ക്രിസ്മസ് നൽകുന്ന സ്നേഹ സന്ദേശം

ക്രിസ്മസ് ഒരു ആഘോഷ ദിനം മാത്രമല്ല. ദൈവം മനുഷ്യനെ തേടിവന്ന ദിനമാണ്. 'ഭയപ്പെടേണ്ട സർവജനത്തിനും ഉണ്ടാവാനുള്ള ഒരു മഹാസന്തോഷം ഞാൻ നിങ്ങളോട് സുവിശേഷിക്കുന്നു' എന്ന വചനം നിവർത്തിയായി. സന്തോഷം, സമാധാനം, പ്രതീക്ഷ‍ അതിലുപരി ദൈവത്തിന്‍റെ അതിരില്ലാത്ത സ്നേഹം എന്നിവയാണ് ക്രിസ്മസിന്‍റെ യഥാർഥ സന്ദശം.

ഇരുട്ടിൽ തെളിഞ്ഞ വെളിച്ചം

"ക്രിസ്തുവിന്റെ തിരുപ്പിറവി നടന്നത് രാജകൊട്ടാരത്തിന്റെ സുഖസൗകര്യങ്ങളിലല്ല, മറിച്ച് വിനീതമായ ഒരു പുൽക്കൂട്ടിലായിരുന്നു. ലോകത്തിന്റെ കണ്ണിൽ അത് നിസ്സാരമായ ഒരിടമായിരുന്നെങ്കിലും, ദൈവത്തിന്റെ വലിയ പദ്ധതിയിൽ ലോകരക്ഷയുടെ ഉദയമായിരുന്നു ആ തൊഴുത്ത്. 'ഇരുട്ടിൽ കഴിഞ്ഞിരുന്ന ജനങ്ങൾ വലിയൊരു പ്രകാശം കണ്ടു' എന്ന പ്രവചനം അവിടെ പൂർത്തിയായി. ഇന്ന് നമ്മുടെ ജീവിതങ്ങളിലും രോഗം, ഭയം, സാമ്പത്തിക പ്രതിസന്ധികൾ, തകർന്ന ബന്ധങ്ങൾ എന്നിവയാൽ ഇരുൾ പടരാം. എന്നാൽ, ക്രിസ്മസ് നമുക്ക് നൽകുന്ന സന്ദേശം ഇതാണ്: അന്ധകാരം എത്ര കനത്തതായാലും, അതിനെയെല്ലാം മായ്ക്കാൻ ശേഷിയുള്ള ദൈവീക പ്രകാശം നിങ്ങളിലേക്ക് കടന്നുവരിക തന്നെ ചെയ്യും. ആ വലിയ പ്രത്യാശയുടെ വെളിച്ചം നമ്മുടെ ഹൃദയങ്ങളിൽ ജ്വലിക്കട്ടെ."

വിനയത്തിന്‍റെ രാജാവ്

ലോകം കാത്തിരുന്നത് സർവശക്തനായ ഒരു രാജാവിനെയായിരുന്നു. എന്നാൽ, ദൈവം ലോകത്തിന് നൽകിയത് ഒരു കുഞ്ഞിനെയാണ്. സാക്ഷാൽ ദൈവപുത്രനായിരുന്നിട്ടും ഒരു ദാസന്റെ വേഷമണിഞ്ഞാണ് അവൻ ഭൂമിയിലേക്ക് വന്നത്. വിനയമാണ് മഹത്വത്തിലേക്കുള്ള യഥാർഥ വഴിയെന്ന് ആ ജനനം നമ്മെ പഠിപ്പിക്കുന്നു. അധികാരത്തിനും സ്ഥാനമാനങ്ങൾക്കും മത്സരങ്ങൾക്കും പിന്നാലെ പായുന്ന ഇന്നത്തെ ലോകത്ത് സ്വയം വിനയപ്പെടുന്നവൻ ഉയർത്തപ്പെടും എന്ന ദൈവ വചനം ഏറെ പ്രസക്തമാണ്.

ഈ നിമിഷം നാം ഓരോരുത്തരും ആത്മപരിശോധന നടത്തേണ്ടതുണ്ട്. മറ്റുള്ളവർക്കായി സ്വയം വിനയപ്പെടാൻ നമുക്ക് സാധിക്കുന്നുണ്ടോ? സ്വാർഥത വെടിഞ്ഞ് മറ്റുള്ളവരെ സേവിക്കാനുള്ള മനോഭാവം നമുക്കുണ്ടോ? ബന്ധങ്ങളിൽ വിട്ടുവീഴ്ച ചെയ്യാനും സ്നേഹത്തോടെ താഴേക്കിറങ്ങിച്ചെല്ലാനും നാം തയാറാണോ?

