ദുബൈ: കഴിഞ്ഞ മൂന്നു മാസത്തിനിടെ ദുബൈ കസ്റ്റംസ് പിടികൂടിയത് 35 ടൺ അനധികൃത ഉൽപന്നങ്ങൾ. എയർ കാർഗോ വഴി അനധികൃതമായി കടത്താൻ ശ്രമിച്ച ഉൽപന്നങ്ങളാണ് പിടികൂടിയത്. ദുബൈയിലെ മുഴുവൻ എയർകാർഗോ സെന്ററുകളിൽ നടത്തിയ പരിശോധനയിലാണ് കോടികൾ വിലമതിക്കുന്ന അനധികൃത വസ്തുക്കൾ കണ്ടെത്തിയതെന്ന് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. 1.2 കോടി സിഗരറ്റുകൾ, 67 ലക്ഷം വ്യാജ സിഗരറ്റുകൾ, 37,110 ടൺ സൗന്ദര്യവർധക വസ്തുക്കൾ, അംഗീകാരമില്ലാത്ത 3,632 ഇലക്ട്രോണിക് ഘടകങ്ങൾ, ആഗോള ബ്രാൻഡുകളുടെ 10,520 വ്യാജ പതിപ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടും. രാജ്യത്തെ അതിർത്തികൾ സംരക്ഷിക്കുന്നതിനും കള്ളക്കടത്തും വാണിജ്യ തട്ടിപ്പുകളും തടയുന്നതിനും സമ്പദ് വ്യവസ്ഥയും പൊതുജനാരോഗ്യവും സംരക്ഷിക്കുന്നതിനുമായി ദുബൈ കസ്റ്റംസ് തുടരുന്ന നടപടികൾക്ക് ഈ നീക്കം ശക്തി പകരുമെന്നും അധികൃതർ വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ അക്ഷീണ പരിശ്രമവും അവരുടെ ജോലിയെ പിന്തുണക്കുന്ന നൂതനമായ സംവിധാനങ്ങളും കൊണ്ടാണ് മികച്ച രീതിയിൽ കള്ളക്കടത്ത് തടയാൻ കഴിഞ്ഞതെന്ന് ദുബൈ കസ്റ്റംസ് ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല ബുസന്ദ് പറഞ്ഞു. സംശയകരമായ ഷിപ്പ്മെന്റുകൾ കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനും പരിശോധിക്കുന്നതിനുമായി നൂതനമായ സംവിധാനങ്ങളും സാങ്കേതികവിദ്യകളുമാണ് ഉപയോഗിക്കുന്നത്. കൂടാതെ പരിശോധനക്ക് വിദഗ്ധരായ ടീമിന്റെയും ഇന്റലിജൻസ് സംവിധാനങ്ങളുടെയും സഹായവും പിന്തുണയുമേകുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. സുരക്ഷിതമായ കസ്റ്റംസ് നീക്കങ്ങളിൽ ആഗോള തലത്തിൽ മുൻനിരയിലെത്തുകയെന്നതാണ് ലക്ഷ്യം. അതോടൊപ്പം ദേശീയ സുരക്ഷ വർധിപ്പിക്കുക, നിയമാനുസൃതമായ വ്യാപാരത്തിനായി മേഖലയുടെ പങ്ക് ശക്തിപ്പെടുത്തുക, ദേശീയ സുരക്ഷ വർധിപ്പിക്കുക, ഉടമകളുടെ ട്രേഡ്മാർക്ക് സംരക്ഷിക്കുക, ദുബൈയുടെ കാഴ്ചപ്പാടുകളെയും ഇക്കണോമിക് അജണ്ടകളെയും പിന്തുണക്കുക തുടങ്ങിയ ലക്ഷ്യങ്ങളും തങ്ങൾ മുന്നോട്ടുവെക്കുന്നതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.