊത്തി നുറുക്കുമ്പോഴും മനസ്സില്‍ മറ്റൊരു നോവല്‍ തിളച്ചുമറിയുന്നു. തന്റെ ജീവിത പശ്ചാത്തലവും പ്രവാസിയായ പിതാവിന്റെ പെട്ടെന്നുള്ള മരണവും പച്ചയായ ജീവിത സാഹചര്യങ്ങളും കൂടി ഉള്‍ക്കൊള്ളിച്ച ‘ഷെറിന്’എന്ന പുതിയ നോവലുമായാണ് ഇക്കുറി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ എത്തിയത്.
വര്‍ഷങ്ങളായി മനസ്സില്‍ താലോലിക്കുന്ന ആശയം നോവലാക്കി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പകര്‍ത്തിയെഴുതി പുസ്തകമാക്കുകയായിരുന്നു. ഫുജൈറ മീന്‍ മാര്‍ക്കറ്റിലെ ജോലി കഴിഞ്ഞ് കിട്ടുന്ന ചുരുങ്ങിയ ഒഴിവ് സമയം പരമാവധി ഉപയോഗപ്പെടുത്തിയാണ് പുസ്തകം ഒരുക്കിയത്.
പ്രണയവും പ്രവാസവും നോവലില്‍ ഇതിവൃത്തമാകുന്നു. മുഹമ്മദ് അജ്മലിന്റെ രണ്ടാമത്തെ പുസ്തകമാണിത്. നേരത്തേ കവിത സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. പ്രവാസി മീന്‍ വെട്ടുകാരന്റെ ജീവിതം നോവലില്‍ വരച്ചു കാണിക്കുന്നു. കണ്ണൂര്‍ യൂനിവേഴ്സിറ്റിയില്‍നിന്നും ബി.എ പൊളിറ്റിക്സ് പൂർത്തിയാക്കിയ ഇദ്ദേഹം ഫൈസി ബിരുദവും നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. കഥയിലും കവിതയിലും സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.