ലിവ ഈത്തപ്പഴ മേള: റെക്കോഡ് പങ്കാളിത്തം; 80 ലക്ഷം ദിർഹം മൂല്യമുള്ള സമ്മാനങ്ങൾ

അബൂദബി: 22-ാമത് ലിവ ഈത്തപ്പഴ ഫെസ്റ്റിവലിന് റെക്കോഡ് പങ്കാളിത്തത്തോടും വന്‍ ജനപ്രവാഹത്തോടും കൂടി ഉജ്ജ്വല സമാപനം. അല്‍ ദഫ്റ റീജ്യനിലെ ലിവ സിറ്റിയില്‍ അബൂദബി ഹെറിറ്റേജ് അതോറിറ്റി ജൂലൈ 14 മുതല്‍ 23 വരെ ഒരുക്കിയ മേളയില്‍ യു.എ.ഇയില്‍ നിന്നും മറ്റ് ജി.സി.സി രാജ്യങ്ങളില്‍ നിന്നുമായി 80,000ത്തോളം സന്ദര്‍ശകരാണ് എത്തിയത്. 23 വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ 465ലധികം സ്വദേശി കര്‍ഷകര്‍ പങ്കെടുത്തു. 80 ലക്ഷം ദിര്‍ഹത്തിലധികം മൂല്യമുള്ള 295 സമ്മാനങ്ങളാണ് വിജയികള്‍ക്ക് വിതരണം ചെയ്തത്. യു.എ.ഇയുടെ കൃഷിയിടങ്ങളില്‍ നിന്ന് ഈ വര്‍ഷം വിളവെടുത്ത എട്ട് ടണ്ണോളം പുതിയ ഈത്തപ്പഴങ്ങളും (റുതബ്) മറ്റ് പ്രാദേശിക പഴവര്‍ഗങ്ങളും കര്‍ഷകര്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു.

മേളയിലെ പ്രധാന ആകര്‍ഷണമായ ‘റുതബ് മസായന’ മത്സരത്തില്‍ ദബ്ബാസ്, ഖലാസ്, ഫര്‍ദ്, ഖനൈസി, ബുമആന്‍, ശിശി, സംലി തുടങ്ങിയ പ്രശസ്തമായ ഈത്തപ്പഴ ഇനങ്ങള്‍ മാറ്റുരച്ചു. ഏറ്റവും വലിയ ഈത്തപ്പഴക്കുല, ഖറായെഫ് അല്‍ ബൈത്ത് (വീട്ടുമുറ്റത്തെ വിളവെടുപ്പ്), ലിവ എലൈറ്റ് റുതബ്, അല്‍ ദഫ്റ എലൈറ്റ് റുതബ് തുടങ്ങിയ വിഭാഗങ്ങളിലും വാശിയേറിയ മത്സരങ്ങള്‍ നടന്നു. കൂടാതെ, ലോക്കല്‍ മിക്‌സഡ് നാരങ്ങ, മാങ്ങ, ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള അത്തിപ്പഴം, പ്രാദേശിക പഴക്കൂടകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയ ഏഴ് പഴവര്‍ഗ മത്സരങ്ങളും മികച്ച മാതൃകാ തോട്ടങ്ങള്‍, ബെസ്റ്റ് റുതബ് ബാസ്‌കറ്റ്, ഈന്തപ്പനത്തടിയിലെ സര്‍ഗാത്മക നിര്‍മിതികള്‍ എന്നിവ കണ്ടെത്താനുള്ള മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.

പ്രാദേശിക കര്‍ഷകരെയും വ്യവസായികളെയും പാരമ്പര്യ കരകൗശല വിദഗ്ധരെയും പിന്തുണക്കാന്‍ വിപുലമായ വിപണന സൗകര്യങ്ങളാണ് മേളയില്‍ ഒരുക്കിയത്. റുതബ് മാര്‍ക്കറ്റില്‍ 97 റീട്ടെയില്‍ ഔട്ട്‌ലെറ്റുകളും ഹെറിറ്റേജ് സൂഖില്‍ 68 സ്റ്റാളുകളും പ്രവര്‍ത്തിച്ചു. ഈന്തപ്പനയോ അനുബന്ധ വസ്തുക്കളോ ഉപയോഗിച്ച് നിര്‍മിച്ച ഉൽപന്നങ്ങള്‍ പ്രദര്‍ശിപ്പിച്ച 14 വിഭാഗങ്ങളടങ്ങിയ കൈത്തറി പവലിയനും കുട്ടികള്‍ക്കായുള്ള പ്രത്യേക വില്ലേജും വിനോദ പരിപാടികളും മേളയുടെ ഭാഗമായി ഉണ്ടായിരുന്നു. മേളയുടെ വാര്‍ഷിക സംഘാടനം യു.എ.ഇയുടെ കാര്‍ഷിക പാരമ്പര്യത്തെയും ഈന്തപ്പന കൃഷിയെയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്ന് അബൂദബി ഹെറിറ്റേജ് അതോറിറ്റി ഫെസ്റ്റിവല്‍സ് ആന്‍ഡ് ഇവന്റ്‌സ് സെക്ടര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉബൈദ് ഖല്‍ഫാന്‍ അല്‍ മസ്റൂയി പറഞ്ഞു.

അല്‍ ദഫ്റ റീജ്യനിലെ ഭരണാധികാരിയുടെ പ്രതിനിധി കാര്യാലയത്തിന്റെ പിന്തുണയോടെ മോഡോണ്‍ പ്രധാന സ്‌പോണ്‍സറായാണ് മേള സംഘടിപ്പിച്ചത്. ഖലീഫ ഫണ്ട്, അഡ്‌നോക്, എമിറേറ്റ്‌സ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പറേഷന്‍ (എനെക്), അല്‍ ഫോഅ, അബൂദബി മീഡിയ നെറ്റ് വര്‍ക്ക് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ സഹകരണവും മേളക്കുണ്ടായിരുന്നു.

Tags:    
News Summary - Liva Date Fair, Record Participation,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.