യു.എ.ഇയിൽ 405 വ്യാജ സ്വദേശിവൽകരണ കേസുകൾ കണ്ടെത്തി; കർശന നടപടിയെന്ന്​ അധികൃതർ

ദുബൈ: ഈ വർഷം ആദ്യ ആറുമാസത്തെ കാലയളവിൽ 405 വ്യാജ സ്വദേശിവൽകരണ നിയമനങ്ങൾ കണ്ടെത്തിയതായി മാനവവിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. നിയമം പാലിക്കാതെ വ്യാജ സ്വദേശിവൽകരണം നടപ്പിലാക്കിയ സ്വകാര്യ കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ച്​ വരികയാണെന്നും അധികൃതർ വ്യക്​തമാക്കി. കമ്പനികളുടെ പേര്​ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം നിയമലംഘനത്തിന്‍റെ തോതനുസരിച്ച്​ പിഴ മുതൽ ഉപരോധം വരെയുള്ള നടപടികൾ ഇവർക്കെതിരെ സ്വീകരിക്കുമെന്ന്​ വ്യക്​തമാക്കിയിട്ടുണ്ട്​.

വ്യാജ എമിറേറ്റൈസേഷൻ എന്നത് സാധാരണയായി സ്ഥാപനങ്ങൾ നിയമനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനായി ജീവനക്കാരെ തെറ്റായി തരംതിരിക്കുന്നതോ, അല്ലെങ്കിൽ ജോലിയില്ലാതെ ഇമാറാത്തികളെ ശമ്പളപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതോ ആയ സാഹചര്യങ്ങളെയാണ് സൂചിപ്പിക്കുന്നത്. സ്വകാര്യ മേഖലയിൽ സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ ഈ രീതി ദുർബലപ്പെടുത്തുന്നതിനാലാണ്​ വ്യാജ നിയമങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുന്നത്​. സ്വദേശിവൽകരണ നിയമവുമായി ബന്ധപ്പെട്ട സംശയാസ്പദമായ കേസുകൾ മന്ത്രാലയ ഹോട്ട്‌ലൈൻ നമ്പറായ 600590000 വഴിയോ, സ്മാർട്ട് ആപ്പ് വഴിയോ, ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെപട്ടിട്ടുണ്ട്​.

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 1.52 ലക്ഷം കടന്നതായി കഴിഞ്ഞ മാസം മാനവവിഭവ ശേഷി, എമിററ്റൈസേഷൻ മന്ത്രാലയം വ്യക്​തമാക്കിയിരുന്നു. കഴിഞ്ഞ വർഷം മേയിൽ ഒരു ലക്ഷമായിരുന്നതാണ്​ അതിവേഗത്തിൽ വർധിച്ചത്​. രാജ്യത്തെ 29,000 കമ്പനികളിലായാണ് സ്വദേശികൾ ജോലി ചെയ്തുവരുന്നത്​. ജൂൺ 30വരെയുള്ള കണക്കാണ്​ മന്ത്രാലയം പുറത്തുവിട്ടത്​. രാജ്യത്തെ പ്രധാന സാമ്പത്തിക മേഖലകളായ ബിസിനസ്​ സേവനങ്ങൾ, സാമ്പത്തിക ഇടനില പ്രവർത്തനം, വ്യാപാരം, റിപ്പയർ സേവനങ്ങൾ, നിർമാണം, ഉൽപാദനം എന്നീ മേഖലകളിലെല്ലാം സ്വദേശികളുടെ സാന്നിധ്യമുണ്ട്​. നൈപുണ്യം ആവശ്യമുള്ള മേഖലകളിൽ 2026ഓടെ 10ശതമാനം സ്വദേശിവൽകരണം പൂർത്തിയാക്കാനുള്ള ലക്ഷ്യവുമായി ‘നാഫിസ്​’ പദ്ധതി 2021ലാണ്​ രാജ്യത്ത്​ ആരംഭിച്ചത്​​. ഇതിന്‍റെ ഭാഗമായി ഓരോ വർഷവും രണ്ട്​ ശതമാനം വീതമാണ്​ നിയമനം നടത്തേണ്ടത്​. 2023ലെ കാബിനറ്റ് തീരുമാനമനുസരിച്ച്​ നിയമിക്കാത്ത ഓരോ സ്വദേശിക്കും പ്രതിമാസം 7,000 ദിർഹം നിരക്കിൽ ആറുമാസത്തേക്ക്​ 42,000 ദിർഹം പിഴ ചുമത്തും.

Tags:    
News Summary - 405 fake naturalization cases detected in UAE; Authorities say strict action will be taken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.