ഗുണനിലവാര പരിശോധനയിൽ റാക്​ സ്വകാര്യ സ്കൂളുകള്‍ക്ക്​ നേട്ടം

റാസല്‍ഖൈമ: 2026ലെ ആദ്യഘട്ട ഗുണനിലവാര വിലയിരുത്തലില്‍ റാസല്‍ഖൈമയിലെ സ്വകാര്യ സ്കൂളുകള്‍ മികച്ച പുരോഗതി കൈവരിച്ചതായി റാക് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് നോളജ് (റാക് ഡി.ഒ.കെ). ഒരു സ്കൂള്‍ ‘ഔട്ട്സ്റ്റാന്‍റിങ്’​ പദവി നേടുകയും രണ്ട് സ്കൂളുകള്‍ ‘വെരി ഗുഡ്’ നിലവാരത്തിലേക്ക് ഉയരുകയും ചെയ്തു. അഞ്ച് സ്കൂളുകള്‍ ‘അക്സപ്പ്റ്റബിള്‍’ നിലയില്‍ നിന്ന് ‘ഗുഡ്’ നിലവാരം കൈവരിക്കുകയും ചെയ്തു. റാക് അക്കാദമി അല്‍ ഹംറ കാമ്പസാണ് ‘ഔട്ട്സ്റ്റാന്‍റിങ്​’ പദവി നേടിയത്. ഇത് എമിറേറ്റിലെ വിദ്യാഭ്യാസ മേഖലയുടെ വലിയ നേട്ടമായാണ് വിലയിരുത്തുന്നത്​. വര്‍ഷങ്ങളുടെ സമര്‍പ്പണം, നവീകരണം എന്നിവയുടെ ഫലമാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ദി ഇന്‍റര്‍നാഷണല്‍ സ്കൂള്‍ ഓഫ് ചോയ്ഫാത്ത്, ജെംസ് വെസ്റ്റ്മിന്‍സ്റ്റര്‍ സ്കൂള്‍ എന്നിവയാണ് ‘ഗുഡി’ല്‍ നിന്ന് ‘വെരി ഗുഡ്’ നിലവാരത്തിലത്തെിയത്. ശൈഖ് സഊദ് ബിന്‍ സഖര്‍ ചാരിറ്റബിള്‍ ബ്രാഞ്ച് 2, 3, 4, ഇന്ത്യന്‍ പബ്ലിക് ഹൈസ്കൂള്‍, സെന്‍റ് മേരീസ് പ്രൈവറ്റ് ഹൈസ്കൂള്‍ എന്നിവ ‘അക്സപ്റ്റബിളി’ല്‍ നിന്ന് ‘ഗുഡ്’ പദവി കൈവരിക്കുകയും ചെയ്തു. വിലയിരുത്തലില്‍ ഭൂരിഭാഗം സ്കൂളുകളും റേറ്റിങ്​ മെച്ചപ്പെടുത്തിയതോടെ റാസല്‍ഖൈമ വിദ്യാഭ്യാസ മേഖല സ്ഥിരതയുള്ള വളര്‍ച്ചയിലാണെന്ന് വ്യക്തമാക്കുന്നതാണെന്ന് അധികൃതര്‍ പറഞ്ഞു. ശക്തമായ നേതൃത്വവും മികച്ച പാഠ്യപദ്ധതിയും പുരോഗതിക്കായുള്ള തുടര്‍ച്ചയായ ശ്രമങ്ങളും വിദ്യാര്‍ഥികളുടെ നേട്ടങ്ങളില്‍ പ്രതിഫലിക്കുന്നുണ്ടെന്ന് റാക് ഡി.ഒ.കെ ബോര്‍ഡ് അംഗം ഡോ. അബ്ദുല്‍റഹ്മാന്‍ അല്‍ ശായിബ് അല്‍ നഖ്ബി പറഞ്ഞു.

ഉയര്‍ന്ന റേറ്റിങുകള്‍ നേടുന്നതിനൊപ്പം എല്ലാ ക്ലാസ് റൂമുകളിലും തുടര്‍ച്ചയായ പുരോഗതിയുടെ സംസ്കാരം സൃഷ്ടിക്കുകയാണ് റാക് ഡി.ഒ.കെയുടെ ലക്ഷ്യമെന്നും അബ്ദുറഹ്മാന്‍ തുടര്‍ന്നു. എമിറേറ്റിലെ പത്ത് സ്വകാര്യ സ്കൂളുകളുടെ ഗുണനിലവാര സൂചിക മെച്ചപ്പെട്ടത് വലിയ നേട്ടമാണെന്ന് റാക് ഡി.ഒ.കെ എക്സി. ഡയറക്ടര്‍ ഡോ. സ്റ്റീവന്‍ റെയ്സിഗ് അഭിപ്രായപ്പെട്ടു. സ്കൂള്‍ മാനേജ്മെന്‍റുകളുടെയും അധ്യാപക-വിദ്യാര്‍ഥികളുടെയും സമര്‍പ്പണത്തിന്‍റെ ഫലമാണ് നേട്ടം. വിദ്യാഭ്യാസ നിലവാരം തുടര്‍ച്ചയായി ഉയര്‍ത്തുന്നതിനുള്ള വകുപ്പിന്‍റെ പ്രതിബദ്ധത ഇത് വ്യക്തമാക്കുന്നതായും സ്റ്റീവന്‍ വ്യക്തമാക്കി.

റാക് ഡി.ഒ.കെ അനുമതിയില്‍ 34 സ്വകാര്യ സ്കൂളുകളിലായി 35,000ലേറെ വിദ്യാര്‍ഥികളാണ് അധ്യയനം നടത്തുന്നത്. സ്കൂളുകളുടെ ഗുണനിലവാര പരിശോധന അന്താരാഷ്ട്ര സ്ഥാപനമായ ഇഷൊ ഗ്ലോബലിന് സര്‍ക്കാർ ഔട്ട്സോഴ്സ് ചെയ്തിരുന്നു. യു.കെ, യു.എസ്, ഐ.ബി, സാബിസ്, യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയ പാഠ്യ പദ്ധതികള്‍ പിന്തുടരുന്ന 23 സ്വകാര്യ സ്കൂളുകളുടെ രണ്ടാം ഘട്ടം വിലയിരുത്തല്‍ പൂര്‍ത്തിയായി. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് പാഠ്യപദ്ധതികള്‍ പിന്തുടരുന്ന സ്കൂളുകളുടെ വിലയിരുത്തല്‍ സെപ്റ്റംബര്‍ - നവംബര്‍ മാസങ്ങളില്‍ നടക്കും.

Tags:    
News Summary - Rak private schools gain in quality inspection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.