അബൂദബി സംയോജിത ഗതാഗതകേന്ദ്രമാണ് പദ്ധതി പ്രഖ്യാപിച്ചത്
അബൂദബി: ഗതാഗതസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതുൾപ്പെടെ അടിസ്ഥാനസൗകര്യ വികസനത്തിന് 300 കോടി ദിര്‍ഹമിന്റെ പദ്ധതികള്‍ അബൂദബി സംയോജിത ഗതാഗതകേന്ദ്രം പ്രഖ്യാപിച്ചു.
അബൂദബിയെയും ഐലൻഡിനെയും മധ്യദ്വീപുകളിലൂടെ ബന്ധിപ്പിക്കുന്ന നാലോ അഞ്ചോ ലൈനുകള്‍ ഉള്‍ക്കൊള്ളുന്ന 25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മിഡ് ഐലന്‍ഡ് പാര്‍ക് വേയാണ് പദ്ധതികളിൽ സുപ്രധാനം. അല്‍ സമ്മലിയ്യ, ഉമ്മു യിഫീന, അല്‍ സഅദിയാത്ത്, അല്‍ റീം ദ്വീപുകള്‍ അടക്കമുള്ളവയിലേക്കുള്ള പ്രവേശനവും പുറത്തുകടക്കലും ഈ റോഡിലൂടെ സാധ്യമാവും.
ഓരോ ദിശയിലേക്കും മണിക്കൂറില്‍ 8000 മുതല്‍ 10,000 വരെ വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ ഈ റോഡിന് ശേഷിയുണ്ട്. രണ്ടു ഘട്ടങ്ങളിലായാണ് പാതയുടെ നിര്‍മാണം. ആദ്യഘട്ടത്തില്‍ അല്‍ സഅദിയാത്ത് ദീപിനെയും ഉമ്മു യിഫീന തെരുവിനെയും ശൈഖ് സായിദ് തെരുവുമായും അല്‍ റീം ദ്വീപുമായും ബന്ധിപ്പിക്കും. രണ്ടാം ഘട്ടത്തില്‍ ഉമ്മു യിഫീന ദ്വീപിനെ അല്‍ റാഹ ബീച്ചുമായും ഇ10 റോഡുമായും അല്‍ ഖലീജ് അല്‍ അറബ് തെരുവ് ഇ20, മദീനത്ത് സായിദ് എന്നിവയുമായും ബന്ധിപ്പിക്കും.
അബൂദബി ദ്വീപുകളിലുടനീളം സേവനവും പരസ്പരം ബന്ധിപ്പിക്കലുകളും സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഗതാഗതത്തിരക്ക് കുറക്കുക, പ്രധാന പാതകളിലെ വാഹനബാഹുല്യം കുറക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യമാണ്. മുസഫ റോഡ് ട്രാഫിക് മെച്ചപ്പെടുത്തല്‍ പദ്ധതി (ഇ30), അല്‍ ഖലീജ് അല്‍ അറബ് തെരുവ് മെച്ചപ്പെടുത്തല്‍ (ഇ20), അബൂദബി അല്‍ ഐന്‍ റോഡിലും (ഇ22) മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലെ 79ാത് തെരുവിലും പുതിയ പാലങ്ങള്‍ എന്നിവയും പുതിയ പദ്ധതികളിൽ ഉൾപ്പെടും.
പൗരന്മാരുടെയും നിവാസികളുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള അബൂദബിയുടെ ശ്രമങ്ങളുടെ ഭാഗമായി തന്ത്രപ്രധാന പദ്ധതികള്‍ നടപ്പാക്കിയും റോഡ് അടിസ്ഥാന സൗകര്യ സേവനങ്ങള്‍ മെച്ചപ്പെടുത്തിയും ഗതാഗതം സുഗമമാക്കുന്നതിനാണ് തങ്ങള്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നതെന്ന് സംയോജിത ഗതാഗതകേന്ദ്രത്തിലെ ആസൂത്രണ വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടര്‍ അബ്ദുല്‍ റഹ്മാന് അലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.