സ്നേഹത്തിന്‍റെ പ്രതീകം

ദൈവം സ്നേഹമാണ്; ആ സ്നേഹത്തിന്റെ ഏറ്റവും വലിയ അടയാളമാണ് തന്റെ ഏകജാതനായ പുത്രനെ നമുക്കായി നൽകിയത്. ഇത് കേവലമൊരു സ്നേഹമല്ല, മറിച്ച് മാനുഷികമായ അതിർവരമ്പുകൾക്കും യുക്തികൾക്കും അപ്പുറമുള്ള നിരുപാധികമായ സ്നേഹമാണ്. നാം പാപികളായിരിക്കുമ്പോഴും ആ സ്നേഹത്തിന് അർഹരല്ലാതിരുന്നിട്ടും ദൈവം നമ്മെ തേടിയെത്തി. നമ്മെ വേദനിപ്പിച്ചവരോട് ക്ഷമിക്കാൻ നമുക്ക് കഴിയുന്നുണ്ടോ, കരുണ കാണിക്കാൻ നമ്മുടെ മനസ്സുകൾ തയാറാണോ, നമ്മുടെ കുടുംബത്തിലും ചുറ്റുപാടുകളിലും ദൈവസ്നേഹത്തിന്റെ പ്രകാശം പ്രതിഫലിപ്പിക്കാൻ നമുക്ക് സാധിക്കുന്നുണ്ടോ? എന്ന് നമ്മൾ സ്വയം ചിന്തിക്കണം.

യഥാർഥത്തിൽ, ക്രിസ്മസ് എന്നത് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളിലോ വർണാഭമായ അലങ്കാരങ്ങളിലോ കൈമാറുന്ന സമ്മാനങ്ങളിലോ ഒതുങ്ങുന്ന ഒന്നല്ല. മറിച്ച്, ക്രിസ്തു കാണിച്ചുതന്ന ആ വലിയ സ്നേഹത്തെ സ്വന്തം ജീവിതത്തിലേക്ക് പകർത്തുന്നതാണ് യഥാർഥ ആഘോഷം.

സമാധാനത്തിന്‍റെ സന്ദേശം

“അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം, ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം” എന്നാണ് ജനന വാർത്ത കേട്ടപ്പോൾ ദൂതന്മാർ പാടി‍യത്. രാജ്യങ്ങൾ തമ്മിൽ, കുടുംബങ്ങൾ എന്തിന് മനസ്സിൽ പോലും ഇന്ന് ലോകം സമാധാനം അന്വേഷിക്കുകയാണ്. ‘ഞാൻ നിങ്ങൾക്കു തരുന്ന സമാധാനം ലോകം തരുന്നത് പോലെയല്ല’ എന്നാണ് ക്രിസ്തുവിന്‍റെ വചനം. ഈ ക്രിസ്മസിൽ നമുക്ക് മനസ്സിലെ അസ്വസ്ഥതകൾ ദൈവത്തിന് സമർപ്പിക്കാം. തകർന്ന ബന്ധങ്ങൾ പുനഃസ്ഥാപിക്കാം. വൈരാഗ്യം വിട്ട് സമാധാനത്തിന്‍റെ വഴി തിരഞ്ഞെടുക്കാം.

പ്രതീക്ഷയുടെ ജനനം

പലർക്കും ക്രിസ്മസ് സന്തോഷത്തിന്‍റെ കാലമാണ്. ചിലർക്ക് വേദനയുടെയും നഷ്ടങ്ങളുടെയും കാലമാണ്. തൊഴുത്തിൽ ജനിച്ച കുഞ്ഞ് കുരിശിലേക്കും അവിടെ നിന്ന് ഉയിർപ്പിലേക്കും പോയത് പ്രതീക്ഷയുടെ ഉറപ്പ് നമുക്ക് നൽകാനാണ്. ക്രിസ്മസ് കഴിഞ്ഞാൽ വീണ്ടും നമ്മൾ സാധാരണ ജീവിതത്തിലേക്ക് കടക്കും. എന്നാൽ, ക്രിസ്മസിന്‍റെ സന്ദേശം ജീവിതത്തിലേക്ക് കൊണ്ടുവരണം.

അതായത് സ്നേഹം പ്രവൃത്തിയായി മാറ്റുക. വിനയം ജീവിത ശൈലിയാക്കുക. സമാധാനം വിതക്കുക പ്രതീക്ഷ കൈവിടാതിരിക്കുക. നമ്മുടെ ഹൃദയത്തിൽ, കുടുംബത്തിൽ, സമൂഹത്തിൽ. ഇന്ന് ദാവീദിന്‍റെ പട്ടണത്തിൽ നിങ്ങൾക്ക് ഒരു രക്ഷകൻ പിറന്നിരിക്കുന്നു. ആ രക്ഷകൻ നൽകുന്ന സ്നേഹവും സമാധാനവും പ്രതീക്ഷയും നമ്മുടെ ജീവിതത്തിൽ നിറയട്ടെ എല്ലാവർക്കും അനുഗൃഹീതമായ ക്രിസ്മസ് ആശംസകൾ.

Tags:    
News Summary - christmas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.