മനാമ: ജി.സി.സി കൂട്ടായ്മ നിലവിൽ വന്നതിന്‍റെ 42 വർഷം പൂർത്തിയായ പശ്ചാത്തലത്തിൽ മന്ത്രിസഭ യോഗം ആശംസകൾ നേർന്നു. ജി.സി.സി രാഷ്ട്രങ്ങൾക്കിടയിൽ കൂടുതൽ ഐക്യവും യോജിപ്പും സാധ്യമാക്കുന്നതിനും വിവിധ രാഷ്ട്ര നേതാക്കളുടെ കാഴ്ചപ്പാടുകൾക്കനുസരിച്ച് കെട്ടുറപ്പോടെ കൂട്ടായ്മ മുന്നോട്ടു പോകുന്നതിന് സാധ്യമാകട്ടെയെന്നും ആശംസിച്ചു. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേർന്ന മന്ത്രിസഭാ യോഗം ജിദ്ദയിൽ സമാപിച്ച 32 മത് അറബ് ലീഗ് ഉച്ചകോടിയിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ നടത്തിയ പ്രഭാഷണത്തെ സ്വാഗതം ചെയ്തു.
2024 ലെ ഉച്ചകോടിക്ക് ബഹ്റൈനിൽ ആതിഥ്യമരുളാനുള്ള തീരുമാനം ഏറെ ആഹ്ളാദകരമാണെന്ന് യോഗം വിലയിരുത്തി. മേഖലയുടെ സമാധാനത്തിനും സുരക്ഷക്കുമായി ബഹ്റൈന്റെ കാഴ്ചപ്പാടുകളും ആശയങ്ങളും പ്രതീക്ഷ നൽകുന്നതാണെന്നും കാബിനറ്റ് അഭിപ്രായപ്പെട്ടു. ലോകാരോഗ്യ സംഘടനക്ക് കീഴിലുള്ള ലോകാരോഗ്യ അസംബ്ലി തലവയായി ആരോഗ്യ മന്ത്രി തെരഞ്ഞെടുക്കപ്പെട്ടതിനെ കാബിനറ്റ് സ്വാഗതം ചെയ്തു. ആരോഗ്യ മേഖലയിൽ ബഹ്റൈൻ കൈവരിച്ച പുരോഗതിയും നേട്ടവും അടയാളപ്പെടുത്തുന്ന ഒന്നാണ് സ്ഥാനലബ്ധി. 8-15 ദശലക്ഷം വാർഷിക യാത്രക്കാരുള്ള ഗ്രീൻ എയർപോർട്സ് അവാർഡിൽ സിൽവർ മെഡൽ കരസ്ഥമാക്കാൻ ബഹ്റൈൻ ഇൻർനാഷണൽ എയർപോർട്ടിന് സാധിച്ചത് നേട്ടമാണ്.
കാർബൺ ബഹിർഗമനത്തോത് കുറക്കുന്നതിനുള്ള പദ്ധതിയിൽ നാലാം ഗണത്തിലേക്ക് എയർപോർട്ടിന് മാറാൻ സാധിച്ചതും നേട്ടമാണ്. എയർപോർട്ട് കൗൺസിൽ ഇന്‍റർനാഷണലിന് കീഴിലുള്ള എയർപോർട്ടുകളെയാണ് അവാർഡിന് പരിഗണിച്ചിരുന്നത്. അന്താരാഷ്ട്ര ഓർഗനൈസേഷനുകളിൽ ബഹ്റൈന്റെ പങ്കാളിത്തവും ഇടപെടലുകളും സംബന്ധിച്ച് ധനകാര്യ സമിതിയുടെ നിർദേശങ്ങൾ കാബിനറ്റ് അംഗീകരിച്ചു. ജി.സി.സി രാഷ്ട്രങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ചില ഉൽപന്നങ്ങളിൽ ഡംപിങ് ഡ്യുട്ടി ഏർപ്പെടുത്തുന്നതിന്, ജി.സി.സി രാഷ്ട്രങ്ങളിലെ അന്താരാഷ്ട്ര വ്യാപാരത്തിലെ ഹാനികരമായ സമ്പ്രദായങ്ങളെ ചെറുക്കുന്നതിനുള്ള സ്റ്റാന്‍റിങ് കമ്മിറ്റി തീരുമാനത്തെ കുറിച്ച് വ്യപാര, വ്യവസായ മന്ത്രി ബിൽ അവതരിപ്പിച്ചു.
ക്ലൗഡ് കമ്പ്യൂട്ടങുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിലെ സൈബർ സെക്യൂരിററി കാര്യങ്ങൾക്കായുള്ള നാഷണൽ സെന്‍ററും ആമസോൺ കമ്പനിയും തമ്മിൽ സഹകരിക്കുന്നതിനുള്ള ബില്ലിനും അംഗീകാരമായി. പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുന്നതിന് ബഹ്റൈൻ പാരമ്പര്യ, സാംസ്കാരിക അതോറിറ്റിയും സൗദിയിലെ അൽ ഉല ഗവർണറേറ്റ് റോയൽ അതോറിറ്റിയും തമ്മിൽ സഹകരണക്കരാറിൽ ഒപ്പുവെക്കുന്നതിന് തീരുമാനിച്ചു. ബഹ്റൈൻ യൂണിവേഴ്സിറ്റിയും ദേശീയ, അന്താരാഷ്ട്ര തലത്തിലുളള വിവിധ സ്ഥാപനങ്ങളുമായി സഹകരിക്കുന്നതിനും തീരുമാനിച്ചു.
വിദ്യാഭ്യാസ, ഗവേഷണ മേഖലകളിൽ പോളിടെക്നിക് ബഹ്റൈനും ബീജിങ് യൂണിവേഴ്സിറ്റിയും ഹിക്വിഷൻ ഇൻസ്റ്റിറ്റ്യൂട്ടും തമ്മിൽ സഹകരിക്കുന്നതിനുള്ള നിർദേണ്‍വും കാബിനറ്റ് അംഗീകരിച്ചു. വിവിധ മന്ത്രിമാർ പങ്കെടുത്ത യോഗങ്ങളെ കുറിച്ച റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു. കാർഷികച്ചന്തയെക്കുറിച്ച റിപ്പോർട്ട് മുനിസിപ്പൽ, കാർഷിക മന്ത്രി അവതരിപ്പിച്ചു. അറബ് ലീഗ് ഉച്ചകോടിയോടിയോടനുബന്ധിച്ച് നടത്തിയ സാമ്പത്തിക, സാമൂഹിക കമ്മിറ്റി യോഗ തീരുമാനങ്ങൾ അറിയിച്ചു. റഷ്യയും ഇസ്ലാമിക രാജ്യങ്ങളും ചേർന്ന് സംഘടിപ്പിച്ച നാലാമത് ഇന്‍റർനാഷണൽ സാമ്പത്തിക ഫോറത്തിൽ പങ്കെടുത്തതിന്റെയും, വാണിജ്യ, വ്യവസായ മന്ത്രിയുടെ കൊറിയൻ, ജപ്പാൻ സന്ദർശന റിപ്പോർട്ടും യോഗത്തിൽ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.