അബൂദബി: യു.എ.ഇയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ബലി പെരുന്നാളിന് മാനവവിഭവശേഷി-സ്വദേശിവൽകരണ മന്ത്രാലയം നാല് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു. മെയ് 26 ചൊവ്വാഴ്ച മുതൽ 29 വെള്ളിയാഴ്ച വരെയാണ് അവധി. ജൂൺ ഒന്നുമുതൽ സാധാരണ പ്രവൃത്തി സമയം പുനരാരംഭിക്കും. യു.എ.ഇയിലെ പൊതുമേഖലാ ജീവനക്കാർക്ക് അറഫാ ദിനവും ബലി പെരുന്നാളും പ്രമാണിച്ച് അഞ്ചു ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പൊതുമേഖലയിലെ ഈദ് അവധി മെയ് 25 മുതൽ 29 വരെയാണ്. ഫെഡറൽ സർക്കാർ മേഖലകളിലെ ജോലി ജൂൺ ഒന്നിന് പുനരാരംഭിക്കും. യു.എ.ഇയിലെ വിദ്യാർഥികൾക്കും ജീവനക്കാർക്കും ഒമ്പത് ദിവസം വരെ നീളുന്ന ബലി പെരുന്നാൾ അവധി ലഭിക്കും. വിദ്യാലയങ്ങളിൽ ജൂൺ ഒന്നിന് ക്ലാസുകൾ പുനരാരംഭിക്കും. രാജ്യത്ത് മെയ് 27 ബുധനാഴ്ചയാണ് ബലി പെരുന്നാൾ. അറഫാ ദിനം മെയ് 26 ചൊവ്വാഴ്ചയായിരിക്കും. രാജ്യത്തുടനീളമുള്ള മാസപ്പിറവി നിരീക്ഷണ സമിതികൾ, വിദഗ്ധർ, അസ്ട്രോണമി കേന്ദ്രങ്ങൾ എന്നിവയിൽ നിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, യു.എ.ഇയിൽ ഞായറാഴ്ച വൈകുന്നേരം ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായതായി സ്ഥിരീകരിച്ചിരുന്നു. ഇതനുസരിച്ച്, മെയ് 18ന് ദുൽഹിജ്ജ മാസത്തിന് തുടക്കമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.