48 മണിക്കൂറിനിടെ ആറു ഡ്രോണുകൾ; പ്രതിരോധിച്ച്​ യു.എ.ഇ

ദുബൈ: കഴിഞ്ഞ 48 മണിക്കൂറിനിടെ, രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ ആറു ഡ്രോണുകളെ വിജയകരമായി പ്രതിരോധിച്ചതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം. സിവിലിയൻ മേഖലകളെയും മറ്റു പ്രധാന മേഖലകളെയും ലക്ഷ്യമിട്ടെത്തിയ ഡ്രോണുകളെ കൃത്യമായി നിരീക്ഷിച്ച്​ ഏറ്റവും ഉയർന്ന സജ്ജീകരണത്തോടും കാര്യക്ഷമതയോടും കൂടി തടയാനും നിർവീര്യമാക്കാനും വ്യോമപ്രതിരോധ സേനക്ക്​ കഴിഞ്ഞു. സംഭവത്തിൽ ആളപായമോ സുപ്രധാന സൗകര്യങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള നാശനഷ്ടങ്ങളോ ഒന്നും ഉണ്ടായിട്ടില്ല.

ഞായറാഴ്ച അബൂദബിയിലെ അൽ ദഫ്​റ മേഖലയിലുള്ള അൽ ബറക്ക ആണവോർജ നിലയത്തിന് നേരെ ഡ്രോൺ ആക്രമണം നടന്നിരുന്നു. അന്ന് നിലയത്തെ ലക്ഷ്യമിട്ടെത്തിയ മൂന്ന് ഡ്രോണുകളിൽ രണ്ടെണ്ണം വിജയകരമായി പ്രതിരോധിച്ചു. മൂന്നാമത്തേത് നിലയത്തിന്‍റെ സമീപമുള്ള ഒരു ഇലക്ട്രിക്കൽ ജനറേറ്ററിൽ പതിക്കുകയും തീപ്പിടിക്കുകയും ചെയ്തിരുന്നു. ഈ ഡ്രോണുകൾ എത്തിയത്​​ ഇറാഖ് അതിർത്തിക്കുള്ളിൽനിന്നാണെന്ന്​ ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ ഭാഗമായുള്ള സാങ്കേതിക ട്രാക്കിങ്ങിന്‍റെയും നിരീക്ഷണങ്ങളുടെയും ഫലങ്ങൾ സ്ഥിരീകരിക്കുന്നതായും മന്ത്രാലയം സമൂഹ മാധ്യമമായ ‘എക്സി’ൽ പോസ്റ്റ്​ ചെയ്ത കുറിപ്പിൽ അറിയിച്ചു.

അന്താരാഷ്ട്ര നിയമങ്ങൾക്കും ഉടമ്പടികൾക്കും അനുസൃതമായി, രാജ്യത്തിന്‍റെ പരമാധികാരവും ദേശീയ സുരക്ഷയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള പൂർണ അവകാശം യുനൈറ്റഡ് അറബ് എമിറേറ്റ്സിൽ നിക്ഷിപ്തമാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്‍റെ സുരക്ഷയെയും പരമാധികാര​ത്തെയും ലക്ഷ്യമിട്ടുള്ള ഏത് ഭീഷണികളെയും നേരിടാൻ സായുധ സേന പൂർണ സജ്ജമാണെന്നും പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേർത്തു.

Tags:    
News Summary - Six drones in 48 hours; UAE defends

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.