മനാമ: ബഹ്റൈന്റെ സാമ്പത്തിക, സാമൂഹിക, സുരക്ഷാ മേഖലകളിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന രണ്ട് സുപ്രധാന പാലങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് അധികൃതർ. സൗദി അറേബ്യയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേക്ക് സമാനമായി രണ്ടാമത്തെ കരമാർഗ്ഗമായ 'കിങ് ഹമദ് കോസ്വേ', ബഹ്റൈനെയും ഖത്തറിനെയും ബന്ധിപ്പിക്കുന്ന 'സൗഹൃദ പാലം' എന്നിവയാണ് ജി.സി.സി രാജ്യങ്ങളുടെ വികസന ഭൂപടത്തിൽ പുതിയ അധ്യായം കുറിക്കുന്നത്.
ചരിത്രപരമായി പാലങ്ങൾ നഗരങ്ങളുടെയും രാജ്യങ്ങളുടെയും വളർച്ചയിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. റോമാക്കാർ നിർമ്മിച്ച ലണ്ടൻ പാലം ഒരു കോട്ടയെ എപ്രകാരം ഒരു ആഗോള വ്യാപാര കേന്ദ്രമാക്കി മാറ്റിയോ, അതുപോലെ പുതിയ പാലങ്ങൾ ബഹ്റൈനെ പ്രധാന ലോജിസ്റ്റിക് ഹബ്ബാക്കി മാറ്റും. നിലവിലുള്ള കിങ് ഫഹദ് കോസ്വേയിലെ തിരക്ക് കുറയ്ക്കാനും വ്യാപാരം സുഗമമാക്കാനും പുതിയ പാലമായ 'കിങ് ഹമദ് കോസ്വേ' സഹായിക്കും. 25 കിലോമീറ്റർ നീളമുള്ള ഈ പാലത്തിൽ നാല് വരി പാതക്ക് പുറമെ ജി.സി.സി റെയിൽവേ ശൃംഖലയുടെ ഭാഗമായുള്ള ട്രെയിൻ പാതയും ഉൾപ്പെടുന്നു.
40 കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന ഖത്തർ - ബഹ്റൈൻ പാലം യാഥാർഥ്യമാകുന്നതോടെ ഖത്തറിനും ബഹ്റൈനും ഇടയിലുള്ള യാത്രാസമയം അഞ്ച് മണിക്കൂറിൽ നിന്ന് വെറും 30 മിനിറ്റായി കുറയും. കൂടാതെ വിമാന മാർഗ്ഗത്തേക്കാൾ കുറഞ്ഞ ചിലവിൽ ചരക്ക് നീക്കം സാധ്യമാകും. പ്രതിദിനം 50,000 ടൺ ചരക്ക് നീക്കം ട്രക്കുകൾ വഴി നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോസ്വേ വഴി വർഷം തോറും ഒരു കോടിയിലധികം സന്ദർശകരാണ് ബഹ്റൈനിൽ എത്തുന്നത്. പുതിയ പാലങ്ങൾ ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യ മേഖലകൾക്ക് കരുത്തേകും. ജി.സി.സി റെയിൽവേ ശൃംഖലയുമായി ബഹ്റൈൻ ബന്ധിക്കപ്പെടുന്നതോടെ ചരക്ക് -യാത്രാ ഗതാഗതത്തിൽ വലിയ വിപ്ലവം സംഭവിക്കും. ഗൾഫ് വിപണിയിലേക്കുള്ള കവാടമെന്ന നിലയിൽ കൂടുതൽ അന്താരാഷ്ട്ര കമ്പനികളെയും നിക്ഷേപത്തെയും ആകർഷിക്കാൻ ഇത് സഹായിക്കും. ഭൂമിശാസ്ത്രപരമായ അതിരുകളെ വികസനത്തിനുള്ള അവസരങ്ങളാക്കി മാറ്റാനുള്ള ഗൾഫ് രാജ്യങ്ങളുടെ വലിയ ലക്ഷ്യമാണ് ഈ പദ്ധതികളിലൂടെ പൂർത്തിയാകുന്നത്. കേവലം യാത്രാ സൗകര്യം എന്നതിലുപരി, വരും തലമുറകൾക്ക് കൂടി ഗുണകരമാകുന്ന സുസ്ഥിരമായ ഒരു സാമ്പത്തിക വ്യവസ്ഥയ്ക്കാണ് പാലങ്ങൾ അടിത്തറയിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.