ദുബൈ: നിയമപരമായ ചട്ടങ്ങൾക്ക് വിധേയമല്ലാതെ ഒരു കാരണവശാലും തൊഴിലുടമകൾ തൊഴിലാളികളുടെ പാസ്‌പോർട്ടുകൾ കൈവശം വെക്കാനോ പിടിച്ചുവെക്കാനോ പാടില്ലെന്ന് ദുബൈയിലെ താമസ കുടിയേറ്റ വകുപ്പ് (ജി.ഡി.ആർ.എഫ്.എ). നിയമവിരുദ്ധമായി തൊഴിലാളികുടെ യാത്രാരേഖകൾ പിടിച്ചുവെക്കുന്നത് ശിക്ഷാർഹമായ കുറ്റമാണെന്നും അധികൃതർ ഓർമിപ്പിച്ചു.
‘സ്റ്റേ ലീഗൽ’ എന്ന പേരിൽ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ട ബോധവത്കരണ കാമ്പയിനിന്‍റെ ഭാഗമായാണ് കർശന നിർദേശം. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമായിരിക്കണം പാസ്‌പോർട്ടുകൾ കൈകാര്യം ചെയ്യേണ്ടത്. തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ ഒരുപോലെ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനാണ് യു.എ.ഇയിലെ നിയമം അനുശാസിക്കുന്നത്.
രാജ്യത്തെ തൊഴിൽ അന്തരീക്ഷം കൂടുതൽ സുതാര്യമാക്കാനും വിദേശ തൊഴിലാളികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കാനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം നിയമ ബോധവൽക്കരണ സന്ദേശങ്ങൾ നിരന്തരമായി പങ്കുവെക്കുന്നതെന്ന് ജി.ഡി.ആർ.എഫ്.എ അറിയിച്ചു. നിയമങ്ങൾ കൃത്യമായി പാലിച്ച് എല്ലാവരും സഹകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.